ഉഷാ ഉതുപ്പ്

Usha Uthup
Usha Uthup-Singer
Date of Birth: 
Saturday, 8 November, 1947
Deedi
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 13

ബോംബെയിൽ പോലീസ് കമ്മീഷണർ ആയിരുന്ന ചെന്നൈ സ്വദേശി വൈദ്യനാഥ സോമേശ്വര സ്വാമിയുടെ മകളായി ഉഷാ വൈദ്യനാഥ സോമേശ്വര സ്വാമി എന്ന  ഉഷാ ഉതുപ്പ് 1947 നവംബർ 8 ആം തിയതി മുംബൈയിൽ ജനിച്ചു.

ആറ് മക്കളിൽ അഞ്ചാമതായി ജനിച്ച  ഉഷക്ക് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമാണുള്ളത്. സഹോദരിമാർ ഉമ പോച്ച/ഇന്ദിര ശ്രീനിവാസൻ/മായ സാമി എന്നിവർ ഗായികമാരാണ്.

ഒൻപതാം വയസ്സുമുതൽ പൊതുവേദികളിൽ പാടി തുടങ്ങിയ ഇവർക്ക് സംഗീതഞ്ജനായ അമീൻ സയാനി റേഡിയോയിൽ പാടാൻ അവസരം ഒരുക്കി. പിന്നീട് ഇവർ മൌണ്ട് റോഡിലെ നയൺ ജെംസ് എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി. 

തുടർന്ന് കൊൽക്കത്തയിലെ നിശാക്ലബ്ബിൽ പാട്ടുകാരിയായി. അവിടെ വെച്ച് മലയാളിയായ ജനി ചാക്കോ ഉതുപ്പിനെ വിവാഹം കഴിച്ചു. പിന്നെ ഡൽഹിയിലെ ഒബ്രോയി ഹോട്ടലിൽ ഗായികയായ അവർ 1968 ൽ ഇംഗ്ലീഷ് സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഈ ആൽബങ്ങൾക്ക്  നല്ല ജനസമ്മതിയാണ് ലഭിച്ചത്.  

അങ്ങിനെയിരിക്കെയാണ് ദേവാനന്ദും ശശി കപൂറുമൊക്കെയുള്ള  ചലച്ചിത്ര സംഘം ഒബ്രോയി ഹോട്ടലിൽ വെച്ച്  ഇവരുടെ പാട്ട് കേൾക്കുന്നത്. ഈ  ഗാനാലാപനം ഇഷ്ടപ്പെട്ട ഇവർ അവർക്ക് ആ സിനിമയിൽ പാടാൻ അവസരം കൊടുത്തു.

അങ്ങനെ അവർ തന്റെ ചലച്ചിത്ര സംഗീതയാത്ര ദേവാനന്ദ് 1971 ൽ സംവിധാനം ചെയ്ത ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിലൂടെ തുടങ്ങി.

1972 ലെ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തിൽ അമിതാബ് ബച്ചൻ/ ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പവും അഭിനയിച്ച ഇവർ സംഗീതസംവിധായകരായ ആ.ഡി. ബർമൻ/ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ധാരാളം ഗാനങ്ങൾ ആലപിച്ചു.

ബംഗാളി/ഹിന്ദി/ഇംഗ്ലിഷ്/ പഞ്ചാബി/അസ്സമീസ്/ഒറിയ/ഗുജറാത്തി/ മറാത്തി/കൊങ്ങണി/മലയാളം/കന്നട/ തമിഴ്/തുളു/തെലുങ്ക് തുടങ്ങി 16 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഇവർ ഡച്ച്/ഫഞ്ച്/ജർമ്മൻ/ഇറ്റാലിയൻ/ സിംഹളീസ്/സ്വഹിലി/റഷ്യൻ/ നേപ്പാളീസ്/അറബിക്/ക്രേയോൾ/ സുളു/സ്പാനീഷ് എന്നീ വിദേശ ഭാഷകളിലുമായി ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്.

2006 ൽ ഇറങ്ങിയ പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഇവർ ഇപ്പോൾ ഭർത്താവുമൊത്ത്   കൊൽക്കത്തയിലാണ് താമസം. സണ്ണി/അഞ്ജലി എന്നിവരാണ് മക്കൾ.