സമ്മിലൂനീ സമ്മിലൂനീ
സമ്മിലൂനീ, സമ്മിലൂനീ
കിസ്സകളിലിശ്‌ഖിന്റെ
അജബുകളോതിയ
ഔലിയ പറഞ്ഞില്ല
മൗത്താണ് മുഹബ്ബത്തെന്ന്,
ആലമിലിരവും പകലും
ആഫത്തിന്റെ തിര പൊന്തും
ബഹറു മുഹബ്ബത്ത്, ഖല്‍ബോ മുസീബത്ത്.
നിലാവിന്റെ കിബ്‌റ് കൂട്ടും
ഹൂറീ
എന്റെ ഹൂറീ
അക്കരെ
നിന്റെ കാനോത്ത്
ഇക്കരെ.. ഇക്കരെ...
നമ്മുടെ മുഹബ്ബത്തിന്റെ മയ്യത്ത്..
എന്റെ ഖല്‍ബതിനു മഖ്‌ബറ... മഖ്‌ബറ...മഖ്‌ബറ...
സമ്മിലൂനീ, സമ്മിലൂനീ......
----------------------------------------------------------------------
(ഈ ഗാനത്തിലെ അറബി വാക്കുകളുടെ അർത്ഥവും വരികളുടെ സാരവും)
സമ്മിലൂനീ.... എന്നെ പുതപ്പിട്ട് മൂടൂ...ചേർത്ത് പിടിക്കൂ എന്നൊക്കെ അർഥം,
മുഹമ്മദ് നബി ഒരു ബേജാറിന്റെ സമയത്ത് പത്നി ഖദീജയോട് പറഞ്ഞ വാക്കുകൾ.
ഖിസ്സ : കഥകൾ
ഇഷ്ക്ക് : പ്രണയം
അജബുകൾ : അൽഭുതങ്ങൾ
ഓതിയ : പറഞ്ഞ
ഔലിയ : സൂഫികൾക്ക് പൊതുവേ മലബാറിൽ പറയുന്ന പേര്
മൗത്ത് : മരണം
മുഹബ്ബത്ത് : പ്രണയം
(കഥകളിൽ പ്രണയത്തിന്റെ അല്ഭുതങ്ങൾ പറഞ്ഞു തന്ന സൂഫി പറഞ്ഞിരുന്നില്ല, മരണമാണ് പ്രണയമെന്ന്)
ആലം : പ്രപഞ്ചം
ബഹർ : സമുദ്രം
ഖൽബ് : ഹൃദയം
മുസീബത്ത് : അപകടം
(പ്രപഞ്ചത്തിലെ രാത്രിയും പകലും ആപത്തിന്റെ തിര പൊന്തുന്ന സമുദ്രമാണ് പ്രണയം, ഹൃദയമോ അപകടവും)
കിബ്ർ : അഹങ്കാരം
ഹൂറി : അപ്സരസ്
കാനോത്ത് : വിവാഹം
മയ്യത്ത് : മൃതദേഹം
മഖ്ബറ : ശവകുടീരം...
(നിലാവിന്റെ അഹങ്കാരം കൂട്ടുന്ന എന്റെ സ്വർഗീയ സുന്ദരീ അക്കരെ നിന്റെ വിവാഹം, ഇക്കരെ നമ്മുടെ പ്രണയത്തിന്റെ മൃത ശരീരം, എന്റെ ഹൃദയമാണ് അതിന്റെ ശവ കുടീരം).