മോഹൻലാൽ

Mohanlal
Mohanlal-Actor
Date of Birth: 
Saturday, 21 May, 1960
മോഹൻ ലാൽ
Mohan Lal
ആലപിച്ച ഗാനങ്ങൾ: 33
സംവിധാനം: 1

1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ടയിലെ ഇലന്തൂർ എന്ന സ്ഥലത്ത് ജനനം. മോഹൻലാൽ വിശ്വനാഥൻ നായർ എന്നതാണ് അദ്ദേഹത്തിന്റെ പൂർണ്ണമായ പേര്. മുടവൻ മുകൾ സ്കൂളിലും തിരുവനന്തപുരം മോഡൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടി. 1978ൽ ഡോ.അശോക് കുമാർ സംവിധാനം ചെയ്ത “തിരനോട്ടം” എന്ന ചലച്ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്കു കടന്നു വന്നതെങ്കിലും 1980ൽ ഫാസിൽ ചെയ്ത സംവിധാനം ചെയ്ത “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചു പറ്റി. മോഹൻലാലിന്റെ ആദ്യത്തെ ചിത്രമെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കളേ വിശേഷിപ്പിക്കുന്നുണ്ട്. തുടർന്നു വന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഹൻ‌ലാൽ മലയാളത്തിലെ എക്കാലത്തേയും മികച്ച നായകനടന്മാരിൽ ഒരാളായിത്തീർന്നു. നൃത്തരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി ആരാധകരെ നേടാൻ കാരണമായിട്ടുണ്ട്. 

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ച്  ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു.  ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2010ലും കാലിക്കറ്റ് സർവ്വകലാശാല 2018ലും ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

340-തിലധികം സിനിമകളിൽ അഭിനയിച്ച മോഹൻലാൽ  പിന്നണിഗായകനായും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.  വിശ്വശാന്തി ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ പ്രസ്ഥാനവും തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. 1977-78 കാലഘട്ടത്തിൽ സംസ്ഥാന ലെവലിൽ ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ. പ്രണവം ആർട്സ് എന്ന ബാനറിൽ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. 

ഭാര്യ സുചിത്ര സിനിമാ സംവിധായകനായ സുരേഷ് ബാലാജിയുടെ സഹോദരിയും ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ കെ ബാലാജിയുടെ മകളുമാണ്. മകൻ പ്രണവ് മോഹൻലാൽ ബാലതാരമായും നായകനായും അസിസ്റ്റന്റ് ഡയറക്റ്ററായും മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്നു. മകൾ വിസ്മയ. സഹോദരൻ പ്യാരേലാൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിലിറ്ററി സർവ്വീസിലിരിക്കെ മരണപ്പെടുകയായിരുന്നു. മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുഹൃത്തായും അദ്ദേഹത്തിന്റെ ജീവിതത്തിനോട് അടുത്ത് നിൽക്കുന്ന മറ്റൊരു വ്യക്തിത്വം. ആശീർവാദ് സിനിമാസ്  എന്ന ബാനറിൽ മോഹൻലാൽ നായകനായ ഏറെ സിനിമകളുടെ നിർമ്മാതാവ് കൂടിയായി മാറിയിരുന്നു ആന്റണി പെരുമ്പാവൂർ.