സുജേഷ് ഹരി

Sujesh Hari
എഴുതിയ ഗാനങ്ങൾ: 9

കൊട്ടാരക്കരയിലെ പെരുംകുളം ഗ്രാമത്തിൽ ശ്രീ ജി.വിജയൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി  1982 മെയ് 27ന് ജനിച്ചു.  WLPS പെരുങ്കുളം, SVMMVHSS വെണ്ടാർ , SG കോളേജ് കൊട്ടാരക്കര, St.Mary's ട്രെയിനിംഗ് കോളേജ് അടൂർ എന്നീയിടങ്ങളിലായി MCom, MA Psychology BEd എന്നീ യോഗ്യതകൾ കരസ്ഥമാക്കി.

2014 ൽ മറിമായമെന്ന  ടെലിവിഷൻ പരമ്പരയുടെ ടൈറ്റിൽ സോങ്ങിലൂടെ ടെലിവിഷൻ  രംഗത്തെത്തുകയായിരുന്നു. മലയാള ഗാനരചനാമേഖലയിൽ മുൻപേ എഴുതിപ്പോയ കവികളും ഗാനരചയിതാക്കളും  ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നവരും  പുസ്തകങ്ങളും അനുഭവങ്ങളും എല്ലാം ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്. സിനിമയിലെത്തുക എന്ന ലക്ഷ്യത്തോടെ ചെയ്ത 'പേമാരി' എന്ന ആൽബത്തിലെ "തുമ്പപ്പൂപൊലെ ചിരിച്ചും " എന്ന  പാട്ട്  കേട്ട് അഭിനേതാവായ ശ്രീ ബിജു മേനോൻ,  തിരക്കഥാകൃത്ത് സജീവ് പാഴൂർ വഴി "സത്യം പറഞ്ഞാൽ വിശ്വസിക്കുവോ" എന്ന ചിത്രത്തിലേക്ക് വിളിക്കുകയും ആ  ആൽബത്തിലെ വരികളിൽ  മനോഹരമായ ചില നേരിയ മാറ്റങ്ങളോടെ "പുലരിപ്പൂപോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റ് വിതച്ചും" എന്ന ആ ഗാനം സിനിമാരംഗത്തിലേക്കെത്താനൊരു നിമിത്തമാവുകയായിരുന്നു. 

സിനിമയിലേക്കുള്ള തന്റെ ആദ്യത്തെ കാൽവെയ്പ്പിൽത്തന്നെ 2019 ലെ  മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന സർക്കാറിന്റെ അവാർഡ്  "പുലരിപ്പൂ പോലെ ചിരിച്ചും" എന്ന ഗാനം കരസ്ഥമാക്കി. അതിനോടൊപ്പം തന്നെ ആ ഗാനത്തിന് മഴവിൽ മനോരമയുടെ 2019-2021ലെ മികച്ച നവാഗത സംഗീത അവാർഡും ലഭ്യമായി.  ഈശോ, പകലും പാതിരാവും എന്നീ ചിത്രങ്ങളാണ് ഗാനരചയിതാവെന്ന നിലയിലെ ഇദ്ദേഹത്തിന്റെ  പുതിയപ്രോജക്റ്റുകൾ.

ഭാര്യ : ലക്ഷ്മി സുജേഷ് (Psychologist) , മക്കൾ : ഋതുനിലയും, ദലനീഹാരയും ( സിനിമ,സീരിയൽ രംഗത്തെ ബാലതാരങ്ങളാണ് ഇരുവരും)

വിലാസം : Sujesh Hari, Vijayamangalam, Perumkulam PO, Kottatakara, Kollam-691566

സുജേഷ് ഹരിയുടെ മെയിൽ വിലാസം | ഫേസ്ബുക്ക് പേജ്