ശംഖുപുഷ്പം
സ്വന്തം സ്ഥാപനത്തിന്റെ യശസ്സ് മാത്രം ലക്ഷ്യമുള്ള ഒരു ഡോക്ടറുടെയും, അയാളുടെ സ്വാർത്ഥതയിൽ ബലിയാടാവുന്ന മറ്റൊരു ഡോക്ടറുടെയും കഥ
Actors & Characters
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബേബി സുമതി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 1 977 |
കഥ സംഗ്രഹം
ബേബി സംവിധാനം ചെയ്ത ആദ്യ ചിത്രം.
രാജേഷ് ഖന്ന, ധർമേന്ദ്ര, വഹീദാ റഹ്മാൻ എന്നിവരുടെ അഭിനയത്തിൽ "ഖാമോഷി" (1969) എന്ന പേരിൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രത്തിനെ ആധാരമാക്കി, കഥയിലും, കഥാപാത്രങ്ങളിലും അല്പം മാറ്റം വരുത്തി ഒരുക്കിയ ചിത്രമാണ് "ശംഖുപുഷ്പം". എന്നാൽ ടൈറ്റിൽ ക്രെഡിറ്റിൽ ഹിന്ദി ചിത്രത്തിന് കടപ്പാടൊന്നും രേഖപ്പെടുത്തിയിട്ടില്ല.
"ശംഖുപുഷ്പം" തമിഴിൽ "മലർകളെ മലരുങ്കൾ" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു. വിജയൻ (ശംഖുപുഷ്പത്തിന്റെ കഥാകൃത്ത്), സുധാകർ, രാധിക, വനിത, ജോസ്പ്രകാശ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. തമിഴ് ചിത്രവും ബേബി തന്നെയായിരുന്നു സംവിധാനം ചെയ്തത്.
ഒരു ഭ്രാന്താശുപത്രിയെ കേന്ദ്രീകരിച്ചാണ് കഥ മുഴുവൻ പറഞ്ഞിരിക്കുന്നത്. ഡോക്ടർ ജോസിന്റെ (ജോസ്പ്രകാശ്) സ്ഥാപനമാണ് "Dr.Jose’s Mental Clinic” എന്ന മാനസികരോഗ ചികിത്സാലയം. അവിടുത്തെ രണ്ടു പ്രധാന ഡോക്ടർമാരാണ് ഡോക്ടർ ദേവിയും (വിധുബാല), ഡോക്ടർ വേണുവും (സുകുമാരൻ). അവിടെ ചികിത്സയിൽ കഴിയുന്ന പ്രധാന രോഗികൾ ബീരാന്റെ (നെല്ലിക്കോട് ഭാസ്കരൻ) ബീവി ആമിന (കെ.പി.എ.സി.ലളിതാ), രാഷ്ട്രീയ നേതാവ് ബാലൻ (നിലമ്പൂർ ബാലൻ), പട്ടാള ഉദ്യോഗസ്ഥന്റെ മകൾ മിനി (ബേബി സുമതി), കഥകളി ആശാൻ (സുരാസു) എന്നിവരാണ്. വേണു അൽപ്പം പരുക്കൻ സ്വഭാവക്കാരനാണ്. ദേവി നേരെ മറിച്ചും - വളരെ സ്നേഹമയിയാണ്. രോഗികളോട് അവരുടെ സഹിഷ്ണുതയോടു കൂടിയ സമീപനവും, സ്നേഹത്തോടുകൂടിയുള്ള പരിചരണവും പല രോഗികളും ദ്രുതഗതിയിൽ സുഖം പ്രാപിക്കാൻ ഏറെ ഉപകരിക്കുന്നു. വേണുവും, ദേവിയും കൂടെക്കൂടെ കൊച്ചു കൊച്ചു കാര്യങ്ങൾക്കു വഴക്കിടാറുണ്ടെങ്കിലും, രണ്ടു പേരും നല്ല സുഹൃത്തുക്കളാണ്. വേണു നല്ലൊരു ചിത്രകാരൻ കൂടിയാണ്. വേണു തന്റെ ദുഃഖവും, ഏകാന്തതയും അകറ്റി നിർത്തുന്നത് രാത്രികാലങ്ങളിലുള്ള ചിത്രരചനയിലൂടെയാണ്.
