സലിൻ മാങ്കുഴി
1969 മെയ് 31ന് തിരുവന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപം മാങ്കുഴിയിൽ ജനനം. അധ്യാപകരായിരുന്ന ജി. വിദ്യാധരൻ, എൻ ഗിരിജാമണി എന്നിവരാണ് മാതാപിതാക്കൾ. ചീരാണിക്കര ഗവ. എൽ പി എസ്, തേമ്പാമൂട് ജനതാ എച്ച് എസ്, തിരുവനന്തപുരം എം. ജി, ലോ കോളേജുകളിലായി വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, നിയമബിരുദം, പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്.
1990 മുതൽ ആകാശവാണി, ദൂരദർശൻ തുടങ്ങിയ മാധ്യമങ്ങൾക്കായി രചനകൾ നിർവഹിച്ചു. ആകാശവാണിയിൽ ന്യൂസ് റീഡർ ആയും കേരളകൗമുദിയിലും (1995 - 97 ) പ്രവർത്തിച്ചു. 1997 മുതൽ 2000 വരെ ദുബായ് റേഡിയോ ഏഷ്യയിൽ പ്രൊഡ്യൂസർ/ ന്യൂസ് റീഡറായും പ്രവർത്തിച്ചു. 2014- 16ൽ വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിന്റെ മേധാവിയായിരുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിൽ പിആർഡി ഡെപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചിരുന്നു, ഇപ്പോൾ നോർക്ക വകുപ്പിന്റെ പി.ആർ. ഓ ആയി സേവനം അനുഷ്ഠിക്കുന്നു.
ഇന്ത്യൻ പനോരമ സെലക്ഷൻ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സിനിമ ശശി പരവൂർ സംവിധാനം ചെയ്ത 'നോട്ട' ത്തിന്റെ കഥയും സംഭാഷണവും രചിച്ചുകൊണ്ടാണ് 2006ൽ മലയാള സിനിമാ രംഗത്തേക്ക് കടക്കുന്നത്. 2012 ൽ രാധാകൃഷ്‌ണൻ മംഗലത്ത് സംവിധാനം ചെയ്ത 'വൈറ്റ് പേപ്പർ' എന്ന സിനിമയുടെ കഥ തിരക്കഥ സംഭാഷണവും നിർവ്വഹിച്ചു. 2013ൽ പുറത്തിറങ്ങിയ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' യുടെ സംഭാഷണ രചനാ പങ്കാളിയായി. ലെനിൻ രാജേന്ദ്രന്റെ നേതൃത്വത്തിൽ 2017 ൽ വന്ന 10 സംവിധായകരുടെ 10 സിനിമകളുടെ സമാഹാരമായ 'ക്രോസ് റോഡ്' ൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത 'കാവൽ' എന്ന ഭാഗത്തിന്റെ രചയിതാവുമാണ്.
'റിവർ ലൈഫ്' എന്ന ഹ്രസ്വചിത്രത്തിന്റെ രചനയ്ക്ക് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് (2015) , മികച്ച കമന്റേറ്റർക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് (2016) , കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ഏർപ്പെടുത്തിയ സുരേന്ദ്രൻ സ്മാരക കഥാപുരസ്കാരം (2018), മികച്ച ടെലിവിഷൻ അഭിമുഖകാരനുള്ള തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ് മുതലായവ ലഭിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിലും മറ്റും നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കഥാ സമാഹാരം 'പേരാൾ' 2019 ൽ പുറത്തിറങ്ങി; മറ്റൊന്ന് 'പത U/A' അച്ചടിയിലാണ്. തിരക്കഥകളായ നോട്ടം, ക്രോസ് റോഡ് എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ജി.ഷീലയാണ് ഭാര്യ. വിദ്യാർഥികളായ അനേന, അദ്വൈത എന്നിവർ മക്കൾ.
Facebook : https://www.facebook.com/salin.mankuzhy