മോഹൻ രൂപ്

Mohan Roop
Date of Death: 
ചൊവ്വ, 1 March, 2016
സംവിധാനം: 7
കഥ: 3
സംഭാഷണം: 1
തിരക്കഥ: 2

തിരുവനന്തപുരം ജില്ലയിലെ വർക്കലയാണ് മോഹൻരൂപിന്റെ ജന്മസ്ഥലം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അപ്രീസിയേഷൻ കോഴ്സ് പൂർത്തിയാക്കിയതിനുശേഷമാണ് അദ്ധേഹം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 1984 -ൽ ഇറങ്ങിയ വേട്ട ആയിരുന്നു മോഹൻ രൂപ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 

തന്റെ രണ്ടാമത്തെ ചിത്രമായ നുള്ളി നോവിക്കാതെ -യിലൂടെ അന്തരിച്ച സംഗീത സംവിധായകൻ രാജാമണി, പ്രശസ്ത ഛായാഗ്രാഹകൻ സാലു ജോർജ് തുടങ്ങിയവരെ മോഹൻ രൂപ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി. അദ്ധേഹം സംവിധാനം ചെയ്ത വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിനായി മോഹൻ സിത്താര ചിട്ടപ്പെടുത്തിയ 'ഇലകൊഴിയും ശിശിരത്തിൽ' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. കലാഭവൻ മണിയെയും പ്രേംകുമാറിനെയും നായക നിരയിലേക്കുയർത്തിയ എക്സ്ക്യൂസ് മീ ഏതു കോളേജിലാ എന്ന ചിത്രവും സിദ്ദിഖിന്റെ തിരിച്ചു വരവിന് വഴിവെച്ച സ്പർശം എന്ന ചിത്രവും സംവിധാനം ചെയ്തത് മോഹൻ രൂപ് ആയിരുന്നു. തെരുവിൽ ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിതം ആവിഷ്കരിച്ച 'തൂതുവൻ' എന്ന ഇദ്ദേഹത്തിന്റെ തമിഴ് സിനിമക്ക് ഭാരതീയ ലളിതകലാ അക്കാദമിയുടെ 'ഡോ. അംബേദ്കർ' ദേശീയ പുരസ്‌കാരം കിട്ടിയിട്ടുണ്ട്..

നൂറിലധികം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും പരസ്യ ചിത്രങ്ങളും മോഹൻ രൂപ് സംവിധാനം ചെയ്തിട്ടുണ്ട്. വർക്കലയിലാണ് ജനിച്ചതെങ്കിലും മോഹൻ രൂപ് കുടുംബത്തൊടൊപ്പം തൃശ്ശൂരിലായിരുന്നു താമസിച്ചിരുന്നത്. 2016 മാർച്ച് 1 -ന് അദ്ധേഹം തന്റെ 53 -ആം വയസ്സിൽ അന്തരിച്ചു.

മോഹൻ രൂപിന്റെ ഭാര്യ പ്രീത. രണ്ട് മക്കൾ മൃണാൾ, നിള.