ആലപ്പുഴ സ്വദേശി. ജനനം സൗദി അറേബ്യയിയിലെ റിയാദിൽ 1990 ഒക്ടോബർ 14ന്. റിയാദിലെ തന്നെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പഠനം പൂർത്തിയാക്കിയ ശേഷം ഓഡിയോ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും സ്‌കൂൾ ഓഫ് ഓഡിയോ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (SAE)ൽ നിന്ന് ഓഡിയോ പ്രൊഡക്ഷനിൽ ബിരുദവും നേടി. ചെറുപ്പകാലം മുതൽ തന്നെ കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പ്രൊഫഷണൽ പരിശീലനം നേടി. 8-ആം വയസ്സ് മുതൽ പാടാനും 11ആം വയസ് മുതൽ പിയാനോ പഠിക്കാനുമാരംഭിച്ചു.
2007ൽ സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്കെത്തിയ ഹിഷാം ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും ജഡ്ജസിന്റെയും കാണികളുടെയും പ്രശംസ നേടുകയും ചെയ്തിരുന്നു. സ്റ്റാർ സിങ്ങർ വേദിയിൽ നിന്നുള്ള പരിചയങ്ങൾ ഹിഷാമിന് ചലച്ചിത്രരംഗത്തും തുടക്കമിടാൻ സഹായകമായി. 2013ൽ പുറത്തിറക്കിയ മേരി ദു-ആ എന്ന സിംഗിളായിരുന്നു ആദ്യത്തെ റെക്കോർഡിംഗ് പ്രോജക്റ്റ്. തുടർന്ന് ബ്രീട്ടീഷ്-ഇറാനിയൻ സംഗീതജ്ഞനായ സമി യൂസഫുമായി ചേർന്ന് "ഖദം ബദാ" എന്ന സൂഫി സംഗീത ഫ്യൂഷൻ ആൽബവും പുറത്തിറക്കി.
സാൾട്ട് മാംഗോ ട്രീ എന്ന മലയാള സിനിമയിലൂടെയാണ് സംഗീതസംവിധായകനായി തുടക്കമിടുന്നത്. തുടർന്ന് സംഗീതസംവിധായകനായും ഗായകനായും മലയാള സംഗീതശാഖയിലും തമിഴുൾപ്പടെയുള്ള അന്യഭാഷകളിലും സാന്നിധ്യമറിയിച്ച് നിൽക്കുന്ന സംഗീതജ്ഞനായി മാറി. ആദ്യ സിനിമക്ക് ശേഷം കപ്പൂച്ചിനോ, പ്രേതമുണ്ട് സൂക്ഷിക്കുക, മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള, വർത്തമാനം, ചുഴൽ, ആനപ്പറമ്പിലെ വേൾഡ് കപ്പ്, മധുരം, ഹൃദയം തുടങ്ങിയ ചിത്രങ്ങൾക്കൊക്കെ സംഗീത സംവിധാനം നിർവ്വഹിച്ചു.
മികച്ച ഗായകനും നവാഗത സംഗീതപ്രതിഭയടക്കമുള്ള ചാനൽ അവാർഡുകൾ ലഭ്യമായിട്ടുണ്ട്.
2018ൽ വിവാഹം ചെയ്ത അയിഷത്ത് സഫയാണ് ഹിഷാമിന്റെ പങ്കാളി.
ഹിഷാമിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ | ഇൻസ്റ്റഗ്രാം പേജ് | IMDB പ്രൊഫൈൽ