നാദിർഷാ

Nadirsha
Nadirsha
Date of Birth: 
Wednesday, 27 August, 1969
കലാഭവൻ നാദിർഷ
എഴുതിയ ഗാനങ്ങൾ: 16
സംഗീതം നല്കിയ ഗാനങ്ങൾ: 51
ആലപിച്ച ഗാനങ്ങൾ: 14
സംവിധാനം: 6

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ജീവനക്കാരനായ സുലൈമാന്റേയും പി എസ് സുഹറയുടേയും മകനായി ജനിച്ചു. ഏലൂരിലെ ഫാക്ട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ നാദിർഷ കളമശ്ശേരി സെന്റ് പോഴ്സ് കോളേജിൽ സാഹിത്യ വിദ്യാർത്ഥിയായി ചേർന്നു. പിതാവ് മരണമടഞ്ഞതിനുശേഷം നാദിർഷായ്ക്ക് ഫാക്ടിൽ ജോലി ലഭിച്ചു.

വളരെ ചെറുപ്പത്തിൽ തന്നെ നാദിർഷ പാരഡികളും മിമിക്രികളും അവതരിപ്പിക്കുമായിരുന്നു. കൊച്ചിൻ കലാഭവനിൽ ചേർന്ന അദ്ദേഹം അവരോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളും ചെയ്തു. കൂടാതെ സ്റ്റേജ് നാടകങ്ങൾ, അഭിനയം, പാട്ട്, എഴുത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. ദിലീപ്, കലാഭവൻ മണി, സലിം കുമാർ തുടങ്ങിയവരെ കലാരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ആളായിരുന്നു നാദിർഷ. 1991 -ൽ ദിലീപും നാദിർഷായും ചേർന്ന് "ഓണത്തിനിടക്ക് പുട്ടു കച്ചവടം" എന്ന പേരിൽ ഇറക്കിയ കോമഡി കസറ്റ് വലിയതോതിൽ പ്രശസ്തിനേടിയിരുന്നു. പതിനേഴ് വർഷത്തോളം അവർ ഏല്ലാ ഓണക്കാലത്തും  ഇതിന്റെ തുടർച്ചയായി കോമഡി കസറ്റുകൾ ഇറക്കിയിരുന്നു.

1992 -ൽ കാസർ‌കോട് കാദർഭായ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അദ്ദേഹം സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. 1996 -ൽ മാഞ്ചിയം എന്ന സിനിമയിലൂടെ നാദിർഷ ചലച്ചിത്ര പിന്നണി ഗായകനായി. 1998 -ൽ മീനാക്ഷി കല്യാണം എന്ന ചിത്രത്തിൽ എസ് രമേശൻ നായരുടെ വരികൾക്ക് സംഗീതം നൽകിക്കൊണ്ട് നാദിർഷ ചലച്ചിത്ര സംഗീത സംവിധാന മേഖലയിൽ അരങ്ങേറി. 2000 -ത്തിൽ കോരപ്പൻ ദി ഗ്രേറ്റ് എന്ന സിനിമയിൽ ബാലഭാസ്ക്കറിന്റെ സംഗീതത്തിൽ ഗാനരചന നിർവഹിച്ചുകൊണ്ട് ചലച്ചിത്രഗാന രചനയിലും അദ്ദേഹം തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിൽ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിർവ്വഹിച്ചു. 2015 -ൽ ബിബിൻ ജോർജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ അമർ അക്ബർ അന്തോണി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് നാദിർഷാ ചലച്ചിത്ര സംവിധായകനായി. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.