ലാൽ

Lal
Date of Birth: 
ചൊവ്വ, 2 December, 1958
സിദ്ദിക്ക് ലാൽ
M P Michael
എഴുതിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 9
സംവിധാനം: 10
കഥ: 14
സംഭാഷണം: 11
തിരക്കഥ: 12

1958 ഡിസംബറിൽ  എം എ പോളിന്റെയും ഫിലോമിനയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. മൈക്കിൾ എന്നായിരുന്നു യഥാർത്ഥ നാമം. പിതാവ്‌ പോൾ കൊച്ചിൻ കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത്‌ തബല പഠിക്കുന്നതിന് അവിടെ ചേർന്നു. ലാൽ പിന്നീട് കലാഭവനിലെ മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ ഉയർന്നുവന്നു. തന്റെ ബാല്യകാല സുഹൃത്തായ സിദ്ദിഖിനൊടൊപ്പമാണ് അദ്ദേഹം കലാഭവനിൽ പ്രവർത്തിച്ചിരുന്നത്. കലാഭവൻ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ്‌ പരേഡ്‌ എന്ന ചിരിവിരുന്നിന്റെ ആദ്യ പതിപ്പിൽ അണിനിരന്ന കലാകാരൻമാരിൽ ലാലും ഉണ്ടായിരുന്നു. 1985-ൽ സിദ്ദിഖിനോടൊപ്പം നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ ഫാസിലിന്റെ സംവിധാന സഹായിയായിച്ചേർന്നു. തുടർന്ന് ഫാസിലിന്റെ തന്നെ പൂവിന് പുതിയ പൂന്തെന്നൽ എന്ന സിനിമയിലും സഹസംവിധായകരായി അവർ.  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചതും ലാലും സിദ്ദിഖും ചേർന്നായിരുന്നു.

സിദ്ദിഖ്-ലാൽ എന്ന കൂട്ടുകെട്ടിൽ അവർ സ്വതന്ത്ര സംവിധായകരായി. 1989ൽ  റാംജിറാവു സ്പീക്കിംഗ് ആയിരുന്നു ആ കൂട്ടുകെട്ടിൽ പിറന്ന ആദ്യ സിനിമ. തുടർന്ന് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകൾ കൂടി അവർ സംവിധാനം ചെയ്തു. ഈ സിനിമകളുടെ തിരക്കഥ, സംഭാഷണം രചിച്ചതും അവർ രണ്ടുപേരും ചേർന്നായിരുന്നു. പിന്നീട് അവർ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും വേറെ വേറെ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. സിദ്ദിഖ് ഹിറ്റ്ലർ എന്ന സിനിമ സംവിധാനം ചെയ്തപ്പോൾ ലാൽ അതിന്റെ നിർമ്മാതാവായി. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിൽ നെഗറ്റീവ് കാരക്ടർ ചെയ്തുകൊണ്ട് ലാൽ തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. നിരവധി ചിത്രങ്ങളിൽ ലാൽ സഹനായകനായും, വില്ലനായും കാരക്ടർ റോളുകളിലും അഭിനയിച്ചു. തെങ്കാശിപ്പട്ടണം, തൊമ്മനും മക്കളും, കല്യാണരാമൻ, ബ്ലാക്ക്.. തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ലാലിന്റെ താരമൂല്യം വർദ്ധിപ്പിച്ചു.

അഭിനയത്തോടൊപ്പം സംവിധാന രംഗത്തേക്കും കടന്ന ലാൽ 2009-ൽ 2 ഹരിഹർ നഗർ എന്ന ചിത്രം സംവിധാനം ചെയ്തു. ആ സിനിമയുടെ വിജയത്തെത്തുടർന്ന് നാൽ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. ലാൽ ക്രിയേഷൻ എന്ന നിർമ്മാണക്കമ്പനി സ്ഥാപിച്ച അദ്ദേഹം  ആദ്യമായി നിർമ്മിച്ച ചിത്രം ഹിറ്റ്ലർ ആയിരുന്നു. തുടർന്ന് എട്ട് സിനിമകൾ ലാൽ ക്രിയേഷൻ നിർമ്മിച്ചു. ലാൽ നായകനായ ഓർമ്മച്ചെപ്പ് വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട അദ്ദേഹത്തിന്റെ തന്നെ വിതരണ കമ്പനിയായ ലാൽ റിലീസും ഇന്ന് ഏറെ സജീവമാണ്‌. എട്ട് സിനിമകൾക്ക് ലാൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്. മലയാള സിനിമകൾ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് ലാൽ. 2012-ൽ ഒഴിമുറി എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് കമ്മിറ്റിയുടെ പ്രത്യേകപരാമർശത്തിന് ലാൽ അർഹനായി. 2008-ലും 2013-ലും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് ലാൽ അർഹനായി.

ലാലിന്റെ ഭാര്യ നാൻസി, രണ്ട് മക്കളാണ് അവർക്കുള്ളത്. ജീൻ പോൾ ലാൽ, മോണിക്ക ലാൽ. മകൻ ജീൻ പോൾ ലാൽ സംവിധായകനാണ്.

ഫേസ്ബുക്ക് പേജ്