അദിതി നായർ
ആറ് വയസ്സ് മുതൽ സ്വന്തമായി പാട്ടുകൾ എഴുതിത്തുടങ്ങിയ അദിതി നായർ, പന്ത്രണ്ടാം വയസ്സിൽ ബൂം ബൂം ക്ലിക് എന്ന പേരിൽ ഒരു മ്യൂസിക് വീഡിയോ, പാട്ടെഴുതി സംഗീതം നൽകി ആലപിച്ച്, സംവിധാനം ചെയ്ത് പുറത്തിറക്കി ശ്രദ്ധേയ ആയിരുന്നു.
2019ൽ ഗൂഗിൾ ഇൻഡ്യ പുറത്തിറക്കിയ 'ബീ അൺസ്റ്റോപ്പബിൾ' പ്രചരണത്തിലെ 'അപ്നാ ടൈം ആയേഗാ' എന്ന പാട്ടിന്റെ കവർ വെർഷൻ ചെയ്തതും അദിതി ആയിരുന്നു.
തുടർന്ന് 2019ൽ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമയിലെ 'തെളിഞ്ഞ വാനാകെ' എന്ന പാട്ടിലൂടെ അദിതി മലയാളചലച്ചിത്ര രംഗത്തുമെത്തി.
പതിനൊന്നാം വയസ്സ് മുതൽ റാപ്പ് ചെയ്യുന്ന അദിതി നായർ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പർ എന്ന ഖ്യാതി നേടിയിട്ടുണ്ട്.
നിയമപരമായി വൈവാഹികബന്ധം വേർപെടുത്തിയ, അദ്ധ്യാപികയായ കെ എസ് രാധിക നായർ, ഫ്രീലാൻസ് ജേർണലിസ്റ്റായ അനുജ് നായർ എന്നിവരുടെ മകളായ അദിതി നായർ, ഇപ്പോൾ (2020ൽ) ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ആണ്.
സർവശ്രീ മനോജ് കുമാർ ബി ടി, ഇന്ദിര നാഥ് (ഗീതാഞ്ജലി അക്കാദമി, പാൽക്കുളങ്ങര), പദ്മ എന്നിവരാണ് അദിതി നായരുടെ സംഗീതഗുരുക്കൾ.