കല്യാണി നായർ
ഗണേഷ്‌കുമാരിന്റേയും രുഗ്മിണിയുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന് സൈന്യത്തിലായിരുന്നു ജോലി എന്നതിനാൽ കല്യാണിയുടെ പഠനം മുഴുവനും കേരളത്തിന് പുറത്തായിരുന്നു. പ്ലസ്ടു വരെയുള്ള പഠനം സെക്കന്തരാബാദിലായിരുന്നു. അതിനുശേഷം ചെന്നൈയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും പബ്ലിക് റിലേഷൻസിൽ എം എയും പൂർത്തിയാക്കി.
ചെറുപ്പം മുതലേ സംഗീതം പഠിച്ചിരുന്ന കല്യാണിയെ അമ്മാവന്റെ സുഹൃത്തും കൈരളി ചീഫ് എക്സിക്യുട്ടീവുമായിരുന്ന കൃഷ്ണകുമാർ കൈരളി ചാനലിലെ സിംഫണി എന്ന മ്യൂസിക്കൽ പ്രോഗ്രാമിൽ പങ്കെടുപ്പിച്ച് പാട്ടുകൾ പാടിച്ചതോടെയാണ് അറിയപ്പെടാൻ തുടങ്ങിയത്. കർണാട്ടിക് സംഗീതരംഗത്തുള്ള, അമ്മയുടെ ഒരു ബന്ധുവഴി കല്യാണിയെക്കുറിച്ചറിഞ്ഞ ഗായകൻ ഉണ്ണികൃഷ്ണൻ സംഗീത സംവിധായകൻ വിദ്യാസാഗറിനോട് പറഞ്ഞതോടെയാണ് കല്യാണിയുടെ സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്. കല്യാണി പാടിയ കുറച്ചു പാട്ടുകൾ കേട്ടിഷ്ടപ്പെട്ട വിദ്യാസാഗർ തന്റെ അടുത്ത പടമായ പാർത്ഥിപൻ കനവ് -ൽ "ഡപ്പ് ഡപ്പ് മാടപ്പുറാ...എന്ന ഗാനം കല്യാണിക്ക് നൽകി. അതിനുശേഷം 2003 -ൽ പട്ടാളം എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ സംഗീതത്തിൽ "ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം...എന്ന ഗാനം പാടിക്കൊണ്ട് കല്യാണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. അതിനുശേഷം ഔസേപ്പച്ചന്റെ സംഗീതത്തിൽ തസ്ക്കരവീരൻ, എം ജയചന്ദ്രന്റെ സംഗീതത്തിൽ സത്യം എന്നി ചിത്രങ്ങളിലുൾപ്പെടെ പത്തോളം മലയാള സിനിമകളിൽ വിവിധ സംഗീത സംവിധായകരുടെ ഗാനങ്ങൾ ആലപിച്ചു.
മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ സിനിമകളിലും കല്യാണി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചാനലുകളിൽ മ്യൂസിക്ക് പ്രോഗ്രാമുകൾ ചെയ്യാറുള്ള കല്യാണി സ്റ്റേജ് ഷോകളിലും സജീവമാണ്.