രാഹുൽ രാജ്

Rahul Raj
Date of Birth: 
Friday, 17 March, 1978
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 111
ആലപിച്ച ഗാനങ്ങൾ: 24

കൊച്ചി സ്വദേശിയായ രാഹുൽ രാജ് 1978 മാർച്ച് 17ന് അഡ്വക്കേറ്റ് ഇ തങ്കപ്പന്റെയും ‌എൻ എസ് കുഞ്ഞൂഞ്ഞമ്മയുടെയും മകനായി ജനിച്ചു. കൊച്ചിയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആറാമത്തെ വയസ്സ് മുതൽ ഗുരുവായ സംഗീതമന്നൻ മധുസൂദനമേനോനിൽ നിന്ന്  ശാസ്ത്രീയ സംഗീതം പഠിച്ചുതുടങ്ങി. കലാമണ്ഡലം കൃഷ്ണൻകുട്ടിയിൽ നിന്ന് മൃദംഗവും അഭ്യസിച്ചിരുന്നു. വായ്പാട്ടിന്റെ താളമുറപ്പിക്കാൻ സഹായകമായിരുന്നു ഈ പഠനം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഐടിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ബംഗളൂരു നിന്നും കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗിൽ സർട്ടിഫിക്കേഷനുകളെമെടുത്ത രാഹുൽ രാജ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ലണ്ടനിൽ താമസമാക്കി. കുട്ടിക്കാലത്ത് അച്ഛൻ വാങ്ങിക്കൊടുത്ത ഒരു റോളന്റ് പിയോനോയിൽ സംഗീതം ചെയ്ത് പരിചയിച്ചിരുന്നതും അക്കാലത്ത് എ. ആർ റഹ്മാൻ തീർത്തിരുന്ന സംഗീതവിപ്ലവവുമൊക്കെ സംഗീതസംവിധാനത്തിന്റെ വഴികളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കാരണമായി. ലണ്ടനിൽ ജോലി ചെയ്യുന്നതിനിടയിൽ ‌എ ആർ റഹ്മാനെത്തന്നെ ഒരു മ്യൂസിക്ക് ഷോപ്പിൽ വച്ച് കാണാനിടയായതാണ് നാട്ടിലേക്ക് തിരികെ വന്ന് മുഴുവൻസമയ സംഗീതജ്ഞനായി മാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.  

ലണ്ടനിൽ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രോണിക് സൗണ്ട് പ്രൊഡക്ഷനിൽ പഠനം നടത്തിയിരുന്ന രാഹുലിന് പ്രദീപ് മേനോനെന്നയാ ളുടെ  ഒരു പഴയ അയ്യപ്പഭക്തിഗാന ആൽബം റീമിക്സ് ചെയ്യാൻ അവസരം ലഭിച്ചു. ഇത് സംഗീതമേഖലയിൽ അക്കാലത്ത് പേരെടുത്ത ശിവമണി, പ്രവീൺ മണി, സരോജ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിക്കുവാനുള്ള അവസരം കൂടിയായിരുന്നു. എങ്കിലും സിനിമയെന്ന  അദ്ദേഹത്തിന്റെ  സ്വപ്നം ആദ്യകാലങ്ങളിൽ അകന്നു നിന്നു. ഇക്കാലയളവിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്  തുടങ്ങിയ ഭാഷകളിലായി ഏകദേശം നൂറോളം പരസ്യ ജിംഗിളുകൾ  പൂർത്തിയാക്കി. കൂടാതെ ടെലിവിഷൻ ചാനലുകൾക്ക് സംഗീതമൊരുക്കുകയും ആൽബങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും ചെയ്തു. 

2007ൽ സുഹൃത്തായ ഡിമൽ ഡെന്നിസ് വഴി സംവിധായകനായ അൻവർ റഷീദിനെ പരിചയപ്പെടുന്നതാണ് രാഹുൽ രാജിന് മലയാള സിനിമയിൽ തുടക്കമിടാൻ ‌കാരണമാവുന്നത്. അൻവറിന്റെ തന്നെ ഛോട്ടാ മുംബൈയിലൂടെ മലയാള സിനിമാ സംഗീത സംവിധാന രംഗത്ത് തുടക്കമിട്ട രാഹുൽ രാജ്  പിന്നീട്  ഋതു, കോഹിനൂർ, എസ്ര, ലാൽബാഗ്, ദി പ്രീസ്റ്റ്  തുടങ്ങി നാല്പതോളം സിനിമകളിലായി 100ൽപ്പരം പാട്ടുകൾക്ക് ഈണങ്ങളൊരുക്കി. പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിന്റെ ചരിത്രാഖ്യായികയായ  മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ  പശ്ചാത്തല സംഗീതം ഒരുക്കിയതും രാഹുൽ രാജ് ആണ്.

ബെർക്ക്‌ലീ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് ഓർക്കസ്ട്രൽ സ്റ്റഡീസിൽ നടത്തിയ പഠനം ലണ്ടനിലെ AIR സ്റ്റുഡിയോയിൽ 60 പീസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്നതിനു രാഹുലിനെ സഹായിച്ചിരുന്നു. നിരവധി ഗുരുക്കൻമാരുടെ  കീഴിൽ ശാസ്ത്രീയസംഗീതവും അഭ്യസിച്ചിരുന്ന രാഹുലിന്റെ ഇപ്പോഴത്തെ ഗുരു ശ്രീമാൻ കെ. എം. ഉദയൻ മാസ്റ്ററാണ്. 

ജർമ്മനി സ്വദേശിയായ മിറിയമാണ് രാഹുലിന്റെ ഭാര്യ. അക്ഷൈനി ലേയ എന്ന മകളും അമ്മയുമടങ്ങുന്ന കുടുംബവുമൊത്ത് കൊച്ചിയിൽ താമസിക്കുന്നു. രാഹുലിന്റെ സംഗീത സ്വപ്നങ്ങൾക്ക് ഏറെ സഹായവും പ്രേരകശക്തിയുമായിരുന്ന സഹോദരി രഹ്നാ രാജ് 2016ൽ കാൻസർ ബാധിതയായി മരണമടഞ്ഞു.