ഗായത്രി അശോകൻ

Name in English: 
Gayathri Asokan

പോസ്റ്റർ ഡിസൈനർ. പത്മരാജൻ സംവിധാനം ചെയ്ത ‘കൂടെവിടെ’ എന്ന സിനിമയിലൂടെ പോസ്റ്റർ ഡിസൈനിങ്ങ് രംഗത്തേക്ക് വന്നു. തുടർന്ന് 80കളുടെ പകുതിക്ക് ശേഷവും തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ പകുതിക്കു മുൻപും മലയാള സിനിമാ രംഗത്തെ പോസ്റ്റർ ഡിസൈനിങ്ങിൽ പ്രഥമ സ്ഥാനീയനായിരുന്നു. ഗായത്രി എന്ന പേരിലാണ് പോസ്റ്റർ ഡിസൈനിങ്ങിൽ ഇദ്ദേഹത്തിന്റെ സൈനേജ്. യഥാർത്ഥ പേരു ബി. അശോക്. കോട്ടയം പാലാ സ്വദേശി. വർഷങ്ങളായി കൊച്ചിയിൽ താമസം.
ബി. അശോക് എന്ന യഥാർത്ഥ പേരിൽ “ദ്വൌത്യം” എന്ന സിനിമക്ക് കഥ തിരക്കഥ എഴുതിയിട്ടുണ്ട്. മറ്റു പല സിനിമകൾക്കും കഥയും മൂലകഥയും സൃഷ്ടിച്ചിട്ടുണ്ട്. സിനിമയുടെ കഥാപരിസരങ്ങൾക്ക് യോജിക്കുന്ന എന്നാൽ ഏതു പ്രേക്ഷകരേയും ആകർഷിക്കുന്ന പരസ്യ ചിത്ര രീതിയാണ് ഗായത്രി അശോകന്റെ പ്രത്യേകത. ‘സർഗം’, ‘മിമിക്സ് പരേഡ്’ തുടങ്ങിയ താര രഹിത കൊമേഴ്സ്യൽ ചിത്രങ്ങൾക്കും അതോടൊപ്പം അരവിന്ദന്റെ ‘ചിദംബരം’,  അടൂർ ഗോപാലകൃഷ്ണറ്റെ ഒട്ടുമിക്ക ചിത്രങ്ങൾക്കും പോസ്റ്റർ ഡിസൈൻ ഒരുക്കിയത് ഗായത്രി അശോകനാണ്. ഈ പറഞ്ഞ ചിത്രങ്ങളൊക്കെയും ഗായത്രിയുടെ പരസ്യത്താൽ കൊമേർസ്യൽ വിജയം നേടിയ ചിത്രങ്ങളാണ് എന്നതാണ് ഏറെ കൌതുകകരം. പഴയതുപോലെ മലയാള സിനിമയിൽ സജ്ജീവമല്ലെങ്കിലും “ഓഗസ്റ്റ് ക്ലബ്ബ്’, ‘ഇലക്ട്ര’ ഈ അടുത്ത കാലത്ത് മലയാള സിനിമയുടെ ഗതിമാറ്റിവിട്ട ‘ട്രാഫിക്’ എന്നിവയിലൂടെ ഗായത്രി അശോകൻ മലയാളസിനിമയിൽ ഇപ്പോഴും സാന്നിദ്ധ്യമുറപ്പിച്ചു നിൽക്കുന്നു.