പി എഫ് മാത്യൂസ്
1960 ഫെബ്രുവരി 18 ന് പൂവങ്കേരി ഫ്രാൻസിസിന്റെയും മേരിയുടെയും നാലു മക്കളിൽ മൂത്ത പുത്രനായി എറണാകുളം കലൂരിൽ ജനിച്ചു. കൊച്ചിയിലെ ഡോൺ ബോസ്കോ സ്ക്കൂൾ, സെന്റ് അഗസ്റ്റിൻസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊച്ചി സെന്റ് ആൽബർട്ട് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡിഗ്രിയും, മലയാള സാഹിത്യത്തിൽ പി ജിയും നേടി. പത്താമത്തെ വയസ്സിൽ ഏകാങ്ക നാടകങ്ങൾ എഴുതിത്തുടങ്ങിയ മാത്യൂസ് പതിനാറു വയസ്സായപ്പോഴേക്കും ചെറുകഥകളുമെഴുതി.പിഎഫ് മാത്യൂസിന്റെ ചെറുകഥകൾ തുടർച്ചയായി മലയാള മനോരമ, കലാകൗമുദി, മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി തുടങ്ങി മലയാളത്തിലെ പ്രമുഖ ആനുകാലങ്ങളിലൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ ഓഫീസിലായിരുന്നു 2016 ൽ റിട്ടയർ ചെയ്യുന്നവരെ അദ്ദേഹം ജോലിചെയ്തിരുന്നത്.
പി എഫ് മാത്യൂസിന്റേതായി ആദ്യമായി പ്രസിദ്ധീകൃതമായ കൃതി " ഞായറാഴ്ച്ച മഴ പെയ്യുകയായിരുന്നു " എന്ന ചെറുകഥയായിരുന്നു. "ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ, അടിയാള പ്രേതം " തുടങ്ങിയ നോവലുകളുമെഴുതി. "ചാവുനിലം" സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സാഹിത്യ പുരസ്ക്കാരത്തിന് അർഹമായി. ജലകന്യകയും ഗന്ധർവനും, 2004ൽ ആലിസ്, 27 ഡൗൺ, എന്നീ ചെറുകഥാസമാഹാരങ്ങളുൾപ്പെടെ നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്. "കീപ്പ് ദ് സിറ്റി ക്ലീൻ" എന്ന ഡോക്യൂമെന്ററിക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് തിരക്കഥാ രചനയിൽ തുടക്കം കുറിയ്ക്കുന്നത്. മാത്യൂസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ദൂരദർശൻ സീരിയൽ "ശരറാന്തൽ" 1991 ലെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡിന് അർഹമായി. 12 സീരിയലുകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. മാത്യൂസ് തിരക്കഥ എഴുതിയ "ദൈവത്തിന്റെ സ്വന്തം ദേവൂട്ടി" എന്ന സീരിയൽ 2011 ലെ മികച്ച സീരിയലിനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു.
1986 ൽ മമ്മൂട്ടി നായകനായ തന്ത്രം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് മാത്യൂസ് ചലച്ചിത്രലോകത്തേക്ക് പ്രവേശിയ്ക്കുന്നത് . അദ്ദേഹം തിരക്കഥ രചിച്ച് ദുരദർശൻ സംപ്രേക്ഷണം ചെയ്ത "മിഖായേലിന്റെ സന്തതികൾ" എന്ന സീരിയലിന്റെ തുടർച്ചയായി ഇറങ്ങിയ പുത്രൻ എന്ന സിനിമയ്ക്ക് മാത്യൂസ് തന്നെ തിരക്കഥ രചിച്ചു. മിഖായേലിന്റെ സന്തതികൾ 93ലെ മികച്ച ടെലിവിഷൻ തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമായി. 2009 ൽ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ പി എഫ് മാത്യൂസിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡും ലഭ്യമായി. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിക്ക് വേണ്ടി തിരക്കഥയെഴുതി, ഏറെ നിരൂപണ പ്രശംസയും നിരവധി അവാർഡുകളുമൊക്കെ കരസ്ഥമാക്കിയ ഈ മ യൗ എന്നിവയുൾപ്പെടെ ഏഴ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.
പി എഫ് മാത്യൂസിന്റെ ഭാര്യ ശോഭ. മക്കൾ ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്. മക്കളായ ഉണ്ണിയും ആനന്ദും കരിക്ക് എന്ന വെബ് സീരീസിലൂടെ വളരെ ശ്രദ്ധേയരായി മാറി.
ഫേസ്ബുക്ക് പ്രൊഫൈലിവിടെ : PF Mathews