സൂരജ് എസ് കുറുപ്പ്

Sooraj S Kurupp
Date of Birth: 
തിങ്കൾ, 10 December, 1990
എഴുതിയ ഗാനങ്ങൾ: 14
സംഗീതം നല്കിയ ഗാനങ്ങൾ: 29
ആലപിച്ച ഗാനങ്ങൾ: 14

1990 ഡിസംബർ 10 ന് കെ ജി സജികുമാറിന്റെയും സതീദേവിയുടെയും മകനായി കോട്ടയം ജില്ലയിലെ കറുകച്ചാലിനടുത്തുള്ള ചമ്പക്കരയിൽ ജനിച്ചു. പത്താംക്ലാസ് വരെ നെടുങ്ങാനപ്പള്ളി സി എം എസ് ഹൈസ്ക്കൂളിലും, പ്സസ്ടു പഠിച്ചത് കോട്ടയം കാരപ്പുഴ എൻ എസ് എസ് ഹൈസ്ക്കൂളിലായിരുന്നു. കോട്ടയം സി എം എസ് കോളേജിൽ നിന്നും ബി എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ആൻഡ് ജേർണ്ണലിസം പാസ്സായതിനുശേഷം സ്റ്റീഫൻ ദേവസിയുടെ മ്യൂസിക്ക് ലോഞ്ച് സ്ക്കൂൾ ഓഫ് ഓഡിയോ ടെക്നോളജിയിൽ നിന്നും ഓഡിയോ എഞ്ചിനീയറിംഗ് ആൻഡ് മ്യൂസിക്ക് ടെക്നോളജി കഴിഞ്ഞു.

സ്ക്കൂൾ പഠനകാലത്തുതന്നെ സൂരജ് മൃദംഗം പഠിയ്ക്കാൻ തുടങ്ങിയിരുന്നു. തൃക്കൊടിത്താനം സുഭാഷ് വി നായർ ആയിരുന്നു ഗുരു. പാട്ടിൽ ഗുരുവായത് അമ്മതന്നെയായിരുന്നു. സ്ക്കൂൾ കലോത്സവങ്ങളിൽ ലളിതഗാന മത്സരങ്ങളിൽ പങ്കെടുത്തിരുന്ന സുരജിന് അവയെല്ലാം പഠിപ്പിച്ചിരുന്നത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. കോളേജിൽ പഠിച്ചിരുന്ന സമയത്ത് "പുനർജനി" എന്നൊരു കാമ്പസ് ഫിലിം ചെയ്തിരുന്നു. അതിനുശേഷം ഓഗസ്റ്റ് ക്ലബ്ബ് since 1969 എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. 

സിനിമാസംഗീതത്തിലേയ്ക്ക് സൂരജ് വരുന്നത് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെയായിരുന്നു. ആ ചിത്രത്തിന് ഗാനരചന, സംഗീത സംവിധാനം, ആലാപനം എന്നിവയെല്ലാം നിർവ്വഹിച്ച ഗാനങ്ങൾ ഹിറ്റുകളായത് അദ്ദേഹത്തിന് ഒരു നല്ല തുടക്കം നൽകി. തുടർന്ന് സോളോ എന്ന സിനിമയിലാണ് സംഗീതം നൽകിയത്. സോളോയിലെ സീതാകല്യാണം.. എന്ന ഗാനത്തിന്റെ സംഗീതത്തിന് മികച്ച സംഗീതസംവിധായകനുള്ള ടൊറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് സൂരജിന് ലഭിച്ചു. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, എന്ന സിനിമയിൽ ഒരു ഗാനവും, ആൻമരിയ കലിപ്പിലാണ് എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും അലമാര യിൽ പശ്ചാത്തല സംഗീതവും, പാട്ടുകളും ചെയ്തു. കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമയിലെ ഗാനങ്ങളും ചെയ്തു. ഇവയെല്ലാമാണ് സൂരജിന്റെ പ്രധാന വർക്കുകൾ.

 വള്ളീം തെറ്റി പുള്ളീം തെറ്റി, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, സഖാവ്, സോളോ, കിലോമീറ്റേഴ്സ് ആൻഡ് കിലോമിറ്റേഴ്സ് എന്നീ സിനിമകൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചിട്ടൂണ്ട്. ഒരു ഗായകൻ കൂടിയായ സൂരജ് താൻ സംഗീതം നൽകിയ സിനിമകളിലെല്ലാം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സൂരജ് ആദ്യമായി അഭിനയിക്കുന്നത് സഖാവ് എന്ന സിനിമയിലാണ്. അതിനുശേഷം ലൂക്കദി കുങ്‌ഫു മാസ്റ്റർ എന്നീ സിനിമകളിലും അഭിനയിച്ചു.

സൂരജ് എസ് കുറുപ്പിന്റെ ഭാര്യ ശ്രീവിദ്യ ബാലരാമൻ ടെക്നിക്കൽ റൈറ്ററായി വർക്ക് ചെയ്യുന്നു.