ഔസേപ്പച്ചൻ

Ouseppachan
Ouseppachan-Music Director
Date of Birth: 
ചൊവ്വ, 13 September, 1955
മേച്ചേരി ലൂയിസ് ഔസേപ്പച്ചൻ
സംഗീതം നല്കിയ ഗാനങ്ങൾ: 499
ആലപിച്ച ഗാനങ്ങൾ: 21

എണ്‍പതുകളുടെ മധ്യത്തില്‍ വന്ന് മൂന്നരപതിറ്റാണ്ടായി ഒരുപാട് മനോഹരഗാനങ്ങള്‍ ഒരുക്കി മലയാളത്തില്‍ ഇന്നും സജീവമായി നില്‍ക്കുന്ന സീനിയര്‍ സംഗീത സംവിധായകന്‍ ആണ് ഔസേപ്പച്ചന്‍.

തൃശൂർ ജില്ലയിലെ ഒല്ലൂരിൽ മേച്ചെരി ലൂയിസിന്റെയും മാത്തിരി പാലിയെക്കരയുടെയും മകനായി 1955 സെപ്തംബര്‍ 13ന് ജനിച്ചു. ചെറുപ്പം തൊട്ടേ സംഗീതതോടും സംഗീതോപകരണങ്ങളോടും വലിയ താലപര്യം കാണിച്ചിരുന്ന ഔസേപ്പച്ചന്‍ വയലിനില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുറേക്കാലം വോയിസ് ഓഫ് തൃശൂർ വാദ്യവൃന്ദത്തിനു വേണ്ടി പ്രവർത്തിച്ചു. പില്‍കാലത്ത് പ്രസിദ്ധനായ സമകാലീന സംഗീത് സംവിധായകന്‍ ജോണ്‍സണും കൂടെയുണ്ടായിരുന്നു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ബി കോം ബിരുദം പൂര്‍ത്തിയാക്കിയിരുന്നു ഇതിനിടെ അദ്ദേഹം.

എഴുപതുകളുടെ തുടക്കത്തില്‍ ദേവരാജന്‍ മാസ്റ്ററുടെ ടീമിന്റെ ഭാഗമായി മദ്രാസില്‍ എത്തിയത് അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തില്‍ നിര്‍ണ്ണായകമായി. തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ദേവരാജന്‍, ഇളയരാജ അടക്കം തെന്നിന്ത്യയിലെ എല്ലാ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയും വായിക്കുന്ന വളരെ തിരക്കേറിയ വയലിനിസ്റ്റ് ആയി മാറുകയായിരുന്നു അദ്ദേഹം. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടാണ് അദ്ദേഹവും ജോണ്‍സണും സംഗീത സംവിധായകര്‍ ആയി സിനിമയില്‍ അരങ്ങേറുന്നത്. അതില്‍ ഒരു വയലിനിസ്റ്റ് വേഷവും അവതരിപ്പിച്ചു അദ്ദേഹം. 1983ല്‍ ഭരതന്‍റെ ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം പകര്‍ന്നു സ്വതന്ത്ര സംഗീത സംവിധായകന്‍ ആയി.

തുടര്‍ന്നു വയലിന്‍ പിന്നണി വാദനവും പശ്ചാത്തല സംഗീതം ഒരുക്കലുമൊക്കെയായി മുന്നോട്ട് നീങ്ങിയ അദ്ദേഹത്തെ ആദ്യമായി പാട്ടിന് സംഗീതം ഒരുക്കുവാന്‍ അവസരം നല്കിയതും ഭരതന്‍ ആണ്. തന്റെ ഇഷ്ട വാദ്യോപകരണമായ വയലിൻ തന്നെ കഥാതന്തു ആയ 1985 ൽ പുറത്തിറങ്ങിയ “ കാതോടു കാതോരം” എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഗാന സംഗീത സംവിധായകനായി മാറി അദ്ദേഹം. പിന്നാലെ എത്തിയ പ്രണാമം, ചിലമ്പ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളുടെ ജനസ്വീകാര്യതയും 1987ല്‍  'ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിന് ലഭിച്ച കേരള സംസ്ഥാന പുരസ്കാരവും ഔസേപ്പച്ചനെ മുന്‍നിരയില്‍ എത്തിച്ചു. ഭരതന്‍, കമല്‍, പ്രിയദര്‍ശന്‍, ഫാസില്‍, ജോഷി തുടങ്ങിയ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി അദ്ദേഹം സ്വന്തമായി ഒരു ഇടം മലയാളത്തില്‍ കണ്ടെത്തി. കാലഘട്ടത്തിനൊത്ത് സ്വന്തം ശൈലിയെ നവീകരിക്കാനും പുത്തന്‍ സാങ്കേതിക സംവിധാനങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനുമുള്ള മനസാണ് ഇത്രയും സുദീര്‍ഘമായ സിനിമാ ജീവിതത്തില്‍ അദ്ദേഹത്തിന് നിര്‍ണ്ണായകം ആയത്.

വയലിന്‍ എന്ന ഉപകരണത്തെ തന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗമായി തന്നെ കാണുന്ന അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകന്‍ ആയ ശേഷവും മറ്റുള്ള സംഗീത സംവിധായകര്‍ക്ക് വേണ്ടി പിന്നണിയില്‍ വയലിന്‍ വായിക്കാന്‍ പോകാറുണ്ട് എന്നത് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്.

ഹേയ് ജൂഡ്, മകന്‍റെ അച്ഛന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

ഈ സംഗീത യാത്രയില്‍ “ഒരേ കടൽ” (2007) എന്ന ചിത്രത്തിനു ദേശീയ അവാർഡും 'ഉണ്ണികളേ ഒരു കഥപറയാം' (1987), ‘നടൻ’ (2013) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ഒരേ കടല്‍ (2007) എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും സംസ്ഥാന അവാർഡും അദ്ദേഹം കരസ്ഥമാക്കി.

മരിയ ആണ് ഭാര്യ. കിരണ്‍, അരുണ്‍ എന്നീ രണ്ട് ആണ്മക്കള്‍ ആണ് ഈ ദമ്പതികള്‍ക്ക്. തൃശൂരില്‍ ആണ് അദ്ദേഹം കുടുംബസമേതം ഇപ്പോള്‍ താമസിക്കുന്നത്.