മുരളി ഗോപി

Murali Gopy
Date of Birth: 
Saturday, 4 March, 1972
Murali Gopi
മുരളീ ഗോപി
വി ജി മുരളികൃഷ്ണൻ
എഴുതിയ ഗാനങ്ങൾ: 5
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 12
കഥ: 4
സംഭാഷണം: 6
തിരക്കഥ: 8

മുരളി ഗോപി

നടൻ, തിരക്കഥാകൃത്ത്, ഗായകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രശസ്തനായ മുരളി ഗോ‍പി, മലയാളസിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടേയും ജയലക്ഷ്മിയുടെയും മകനാണ്. 1972 മാർച്ച് 4നു തിരുവനന്തപുരത്താണു ജനനം.

2004ൽ ലാൽജോസിന്റെ രസികൻ എന്ന സിനിമയ്ക്ക് തിരക്കഥയുമായാണു സിനിമയിൽ അരങ്ങേറുന്നത്. പ്രസ്തുത ചിത്രത്തിൽ വില്ലൻ വേഷം ചെയ്തതിനൊപ്പം ചാഞ്ഞു നിൽക്കണ പൂത്ത മാവിന്റെ എന്നു തുടങ്ങുന്ന ഒരു ഗാനവും ആലപിച്ചു. കാളഭാസ്കരൻ എന്ന ആ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമ ബോക്സോഫീസിൽ വലിയ ഹിറ്റ് ആകാത്തതുകൊണ്ടാകാം, മുരളി പിന്നെ കുറേ കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു. പിന്നീട് 2009-ൽ മോഹൻലാൽ 
അഭിനയിച്ച ബ്ലസ്സി ചിത്രമായ ഭ്രമരത്തിലെ “ഡോക്ടർ അലക്സ്” എന്ന വേഷത്തിലൂടെ വീണ്ടും മലയാളത്തിൽ എത്തി. അതിനുശേഷം മലയാള സിനിമയുടെ ശീലങ്ങൾ മാറ്റുന്ന ചില രചനകളിലൂടെ മുരളി സിനിമയിൽ തന്റെ സ്ഥാനം വരച്ചിട്ടു. മുരളിഗോപിയുടെ രചനയിൽ പുറത്തുവന്ന “ഈ അടുത്ത കാലത്ത്” “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്“ എന്നി ചിത്രങ്ങൾ അക്കാലത്തെ വളരെ ശ്രദ്ധനേടിയ രചനകൾ ആയിരുന്നു.
സിനിമയും കഥകളും വേഗത്തിൽ മാറ്റത്തിന്റെ കാറ്റിനൊപ്പം നീങ്ങുമ്പോൾ അതിന്റെ അമരത്തു തന്നെയാണു മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ സ്ഥാനം. 
കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് തന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളാണ് അദ്ദേഹം.

പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ചെറുകഥയാണു മുരളിയുടെ പ്രസിദ്ധീകരിച്ച ആദ്യ രചന. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിയിലും കലാകൌമുദിയിലും ചെറുകഥകൾ ചെറുപ്പം മുതൽ എഴുതിയിരുന്നു. അവയിൽ പലതും സമാഹാരങ്ങൾ ആയിട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

2021-ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'തീർപ്പ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം നിർമ്മാതാവിന്റെ മേലങ്കി കൂടി അണിഞ്ഞു.

ഇദ്ദേഹത്തിന്റെ ഭാര്യ അഞ്ജന തന്റെ മുപ്പത്തി എട്ടാം വയസിൽ 2015 എപ്രിൽ 26 നു ഹൃദയസ്തംഭനം മൂലം അന്തരിച്ചു. മക്കൾ ഗൗരിയും ഗൗരവും.