വേണു മൗനമായി ദേവിയെ സ്നേഹിക്കുന്നു. എന്നാൽ ദേവി ഏറെക്കാലമായി ഗോപിയുമായി (എം.ജി.സോമൻ) പ്രേമത്തിലാണെന്ന കാര്യം വേണു അറിയുന്നില്ല. ഗോപി അറിയപ്പെടുന്ന ഒരു ഗായകനാണ്. ദേവിയുടെ അച്ഛൻ ദേവിയെ ഗോപിയ്ക്ക് വിവാഹം കഴിച്ചു കൊടുക്കാൻ താല്പര്യപ്പെടുന്നില്ല - അതിനു കാരണം, അയാൾ ദുർന്നടത്തക്കാരനാണെന്നുള്ള ദുഷ്പ്രചാരണമായിരുന്നു. എങ്കിലും, പിന്നീട് അദ്ദേഹം യാഥാർഥ്യം മനസ്സിലാക്കുകയും മാനസാന്തരപ്പെട്ട് ആ വിവാഹത്തിന് സമ്മതം മൂളുകയും ചെയ്യുന്നു. വിവാഹം ഉറപ്പിക്കാൻ വേണ്ടി അച്ഛൻ ദേവിയെ നാട്ടിലേക്ക് ക്ഷണിക്കുന്നത് കൊണ്ട് അവർ അവധിയെടുത്തു അങ്ങോട്ട് പോവുന്നു. ആ സമയത്തു ആശുപത്രിയിൽ ഒരു പുതിയ രോഗി എത്തിച്ചേരുന്നു - രാധ (സിന്ധു).
രാധയുടെ മാനസികനില തെറ്റാൻ കാരണം പ്രേമനൈരാശ്യമാണെന്നു അവളുടെ അമ്മയിൽ (പ്രേമ) നിന്നും ഡോക്ടർ ജോസ് മനസ്സിലാക്കുന്നു. അവളുടെ കാമുകൻ അവളെ തഴഞ്ഞ് മറ്റൊരുവളെ വിവാഹം ചെയ്യാൻ പോകുന്നു എന്നതാണ് കാരണം. ഗോപിയാണ് അവളുടെ കാമുകൻ എന്ന് അവളുടെ വീട്ടുകാർ പറയുന്നു. ഇത് കേൾക്കാൻ ഇടയായ ദേവി ആകെ തകർന്നു പോവുകയും .ഗോപിയെ വെറുക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ സത്യാവസ്ഥ അതല്ല, ഗോപിയുടെ കീഴിൽ സംഗീതം അഭ്യസിക്കുന്ന രാധ അയാളെ പ്രേമിക്കാൻ തുടങ്ങുന്നു. ഗോപിയാണെങ്കിൽ ഈ കാര്യം അറിയുന്നുമില്ല. അദ്ദേഹം അവളെ സ്വന്തം കുടുംബത്തിലെ ഒരു അംഗമായി മാത്രമേ കാണുന്നുള്ളൂ.
രാധയുടെ രോഗം മാറ്റിയെടുക്കാൻ ഗോപിയുടെ സാന്നിധ്യം ആവശ്യമാണെന്ന് ഡോക്ടർ ജോസ് പറയുന്നു. അയാളുടെ സമീപനവും, സ്നേഹം നിറഞ്ഞ വാക്കുകളും, സംഗീതവും കൊണ്ട് അവളെ ഗുണപ്പെടുത്താം എന്നാണു ഡോക്ടർ ജോസിന്റെ കണക്കുകൂട്ടൽ. അതിൻ പ്രകാരം ഗോപിയെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുന്നു. പ്രതീക്ഷിച്ച പോലെ അയാളുടെ സാമീപ്യം അവളിൽ മാറ്റങ്ങൾ വരുത്തുന്നു. ഗോപി ദേവിയോട് യഥാർത്ഥ കാര്യങ്ങൾ വിശദീകരിക്കാൻ വരുമ്പോഴൊക്കെ ദേവി ദേഷ്യത്തോടെ അവിടെ നിന്നും ഒഴിഞ്ഞു മാറുന്നു. പാട്ടിലൂടെ അവളുടെ രോഗം ദ്രുതഗതിയിൽ മാറ്റിയെടുക്കാൻ കഴിയും എന്നത് കൊണ്ട് ഒരു ദിവസം ഗോപിയെക്കൊണ്ട് അയാൾ രാധയെ മുൻപ് പഠിപ്പിച്ച ഒരു പാട്ടു പാടാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. ഗോപി ആ ഗാനം ആലപിക്കുന്നു. തെല്ലകലെ കിടക്കുന്ന രാധ പതുക്കെ എണീറ്റ് യാന്ത്രികമായി ഗോപിയുടെ അടുത്തേക്ക് നീങ്ങുന്നു. മനസ്സിന്റെ സമനില വീണ്ടെടുത്തപോലെ അവൾ അയാളെ തിരിച്ചറിയുകയും, അയാളുടെ അടുത്തെത്തിയതും അയാളുടെ പേര് വിളിച്ചു അയാളുടെ മടിയിൽ മയങ്ങി വീഴുകയും ചെയ്യുന്നു.
