ഉള്ളിന്നുള്ളിലെ പുഴമേലേ

ഉള്ളിന്നുള്ളിലെ പുഴമേലേ
തുള്ളിപ്പെയ്തിടും മഴപോലെ
ആരോ കാതിൽ പാടുന്നൂ
എന്നോടെന്നും ചൊല്ലുന്നൂ
മുല്ലേ നിന്നിലും അഴകോടെ
ചുണ്ടിൽ പൂവിടും ചിരിയോടെ
ഞാനാ ഈണം കേൾക്കുന്നൂ
ഞാനും കൂടെ പാടുന്നൂ
എല്ലാം മറക്കാം ചിറകിട്ടു പറക്കാം
കണ്ണിൽ തിളങ്ങും കനവുകൾ നിറയ്ക്കാം
വോവോ...വോവോ
വോവോ..വോവോ

ചുഴിയുള്ള മിഴിനീരിൻ പുഴക്കടവിൽ
വെറുതെ നീ വെയിലും കൊണ്ടിരിക്കരുതേ
ചിരിവന്നു വിളിക്കുമ്പോൾ കൈപിടിക്കാൻ
മടിച്ചിനി മറയിൽ ചെന്നൊളിക്കരുതേ
ഇന്നലെകൾക്കിനിയുറങ്ങാൻ
മറവിതൻ മറകൊടുക്കാം
ഇന്നിനുള്ള മധുരമെല്ലാം
ഇന്നുതന്നെ നുകർന്നെടുക്കാം
ഓരോ നിമിഷവും.. അഴകുള്ള മലരുകൾ
ഓരോ മലരിലും... തുളുമ്പുന്നു തേൻകടൽ

ഒരിക്കലൊന്നിരുട്ടിൽ പ്പെട്ടലഞ്ഞുവെന്നാൽ
അതുതന്നെ വിധിയെന്നു നിനയ്ക്കരുതേ
ഒരു പുതു കനവിന്റെ തിരിതെളിച്ചാൽ
അതുതന്നെ വഴിയിലെ വെളിച്ചമല്ലേ
ഇരവിന്റെ പടികടന്നാൽ
പകലിൽ ചെന്നണയുകില്ലേ
ഒരിടത്തു കടലുകൾക്കും ഒരതിരുണ്ടതറിയുകില്ലേ
ആടാൻ കൊതിച്ചാൽ ഇല്ലേ നമുക്കായി
നെഞ്ചിൻ മിടിപ്പിൽ ഒരു സുഖ സംഗീതം

ഉള്ളിന്നുള്ളിലെ പുഴമേലേ
തുള്ളിപ്പെയ്തിടും മഴപോലെ
ആരോ കാതിൽ പാടുന്നൂ എന്നോടെന്നും ചൊല്ലുന്നൂ
മുല്ലേ നിന്നിലും അഴകോടെ
ചുണ്ടിൽ പൂവിടും ചിരിയോടെ
ഞാനാ ഈണം കേൾക്കുന്നൂ
ഞാനും കൂടെ പാടുന്നൂ
എല്ലാം മറക്കാം ചിറകിട്ടു പറക്കാം
കണ്ണിൽ തിളങ്ങും കനവുകൾ നിറയ്ക്കാം
വോവോ...വോവോ
വോവോ..വോവോ

Kp-xrd2IIHo