കെ ആർ മനോജ്‌

K R Manoj
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്  താലൂക്കിലെ പനയമുട്ടം എന്ന ഗ്രാമത്തിൽ അദ്ധ്യാപക ദമ്പതികളുടെ മകനായി 1974 ജൂലൈ 30 ന് ജനിച്ചു. ഗണിത ശാസ്ത്രത്തിൽ ബിരുദം, മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം. പത്രപ്രവർത്തകനായി തുടക്കം. തുടർന്ന് പൂർണ്ണമായും ചലച്ചിത്രരംഗത്ത്. തിരക്കഥാകൃത്തും സംവിധായകനും.  കഥാ ചിത്രങ്ങളിലും കഥേതരചിത്രങ്ങളിലും ഒരുപോലെ സജീവം.

തിരുവനന്തപുരത്തെ ബിരുദ പഠനകാലം മുതൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ  പ്രവർത്തകൻ. '90 കൾ മുതൽ കേരളത്തിൽ നടന്ന  ഒട്ടനവധി ചലച്ചിത്ര മേളകളുടെ സംഘാടനത്തിൽ  പല നിലകളിൽ പങ്കാളിത്തം. 'സൈൻസ്‌ '   ഹ്രസ്വചിത്ര - ഡോക്യുമെന്‍ററി മേളയുടെ ആദ്യകാല സംഘാടകനും ക്യൂറേറ്ററും ചലച്ചിത്ര പഠന പ്രസിദ്ധീകരണമായ  'ദൃശ്യതാള' ത്തിൻ്റെ  മുൻ എഡിറ്ററുമായിരുന്നു

2003 ൽ പുറത്തു വന്ന 'അഗ്നി' എന്ന ഹ്രസ്വ ചലച്ചിത്രമാണ്  ആദ്യ സംവിധാന സംരംഭം. എസ് സിതാരയുടെ കഥയെ അവലംബിച്ച് നിർമ്മിച്ച 'അഗ്നി' 2004 ലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ ചരിത്രം ആസ്പദമാക്കി 2007-ൽ നിർമ്മിച്ച ' 16 എം എം ; മെമ്മറീസ്, മൂവ്മെൻ്റ് ആൻ്റ് എ മെഷീൻ '  എന്ന ഡോക്യുമെന്ററി  2008-ലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം ആയിരുന്നു. 2010 -ൽ  നിർമ്മിച്ച 'എ പെസ്റ്ററിങ്‌ ജേർണി' എന്ന ചിത്രത്തിന്   മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടി. സ്വതന്ത്ര ഇന്ത്യയിലെ രണ്ടു പാരിസ്ഥിതിക ദുരന്തങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ചിത്രം. 2013-ൽ പുറത്തു വന്ന 'കന്യക ടാക്കീസ് ' എന്ന ചിത്രം നിരവധി ദേശീയ, അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ പനോരമയുടെ ഉദ്‌ഘാടന ചിത്രമായിരുന്ന 'കന്യക ടാക്കീസ്'  മികച്ച നവാഗത സംവിധായകന്റേതടക്കം മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടുകയുണ്ടായി . മുസിരിസ് പൈതൃക പദ്ധതിയിലെ കേസരി മ്യൂസിയത്തിന് വേണ്ടി 2015 -ൽ  നിർമ്മിച്ച വീഡിയോ ഉപന്യാസമായ ' കേസരി ',  പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്റിംഗ്‌ ട്രസ്റ്റും ദൂരദർശനും സംയുക്തമായി 2017 -ൽ  നിർമ്മിച്ച ' വർക്ക് ഓഫ് ഫയർ ' തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.

ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം, വസുധ പുരസ്കാരം, ഇന്റര്നാഷണൽ ക്രിട്ടിക്സ് പ്രൈസ് , ഐ ഡി പി എ സുവർണ്ണ പുരസ്ക്കാരം, ദൽഹി മുഖ്യമന്ത്രിയുടെ പരിസ്ഥിതി സംരക്ഷണ  പുരസ്ക്കാരം തുടങ്ങി അനേകം ചലച്ചിത്ര പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.