തങ്ങളുടെ പരീക്ഷണം വിജയിക്കുന്നതിൽ ഡോക്ടർമാർ സംതൃപ്തരാവുന്നു. പാട്ടിലൂടെ തന്നെ അവളുടെ രോഗം മാറ്റിയെടുക്കാം എന്നവർക്ക് ബോധ്യപ്പെടുന്നു. ഈ സമയത്തൊക്കെ ദേവിയുടെ തെറ്റിധാരണ കൂട്ടിക്കൂടി വരുന്നു. ഗോപി തന്നെയാവും അവളെ വഞ്ചിച്ചതെന്നു ഉറച്ചു വിശ്വസിക്കുന്ന അവളെ വേണു അത് അവളുടെ തെറ്റിധാരണയാണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു. ഗോപി കുറ്റക്കാരൻ അല്ലെന്നും, കുറ്റം മുഴുവനും ആ പെൺകുട്ടിയുടേതാണെന്നും അയാൾ പറയുന്നു. പക്ഷെ അതൊന്നും വിശ്വസിക്കാൻ ദേവി തയാറാവുന്നില്ല. ഒരേ നാട്ടുകാരാണെന്നറിഞ്ഞിട്ടും, ദേവിയെ നല്ല പരിചയമുണ്ടെന്നു ഗോപി പറഞ്ഞിട്ടും ദേവി അയാളെ എന്തുകൊണ്ട് വെറുക്കുന്നു, ഒതുക്കുന്നു എന്നറിയാതെ വേണു അമ്പരന്നു നിൽക്കുന്നു.
രാധയ്ക്ക് ഓർമ്മയുള്ള ആ ഗാനം അവളെ കൂടെക്കൂടെ കേൾപ്പിക്കുന്നു. അത് കേട്ടതും അവൾ അസ്വസ്ഥയായി മയങ്ങി വീഴുന്നു. ആ സമയത്തു ദേവിയെ വീണ്ടും കാണാനിടയായ ഗോപി അവളോട് എല്ലാം വീണ്ടും വിശദീകരിക്കുന്നു - താൻ തെറ്റുകാരനെല്ലെന്നും, താൻ അവളോട് കാണിച്ച സ്നേഹത്തിനെ അവൾ പ്രേമം എന്ന് തെറ്റിദ്ധരിച്ചത് തന്റെ കുറ്റമല്ലെന്നും, അറിഞ്ഞോ അറിയാതെയോ അതിൽ താൻ കുറ്റക്കാരനായത് കൊണ്ട് അവളെ സുഖപ്പെടുത്തേണ്ടത് തന്റെ ചുമതലയായതു കൊണ്ട് മാത്രമാണ് ഇപ്പോൾ അവളുടെ കാമുകനായി അഭിനയിക്കുന്നതെന്നും, ഇന്നും എന്നും എപ്പോഴും താൻ ദേവിയെ മാത്രമേ പ്രേമിച്ചിട്ടുള്ളു എന്നും പറഞ്ഞു പുറത്തേക്കു പോവുന്നു. ഇത് കേട്ട് അങ്ങോട്ട് വരുന്ന വേണു തരിച്ചു നിൽക്കുന്നു. സത്യം എന്താണെന്നറിഞ്ഞതോടെ വേണു ദേവിയുടെ അച്ഛനെക്കണ്ട്, അദ്ദേഹത്തെക്കൊണ്ട് അവൾക്കു ആത്മധൈര്യം പകർന്നു ഗോപിയുമായുള്ള ബന്ധം തകരുന്നതിൽ നിന്നും അവളെ രക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു. ദേവിയുടെ അച്ഛൻ അതിന് സമ്മതിക്കുന്നു.
ഡോക്ടർ ജോസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു - ഗോപിയെക്കൊണ്ട് രാധയെ ഒരു ഉദ്യാനത്തിലേക്കു കൊണ്ട് പോയി അവിടെ അവളുമായി കൂടുതൽ അടുത്ത് ഇടപഴകാനും, അവൾക്കു വിശ്വാസം പകരുന്നത് പോലെയും അഭിനയിക്കാൻ പറയുന്നു. അതനുസരിച്ചുള്ള വേണുവിന്റെ അഭിനയത്താൽ അവൾ പതുക്കെ പതുക്കെ യഥാർത്ഥ സ്ഥിതിയിലേക്ക് മടങ്ങുന്നു എന്ന് മാത്രമല്ല അവനോടൊത്തു പാടുകയും ചെയ്യുന്നു. തങ്ങളുടെ സംരംഭം വിജയിച്ചതിൽ ഡോക്ടർമാർ സന്തോഷിക്കുന്നു.
