മധുപാൽ

Madhupal

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. 1963-ൽ സിനിമാ തിയ്യേറ്റർ ഉടമയായിരുന്ന ചെങ്കളത്ത് മാധവമേനോന്റെയും രുഗ്മിണിഅമ്മയുടെയും മൂത്ത മകനായി ജനിച്ചു. സാമ്പത്തികശാസ്ത്രത്തിലും ജേർണലിസത്തിലും ബിരുദം നേടിയിട്ടുണ്ട്. കുട്ടിക്കാലത്തുതന്നെ ബാല പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി കഥകൾ എഴുതിയിരുന്നു. പിന്നീട് മാതൃഭൂമി, ഭാഷാപോഷിണി, മാധ്യമം എന്നീ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ചെറുകഥകളും അദ്ധേഹം എഴുതിയിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ സംവിധാന സഹായിയായി ബട്ടർഫ്ലൈസ്  എന്ന സിനിമയിലൂടെയായിരുന്നു മധുപാലിന്റെ സിനിമാപ്രവേശനം. 1994-ൽ രാജീവ് അഞ്ചലിന്റെതന്നെ സിനിമയായ കാശ്മീരം- ത്തിൽ സംവിധാന സഹായിയായതോടൊപ്പം ആ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും  ചെയ്തു. തുടർന്ന് നൂറിലധികം സിനിമകളിൽ വില്ലനായും സ്വഭാവ നടനായുമൊക്കെ അഭിനയിച്ചു. 1997-ൽ ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. കൈരളി ചാനലിനുവേണ്ടി "ആകാശത്തിലെ പറവകൾ" എന്ന ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് മധുപാൽ സംവിധാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി 2008-ൽ മധുപാൽ തലപ്പാവ് എന്ന സിനിമ സംവിധാനം ചെയ്തു. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ചലച്ചിത്ര പുരസ്ക്കാരം തലപ്പാവ് മധുപാലിന് നേടിക്കൊടുത്തു. തുടർന്ന് ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ.. എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (KSFDC), കേരള ചലച്ചിത്ര അക്കാദമി (IFFK - കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സംഘാടകര്‍), കേരള ഫോക്ക്ലോര്‍ അക്കാദമി, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയിലെല്ലാം സജീവ സാന്നിധ്യമാണ്.

മധുപാൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ജീവിതം ജീവിച്ചു തീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, ജൈനിമേട്ടിലെ പശുക്കൾ, പ്രണയിനികളുടെ ഉദ്ധ്യാനവും കുംബസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, മധുപാലിന്റെ കഥകൾ, ഫെയ്സ്ബുക്ക്(നോവൽ), വാക്കുകൾ കേഴ്ക്കാൻ ഒരു കാലം വരും(ഓർമ്മകൾ), അവൻ(മാർ) ജാരപുത്രൻ ചെറുകഥാകലക്ഷൻസ്, കഥ.

മധുപാലിന്റെ ഭാര്യ രേഖ, രണ്ടു പെണ്മക്കളാണ് അവർക്കുള്ളത്. മാധവി മധുപാൽ, മീനാക്ഷി മധുപാൽ.