ഷഹബാസ് അമൻ

Name in English: 
Shahabaz Aman

മലപുറത്തുനിന്നുള്ള മലയാളത്തിന്റെ സ്വന്തം ഗസൽ ഗായകനാൺ റഫീക്കെന്ന ഷഹ്ബാസ് അമൻ . വ്യക്തിത്വത്തിലുള്ള നന്മകളും സുന്ദരമായ ഭാവങ്ങളും ചേർന്നാലൊരു ഗായകനെങ്ങിനെയാകുമൊ അതാൺ ഷഹ്ബാസ്. ചിത്രകാരനും  ഫുട്ബോൾ കളിക്കാരനും പ്രകൃതിസ്നേഹിയുമായ ഷഹ്ബാസിന്റെ സംഗീതം , തന്റെ എല്ലാ ഭാവങ്ങളുടെയും വ്യക്തിത്വത്തിന്റെയും കൂടിച്ചേരലാണെന്ന് അദ്ദെഹം തന്നെ പറയുന്നു. ബാങ്കുവിളിയിലും ഓത്തുചൊല്ലലിലും അതിലെ സംഗീതാത്മകത കണ്ടെത്തിയ ഷഹ്ബാസിൻ ഏതു ആൾക്കൂട്ടത്തിനു മുൻപിലും പാടാനുള്ള ചങ്കൂറ്റം കിട്ടിയതോ ഫുട്ബോളിൽ നിന്നും.


തന്നെ ഉറക്കാൻ സ്വയം പാട്ടുകൾ ഉണ്ടാക്കിയിരുന്ന ഉമ്മയുടെ പാട്ടുകളാൺ ഷഹ്ബാസിന്റെ മനസിൽ ആദ്യമുണ്ടായ സംഗീതാനുഭവം .  ഗുരുനാഥനായ കെ പി എ സമദിന്റെ അനുഗ്രഹത്തോടേ നടത്തിയ മൂന്നരമണിക്കൂർ നീണ്ട ഗസൽ പരിപാടി ഷഹ്ബാസിനെ ചിത്രകാരൻ എന്നതിൽനിന്നും ഒരു പാട്ടുകാരനാക്കി. ഗഫൂർ ഭായ് എന്ന ഹാർമോണിയ ഗുരുനാഥൻ പകർന്നു കൊടൂത്ത സംഗീതപാഠങ്ങളുമായി ജീവിതത്തിലേക്ക് സൂഫി സംഗീതവും ഗസലുകളും സ്വീകരിച്ചു. 
സൂഫി സംഗീതവും സൈഗാളും റാഫിയും മുകേഷും നിറഞ്ഞ മനസിലേക്ക് പ്രണയത്തിന്റെ എല്ലാ ഭാവങ്ങളോടൂം കൂടി അനാമിക വന്നതോടെ ഷഹ്ബാസിന്റെ സംഗീതത്തിനൊരു പുതിയ തുടക്കമായി.‘ സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് & വൈറ്റ് ‘ എന്ന പേരിൽ ആദ്യ ചിത്രപ്രദർശനം നടത്തിയ ഷഹ്ബാസിന്റെ ആദ്യ ആൽബത്തിന്റെ പേരും അതു തന്നെയായിരുന്നു.  ദുഖഭരിതവും ഭാവപൂർണ്ണവുമായ ശബ്ദവും, തന്റെ പ്രത്യേകതയുള്ള ആലാപനവുമായി   കഴിഞ്ഞ ഒരു ദശാബ്ദമായി ഷഹ്ബാസ് മലയാള സംഗീതത്തിൽ നിറഞ്ഞുനിൽക്കുന്നു. 

മലബാറി സോങ്ങ്സ് , സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയില്‍, സഹയാത്രിക, അലകള്‍ക്ക്  തുടങ്ങിയവയാൺ ഷഹ്ബാസിന്റെ മലയാള അൽബങ്ങൾ . പകൽ‌നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ് തുടങ്ങിയ സിനിമകളിൽ ഷഹ്ബാസ് പാടിയിട്ടുണ്ട്