മലയാളത്തിന്റെ പ്രിയഗായകൻ ജി വേണുഗോപാലിന്റെയും ശ്രീമതി രശ്മിയുടേയും മകനായി ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം. കോളേജിന്റെ കൾച്ചറൽ ടീമിൽ പ്രധാന പങ്കാളിയായിരുന്ന അരവിന്ദ് ഇക്കാലയളവിൽ സുഹൃത്തുമൊത്ത് തയ്യാറാക്കിയ ചില ഗാനങ്ങളാണ് അരവിന്ദിന് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ഈ ഗാനങ്ങൾ ശ്രവിച്ച ഗായകനും സംഗീത സംവിധായകനുമായ ശ്രീനിവാസ് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ച “ദി ട്രെയിൻ” എന്ന ചിത്രത്തിൽ അരവിന്ദിന് ആദ്യമായി സിനിമയിൽ പാടാനുള്ള അവസരമൊരുക്കി .ട്രെയിനിലെ” "ചിറകെങ്ങ് വാനമെങ്ങ്" എന്ന ഗാനമാണ് ആദ്യം പാടിയത്. തുടർന്ന് “ടീനേജ്” എന്ന കന്നഡ ചിത്രത്തിലും പാടി. സംഗീത പാരമ്പര്യം ഉണ്ടെങ്കിലും പ്രൊഫഷണലായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഈ ഗായകൻ തുടർന്ന് വി.കെ പ്രകാശ് സംവിധാനം ചെയ്ത “നെത്തോലി ഒരു ചെറിയ മീനല്ല”, പദ്മകുമാറിന്റെ “ലൈഫ് പാർട്നർ” എന്നീ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു.
സംഗീതത്തിലുപരിയായി പരസ്യമേഖലയിൽ പ്രവർത്തിക്കുക എന്നത് ലക്ഷ്യമിടുന്ന അരവിന്ദ് ബംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി.
അവലംബങ്ങൾ
1. ഡെക്കാൻ ക്രോണിക്കിൾ
2.ഹിന്ദു ആർട്ടിക്കിൾ