രാധ പൂർണമായും പൂർവ്വസ്ഥിതിയിലേക്കു മടങ്ങിയത് ബോധപ്പെട്ട ഡോക്ടർ ജോസ് വേണുവിനോട് ഒരു അഭ്യർത്ഥന വെക്കുന്നു - ഗോപിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നു പറഞ്ഞുവല്ലോ, അതിൽ നിന്നും അദ്ദേഹത്തെ എങ്ങിനെയെങ്കിലും പിന്തിരിപ്പിക്കണം. എന്നിട്ട് രാധയെക്കൊണ്ട് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കണം, എങ്കിൽ മാത്രമേ രാധയെ പൂർണമായും രക്ഷിക്കാൻ സാധിക്കു, അല്ലെങ്കിൽ അവൾ വീണ്ടും മാനസികരോഗിയായി മാറും എന്ന്. ഇത് കേട്ട വേണു പൊട്ടിത്തെറിച്ചുകൊണ്ട് പറയുന്നു - എന്നെക്കൊണ്ടതിനു കഴിയില്ല, കാരണം ഗോപി വിവാഹം കഴിക്കാൻ പോകുന്നത് ദേവിയെയാണ്, അവർ തമ്മിൽ വർഷങ്ങളായി പ്രേമത്തിലാണ്. ഇത് കേൾക്കുന്ന ഡോക്ടർ ജോസ് കുഴങ്ങി നിൽക്കുന്നു.
ദേവിയെ അവളുടെ അച്ഛൻ വന്നു കണ്ട് ഗുണദോഷിക്കുന്നു. എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നറിയാതെ കുഴങ്ങി നിൽക്കുന്ന ദേവിയോട് അച്ഛൻ പറയുന്നു - എന്തായാലും ഒരു തീരുമാനം എടുക്കേണ്ടത് നീയാണ്, എനിക്കിതിൽ ഒന്നും പറയാനില്ല. ഇത് കേട്ടതും ദേവി ഗോപിയെക്കണ്ട് തന്റെ തീരുമാനം അറിയിക്കാൻ പോവുന്നു. പക്ഷെ ക്ഷീണിതനായി ഉറങ്ങിക്കിടക്കുന്ന അദ്ദേഹത്തെ ശല്യപ്പെടുത്താൻ ആഗ്രഹമില്ലാത്തതു കൊണ്ട് ഒന്നും പറയാതെ മടങ്ങുന്നു. ആ സമയത്ത് ഡോക്ടർ ജോസ് ദേവിയെക്കണ്ട് പറയുന്നു - നീ ഗോപിയെ ത്യജിക്കണം. രാധയുടെ ഇപ്പോഴത്തെ സ്ഥിതിയിൽ അവളും ഗോപിയുമായുള്ള വിവാഹം നടന്നില്ലെങ്കിൽ അവൾ വീണ്ടും ഭ്രാന്തിയാവും, അത് കൊണ്ട് ഒരു ഡോക്ടർ എന്ന നിലയിൽ രോഗിയെ പരിരക്ഷിക്കേണ്ടത് നമ്മുടെ ചുമതലകൂടിയാണ്. ആയതിനാൽ നീ ഗോപിയെ വിവാഹം കഴിക്കരുത്. എല്ലാം കേട്ട ശേഷം എന്തു ചെയ്യണമെന്നറിയാതെ ദേവി വിഷമിച്ചു നിൽക്കുന്നു. ഇവരുടെ സംഭാഷണം കേട്ട് അങ്ങോട്ട് വരുന്ന വേണു ഡോക്ടർ ജോസിനോട് വഴക്കിടുന്നു. നിങ്ങൾ ഇത്രയും സ്വാർത്ഥനാകരുത്, രാധയ്ക്ക് വേണ്ടി നിങ്ങൾ ദേവിയുടെ ജീവിതം എന്തിനു നശിപ്പിക്കിന്നു, രാധയെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുന്നതല്ലേ ഉചിതം എന്ന് പറഞ്ഞ്. താങ്കളുടെ ഈ പ്രവർത്തിയിൽ തനിക്കു തീരെ യോജിപ്പില്ലാത്തതു കൊണ്ട് താൻ ആശുപത്രി വിട്ടു പോയേക്കാം എന്നും വേണു പറയുന്നു.