ഉദയ് രാമചന്ദ്രൻ

Uday Ramachandran

മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധേയനായ ഗായകനാണ്  കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ ഉദയ് രാമചന്ദ്രൻ. 
പിന്നണി ഗായകൻ, സംഗീത സംവിധായകൻ, കർണ്ണാടക സംഗീതജ്ഞൻ , സംഗീത അദ്ധ്യാപകൻ, വോയിസ് ട്രെയ്നർ, എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.

അജ്മൽ സംവിധാനം നിർവഹിച്ച് 2012 ൽ പുറത്തിറങ്ങിയ "ഡോക്ടർ ഇന്നസെന്റാണ്" എന്ന സിനിമയിലെ 'സ്നേഹം പൂക്കും തീരം' ആണ് ഉദയിന്റെ ആദ്യഗാനം. സിനിമാ ഗാനങ്ങൾ, ആൽബങ്ങൾ, ഭക്തിഗാനങ്ങൾ എന്നീ വിഭാഗത്തിലായി അഞ്ഞൂറിലേറെ ഗാനങ്ങൾ ഉദയിന്റേതായി ഇതിനോടകം പുറത്തെത്തിയിട്ടുണ്ട്.

ഡോൺ മാക്സിന്റെ സംവിധാനത്തിൽ  പുറത്തിറങ്ങിയ  പത്ത് കൽപനകളിലെ "ഋതുശലഭമേ" എന്ന ശ്രേയാ ഘോഷാലുമൊത്തുള്ള ഗാനം എടുത്തു പറയേണ്ടതാണ്.ചെറിയപ്രായം മുതൽ തന്നെ അച്ഛന്റെ ജ്യേഷ്ഠൻ വി എൻ രാജന്റെ കീഴിൽ സംഗീതം പഠിച്ചു തുടങ്ങിയ ഉദയ്, തൃപ്പൂണിത്തുറ ആർ എൽ വി മ്യൂസിക് അക്കാദമിയിൽ നിന്നാണ്  ഗാനഭൂഷണം നേടിയത്. തുടർന്ന് നിരവധി വേദികളിൽ സംഗീതക്കച്ചേരികൾ അവതരിപ്പിച്ചുവരുന്നു.സ്വന്തമായി ഒരു മ്യൂസിക് ബാൻഡും ഉണ്ട്. 

എം ജി സർവകലാശാല കലോത്സവങ്ങളിൽ ലളിതഗാനമൽസരത്തിൽ  വിജയിയായിരുന്നു ഉദയ്.ഗായകൻ വി ദേവാനന്ദ് ചിട്ടപ്പെടുത്തിയ "ആവണി പൗർണ്ണമി മുഖം നോക്കുവാനെത്തും" എന്ന ലളിതഗാനമാണ് ഉദയ് എന്ന ഗായകനെ ശ്രദ്ധേയനാക്കിയത്. കർണാടക സംഗീതത്തിൽ എൻ പി രാമസ്വാമിയും, താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയും, ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉസ്താദ് ഫൈയാസ് ഖാനും, മോഹൻകുമാറുമാണ് ഗുരുക്കന്മാർ. നിരവധി സ്റ്റേജുകളിൽ കഴിവ് തെളിയിച്ച ഉദയ്; യേശുദാസ്, ചിത്ര, വാണിജയറാം, എസ് ജാനകി ,പി ജയചന്ദ്രൻ തുടങ്ങി മിക്ക സംഗീതജ്ഞരുടെയും കൂടെ പാടിയിട്ടുണ്ട്.തൃപ്പുണിത്തുറ ശ്രുതി ഓർക്കസ്ട്രയിൽ പാടുന്ന കാലയളവിലാണ് ഭക്തിഗാനങ്ങൾക്ക് ട്രാക്ക് പാടാനുള്ള അവസരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തുന്നത്. തുടർന്ന് യേശുദാസ്, ജയചന്ദ്രൻ, ചിത്ര, തുടങ്ങിയവർക്കു വേണ്ടിയും ട്രാക്കുകൾ പാടിയിട്ടുണ്ട്.

ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയ മലയാളത്തിലെ പ്രശസ്തരായ എല്ലാ സംഗീതജ്ഞർക്കൊപ്പവും വർക്ക്‌ ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമാഗാനങ്ങൾക്കു പുറമേ നിരവധി ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഭക്തിഗാനങ്ങളും ഉദയ് പാടിയിട്ടുണ്ട്. വചനോത്സവം എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിലൂടെയായിരുന്നു തുടക്കം. ടി എസ് രാധാകൃഷ്ണജി, രാജാമണി, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, വിദ്യാധരൻ മാസ്റ്റർ, കെ എം ഉദയൻ, എം ജി അനിൽ, സന്തോഷ് വർമ തുടങ്ങിയ പ്രശസ്തരായ സംഗീതസംവിധായകർ ഈണമിട്ട ആൽബങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട്.

സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം ദൂരദർശനിൽ 'എന്നുണ്ണിക്കണ്ണൻ ഉറങ്ങാൻ' എന്ന സീരിയലിനു വേണ്ടിയും ഏഷ്യാനെറ്റ് ചാനലിലെ 'സ്വരരാഗം' എന്ന സീരിയലിനു വേണ്ടിയും ടൈറ്റിൽ മ്യൂസിക് ഒരുക്കിയത് മുതലായിരുന്നു ആ തുടക്കം.നിരവധി ആൽബങ്ങൾക്കു വേണ്ടി സംഗീത സംവിധാനവും, ഓർക്കസ്ട്രേഷനും ചെയ്തുവരുന്നു.

കുവൈറ്റിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷനായ 98.4 യു എഫ് എമ്മിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം തലവനായും മ്യൂസിക് മാനേജറായും ഉദയ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണിയുടെ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം.

Uday Ramachandran