കെ ആർ രൂപ

K R Roopa
Date of Birth: 
ചൊവ്വ, 31 July, 1984
രൂപരേവതി
Roopa Revathi
ആലപിച്ച ഗാനങ്ങൾ: 6

എറണാകുളം ജില്ലയിൽ കുഴുപ്പിള്ളി കുന്നുമേൽ വീട്ടിൽ എൻ രാമ പൈയുടേയും എസ് പുഷ്പലതയുടെയും മകളായി 1984 ജൂലൈ 31 നു ആണ് രൂപയുടെ ജനനം.2010 ൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ കുൽദീപ് എം പൈ യെ വിവാഹം കഴിച്ചു. മകൾ ശിവാരാധ്യ.

എടവനക്കാട് HISS ൽ ആണ് രൂപയുടെ പ്രാഥമിക വിദ്യാഭ്യാസം.മഹാരാജാസ് കോളേജിൽ നിന്ന്  ബി എ മ്യൂസിക്കിലും.തൃപ്പൂണിത്തുറ ആർ എൽ വി യിൽ നിന്ന് എം എ മ്യൂസിക്കിലും ഒന്നാം റാങ്ക് നേടി. അഞ്ചാം വയസ്സിൽ കർണാടക സംഗീതം പഠിക്കാൻ തുടങ്ങിയ രൂപയുടെ ആദ്യ ഗുരു മണിയാണ്. തുടർന്ന് മാലിനി ഹരിഹരൻ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു.ഇപ്പോൾ പി ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിലാണ്.

എട്ടാം വയസ്സിൽ വയലിൻ പഠിച്ചു തുടങ്ങി. സുനിൽ ഭാസ്കറാണ് ആദ്യ ഗുരു.പിന്നീട് ടി എച്ച് സുബ്രഹ്മണ്യത്തിൽ നിന്നും വയലിൻ തുടർന്നഭ്യസിച്ചു. ഇപ്പോൾ എംബാർ കണ്ണന്റെ കീഴിൽ ഉപരി പഠനം നടത്തുന്നു. കൂടാതെ സംഗീത സംവിധായകൻ അൽഫോൻസിന്റെ കീഴിൽ വെസ്റ്റേൺ സംഗീതവും ഹെറാൾഡിന്റെ ശിക്ഷണത്തിൽ വെസ്റ്റേൺ വയലിനും അഭ്യസിക്കുന്നു.

യൂണിവേഴ്സിറ്റി തലത്തിൽ വായ്പ്പാട്ടിലും വയലിനിലും നിരവധി തവണ വിജയി ആയിരുന്നു.യുവകലാകാരന്മാർക്കുള്ള നാഷണൽ സ്കോളർഷിപ്പു കിട്ടിയിട്ടുണ്ട്.അഗസ്റ്റിൻ ജോസഫ് സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. 2001ൽ കൈരളിയുടെ ഗന്ധർവ സംഗീതത്തിൽ വിജയിയായ രൂപ 2007 ൽ അമൃത യിലെ സൂപ്പർ സ്റ്റാറിൽ വിജയിച്ചതോടെ കൂടുതൽ പ്രശസ്ത ആയി, ഇതിലൂടെ മാടമ്പി എന്ന ചിത്രത്തിൽ എം ജയചന്ദ്രന്റെ സംഗീതത്തിൽ പിന്നണി ഗായികയുമായി .മാടമ്പിയിലെ ഗാനത്തിന് പുതുമുഖ ഗായികയ്ക്കുള്ള GIMMA അവാർഡു ലഭിച്ചു. തുടർന്ന്  കാസനോവ എന്ന ചിത്രത്തിലും പാടി,ബേണി ഇഗ്നേഷ്യസിന്റെ സംഗീതത്തിൽ പാർത്ത മുതൽ എന്ന ഒരു തമിഴ് ചിത്രത്തിനു വേണ്ടി പാടിയെങ്കിലും സിനിമ പുറത്തു വന്നില്ല, തമിഴിൽ പയനങ്ങള്‍ തൊടരും, കാട്ടു പുളി, ചന്ദ്രമൗലി എന്നീ സിനിമകളിലും, കന്നടയിൽ ഹോളിഡേയ്സ് എന്ന സിനിമയിലും പാടി, എം ജി രാധാകൃഷ്ണൻ ,വിദ്യാധരൻ ,ഹൈദരാലി തുടങ്ങിയവർക്കു വേണ്ടി ധാരാളം ആൽബങ്ങളിൽ പാടിയിട്ടുണ്ട്, ഉറുമി ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ രൂപയുടെ വയലിൻ പശ്ചാത്തല സംഗീതമായി വന്നിട്ടുണ്ട്.

രൂപയുടെ ഫേയ്സ്ബുക്ക് വിലാസം :- https://www.facebook.com/RoopaRevathiOfficial

പ്രൊഫൈലിനു കടപ്പാട് - രഞ്ജിനി ഹന്ന ജോർജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.