വിഷ്ണു ഉണ്ണികൃഷ്ണൻ
മലയാള ചലച്ചിത്ര നടൻ, തിരക്കഥാകൃത്ത്. 1987 മാർച്ച് 11- ന് എറണാകുളത്ത് ഉണ്ണികൃഷ്ണന്റെയും ലീലയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വിഷ്ണുവിന്റെ ബിരുദപഠനം. ബാലനടനായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്റെ വീട് അപ്പൂന്റേം ആയിരുന്നു വിഷ്ണുവിന്റെ ആദ്യ സിനിമ. തുടർന്ന് അമൃതം, പളുങ്ക്, മായാവി തുടങ്ങി ഇരുപതോളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു.
സുഹൃത്ത് ബിബിൻ ജോർജ്ജുമായി ചേർന്നു വിഷ്ണു ഉണ്ണിക്കൃഷ്ണൻ 2015- ലാണ് തിരക്കഥാരചന തുടങ്ങുന്നത്. 2015- ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി ആണ് വിഷ്ണുവും ബിബിനും ചേർന്ന് തിരക്കഥ രചിച്ച ആദ്യ ചിത്രം. തുടർന്ന് 2016- ൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന നാദിർഷാ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും ഇവരുടേതായിരുന്നു. ആ സിനിമയിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ തന്നെ നായകനായി അഭിനയിച്ചു. രണ്ടു ചിത്രങ്ങളും വലിയ വിജയമായത് വിഷ്ണു ഉണ്ണിക്കൃഷ്ണൻ തിരക്കഥാകൃത്ത് എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധിയ്ക്കപ്പെടുന്നതിന് കാരണമായി. വിഷ്ണൂവും ബിബിനും ചേർന്ന് തിരക്കഥ രചിച്ച് ബിബിൻ ജോർജ്ജ് നായകനായ ഒരു യമണ്ടൻ പ്രേമകഥ- യും വിജയമായി. വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ സിനിമകളിലും വിഷ്ണു നായകനായിട്ടുണ്ട്. അഭിനേതാവായും തിരക്കഥാകൃത്തായും വിഷ്ണു ഉണ്ണിക്കൃഷ്ണൻ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിയ്ക്കുന്നു.
2020 ഫെബ്രുവരി 2- ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ വിവാഹിതനായി. ഭാര്യയുടെ പേര് ഐശ്വര്യ.
വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇന്റസ്റ്റഗ്രാം പ്രൊഫൈലിവിടെ