ഇന്ദ്രജിത്ത് സുകുമാരൻ

Indrajith Sukumaran

അന്തരിച്ച മലയാള ചലച്ചിത്ര നടന്‍ സുകുമാരന്റെയും  അഭിനേത്രി മല്ലികയുടെയും മൂത്ത മകനായി 1979 ഡിസംബർ 17ന് ജനിച്ചു. 1986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച രമേഷ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം ഇന്ദ്രജിത്ത് അവതരിപ്പിച്ചിരുന്നു എങ്കിലും വളരെ നാളുകൾക്കു ശേഷം 2002ൽ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ആണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിൽ ഇന്ദ്രജിത് അവതരിപ്പിച്ച  ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ അദ്ദേഹത്തിന്  നേടിക്കൊടുത്തു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികള്‍ കണ്ടറിഞ്ഞു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. മികച്ചൊരു ഗായകന്‍കൂടിയാണ് ഇന്ദ്രജിത്ത്. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിൽ ആണ് ആദ്യം പാടിയത്. ഹാപ്പി ഹസ്ബൻ‌ഡ്‌സ് എന്ന ചിത്രത്തിലെ മഞ്ഞക്കിളിക്കൂട്  ഒരു കുഞ്ഞിക്കിളിക്കൂട് എന്ന ഗാനവും ആലപിച്ചു. സഹോദരൻ പൃഥ്വിരാജ് സുകുമാരനും അറിയപ്പെടുന്ന അഭിനേതാവും സംവിധായകനും ആണ്.

ഭാര്യ  പൂര്‍ണ്ണിമ ഇന്ദ്രജിത്ത് (പൂര്‍ണ്ണിമ മോഹന്‍) മക്കൾ  പ്രാർത്ഥന, നക്ഷത്ര എന്നിവരും സിനിമ രംഗത്ത്‌ സജീവമാണ്.

ഫേസ്ബുക്ക് പ്രൊഫൈൽ