വിദ്യാധരൻ

Name in English: 
Vidyadharan
Vidyadharan
Alias: 
വിദ്യാധരൻ മാസ്റ്റർ

തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ മംഗളാലയത്തിൽ ശങ്കരന്റെയും, തങ്കമ്മയുടെയും  ഏഴു മക്കളിൽ മൂത്തവനായി ജനിച്ച വിദ്യാധരൻ എന്ന വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിലെ ആദ്യഗുരു കൊച്ചക്കനാശാന്‍ എന്ന വിദ്യാധരന്റെ മുത്തച്ഛൻ തന്നെയായിരുന്നു. പിന്നീട്, ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കർ, ആര്‍. വൈദ്യനാഥ ഭാഗവതർ, ശങ്കരനാരായണ ഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. എട്ടാം ക്ലാസ് വിദ്യഭ്യാസവും കഴിഞ്ഞ് സിനിമയില്‍ പാടാനുള്ള മോഹവുമായി ബന്ധുവും ഗായകനായ തൃശ്ശൂര്‍ വേണുഗോപാലിനോടൊപ്പം  മദ്രാസിലേക്ക് വീട്ടിലറിയാതെ വണ്ടികയറി.

1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ 'ഓ റിക്ഷാവാല' എന്ന പാട്ടീൽ മെഹ്ബൂബിനൊപ്പം കോറസ് പാടാൻ ആദ്യമായി അവസരം ലഭിച്ചു. എന്നാൽ, ബലിയാടുകൾ എന്ന നാടകത്തിൽ 'മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി' എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധായകനാവുന്നത്. 1984-ൽ ശ്രീമൂലനഗരം വിജയന്റെ  എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമയിലും സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ  4 ഗാനങ്ങളും വിദ്യാധരന് മാസ്റ്റർ തന്നെയാണ് ചിട്ടപ്പെടുത്തിയത്. ആദ്യചിത്രത്തിലെ എല്ലാ ഗാനങ്ങളും അന്ന് വൻ ഹിറ്റുകളായിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍' എന്ന ഗാനം മാസ്റ്ററെ  സിനിമാമേഖലയിൽ പെട്ടെന്ന് തന്നെ ശ്രദ്ധേയനാക്കി.

പിന്നീട്, ആഗമനം, വീണപൂവ്, വാസ്തവം, അടയാളങ്ങൾ, കാണാന്‍ കൊതിച്ച്, പാദമുദ്ര, ഭൂതക്കണ്ണാടി, അടയാളങ്ങള്‍, അച്ചുവേട്ടന്റെ വീട്, എഴുതാപ്പുറങ്ങള്‍ തുടങ്ങി മുന്നൂറില്പരം ചിത്രങ്ങളിൽ പാടിക്കഴിഞ്ഞു. എന്റെ ഗ്രാമം, ഭൂതക്കണ്ണാടി, കഥാവശേഷൻ  എന്ന ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2017-ൽ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ  ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡ്, മുംബൈയിലെ സാംസ്കാരിക സംഘടനയായ കേളി ഏർപ്പെടുത്തിയ സുധാംശു പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.