കലാഭവൻ ഷാജോൺ
കോട്ടയം ജില്ലയിൽ ജോൺ ഇ.ജെ (റിട്ടയേർഡ് എ എസ് ഐ) , റെജിന (റിട്ടയേർഡ് നഴ്സ്) ദമ്പതിമാരുടെ മകനായി ജനിച്ചു. യഥാർത്ഥ പേര് ഷാജി ജോൺ. സഹോദരനായ ഷിബു ജോൺ മിമിക്രി കലാകാരനായിരുന്നു. സഹോദരന്റെ മിമിക്രി പാടവം കണ്ടാണു ഷാജി എന്ന ഷാജോൺ മിമിക്രി രംഗത്തേക്ക് വരുന്നത്. കോട്ടയത്തെ ചെറു കലാസമിതികളിൽ മിമിക്രി അവതരിപ്പിച്ചതിനു ശേഷം കൊച്ചിൻ കലാഭവനിലെ മിമിക്രി ട്രൂപ്പിൽ അംഗമായി. മിമിക്രിരംഗത്ത് സജീവമായതോടെയാണു ഷാജി എന്ന പേരു ഷാജോൺ എന്നാക്കി മാറ്റിയത്.
കലാഭവൻ മണി അഭിനയിച്ച "മൈ ഡിയർ കരടി" എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. പക്ഷെ ആ ചിത്രത്തിൽ മണി അവതരിപ്പിക്കുന്ന കൃത്രിമ കരടിയുടെ ഡ്യൂപ്പ് ആയി അഭിനയിക്കാനായിരുന്നു ഷാജോണിനു അവസരം ലഭിച്ചത്. അതുകൊണ്ട് തന്നെ ഷാജോണിനെ പ്രേക്ഷകർ തിരിച്ചറിഞ്ഞില്ല. പിന്നീട് നിരവധി കോമഡി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 2012 ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത "മൈ ബോസ്" എന്ന ദിലീപ് ചിത്രത്തിൽ നായകന്റെ കൂട്ടുകാരനായി ആദ്യാവസാനം വേഷം ചെയ്തു. സിനിമ ഹിറ്റായതോടൊപ്പം ഷാജോണിനേയും വലിയ വേഷങ്ങൾ തേടിയെത്തി. 'താപ്പാന' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും ലേഡീസ് & ജെന്റിൽമാൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും മുഴുനീള കോമഡീ വേഷങ്ങൾ ചെയ്തു.
2013ലെ, ജിത്തു ജോസഫിന്റെ 'ദൃശ്യം' എന്ന സിനിമയാണു ഷാജോണിലെ അഭിനേതാവിനു മികച്ച പ്രശംസ കിട്ടിയത്. പതിവു കോമഡി വേഷത്തിനു പകരം ഗൗരവക്കാരനായ, നെഗറ്റീവ് സ്പർശമുള്ള ക്യാരക്റ്റർ വേഷമായിരുന്നു ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവൻ. ആ വർഷത്തെ കേരള സംസ്ഥാന ഫിലിം അവാർഡിൽ സ്പെഷ്യൽ ജ്യൂറി അവാർഡ് ഷാജോൺ കരസ്ഥമാക്കി.
2014ൽ പുറത്തിറങ്ങുന്ന "ഞങ്ങളുടെ വീട്ടിലെ അതിഥികൾ' എന്ന ചിത്രത്തിലൂടെ ഷാജോൺ ആദ്യമായി ചലചിത്ര പിന്നണി ഗായകനും കൂടിയാകുന്നു.
ഭാര്യ: ഡിനി, മക്കൾ: ഹന്ന, യോഹൻ