രേണുക അരുൺ

Renuka Arun
ആലപിച്ച ഗാനങ്ങൾ: 3

വിജയൻ നായർ - പദ്മിനി എന്നിവരുടെ മകളായി എറണാകുളത്ത് ജനനം. പെരുമ്പാവൂരിലെ ക്വീൻ മേരീസ്, അനിത വിദ്യാലയം എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിടെക് ബിരുദം പൂർത്തിയാക്കി. നാല് വയസ്സ് മുതൽ സംഗീത പഠനം തുടങ്ങി, പെരുമ്പാവൂരിലെ സംഗീത അധ്യാപകരായ സുശീല, സരോജ എന്നിവരാണ് ആദ്യ ഗുരുക്കന്മാർ . 1990 മുതൽ ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ ശിഷ്യ.1992ൽ  പെരുമ്പാവൂർ ധർമ്മ ശാസ്ത ക്ഷേത്രത്തിൽ അരങ്ങേറ്റം. മദ്രാസിലെ പ്രശസ്ത സംഗീതജ്ഞ സീത നാരായണൻറെയും ശിഷ്യത്വം. കേരള സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റിവലിൽ ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, രണ്ടിനും ഒന്നാം സ്ഥാനം നേടിയെടുത്ത രേണുക ഇത് വരെ അഞ്ഞൂറോളം ശാസ്ത്രീയ സംഗീത കച്ചേരികൾ നടത്തിയിട്ടുണ്ട്. മദ്രാസ് മ്യസിക് അക്കാദമിയുടെ കർണ്ണാടക സംഗീതത്തിലെ വിജയി. കേന്ദ്രഗവണ്മെന്റിന്റെ സ്കോളർഷിപ്പ് നേടിയ സംഗീതജ്ഞ എന്ന നിലകളിലും ശ്രദ്ധേയയായി.

കർണ്ണാടക സംഗീത കച്ചേരികൾക്ക് ഒപ്പം നിരവധി ഫ്യൂഷൻ കച്ചേരികളും ആൽബവും ചെയ്തിട്ടുള്ള പരിചയമാണ് രേണുകയെ സിനിമയിലും എത്തിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ ഗോപി സുന്ദർ ‘എന്തരോ മഹാനു ഭാവുലു’ എന്ന കൃതി തെലുഗ് സിനിമക്കായി ഫ്യൂഷൻ ചെയ്തപ്പോൾ ഒരു ഓഥന്റിക് ക്ലാസിക്കൽ ഗായികയെ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗിറ്റാറിസ്റ്റ് സുമേഷ് പരമേശ്വർ വഴിയാണ് തിരച്ചിലും ഒപ്പം ഗാനവും രേണുകയിലേക്കെത്തിച്ചേരുന്നത്. 

ലോകപ്രശസ്തനായ സംഗീതജ്ഞൻ യാനിയുടെ കടുത്ത ആരാധികയായ രേണുക സുപ്രസിദ്ധ സംഗീതജ്ഞയായ എം എസ് സുബ്ബലക്ഷ്മിയുടെ മുന്നിലും പലതവണ പാടി അനുഗ്രഹം നേടിയെടുത്തിട്ടുണ്ട്. മട്ടന്നൂരിന്റെ ചെണ്ടക്കും കരുണമൂർത്തിയുടെ തവിലിനും ബെറ്റീനയുടെ ഫ്ലെമിംഗോ ഡാൻസിനും ഹകീം ലൂടിന്റെ കജോണുമൊപ്പം പാടിയിട്ടുണ്ട് എന്നത് രേണുകയുടെ ആലാപനത്തിന്റെ റേഞ്ചും മികവും  തെളിയിക്കുന്ന ഉദാഹരണങ്ങളാണ്. കേരളത്തിൽ ആദ്യമായി ഉണ്ടായ ഫ്യൂഷൻ ബാന്റുളിലൊന്നിലെ ഗായിക ആയിരുന്ന രേണുക പ്രമുഖ ഐ ടി കമ്പനിയിലെ  സോഫ്ട്വെയർ എൻജിനിയർ കൂടിയാണ്. സംഗീതജ്ഞനായ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ബന്ധുവാണ്, അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ യുവജനോത്സവങ്ങളിൽ പാടി  സമ്മാനാർഹയായിട്ടുണ്ട്. തീമാറ്റിക്ക് കർണാടിക് കച്ചേരികൾ,  ഫ്യൂഷൻ ആൽബം എന്നിവയുടെ പണിപ്പുരയിലാണ് രേണുക. ഭർത്താവ് ചേർത്തല സ്വദേശി അരുൺ , സോഫ്ട്വെയർ എൻജിനിയർ ആണ്. മകൾ ആനന്ദിത ഒന്നാം ക്ലാസിൽ പഠിക്കുന്നു.. പെരുമ്പാവൂരിന് സമീപം മഞ്ഞ പെട്ടി എന്നൊരു ഗ്രാമത്തിൽ താമസിക്കുന്ന രേണുകയുടെ സഹോദരൻ വേണുഗോപാൽ ദോഹ ഖത്തറിൽ താമസിക്കുന്നു. 

ഗോപി സുന്ദറിന്റെ സംഗീതത്തിൽ രേണുക ആദ്യമായി പാടിയ സിനിമാ പിന്നണിഗാനം “ എന്തരോ മഹാനുഭാവുലു” താഴെക്കേൾക്കാം. തെലുങ്ക് ചിത്രമായ “ബലേ ബലേ മഗദിവോയ്” എന്ന തെലുങ്ക് ചിത്രത്തിലാണ് ഈ ഗാനം പാടിയിരിക്കുന്നത്. രാമജോഗ്യ ശാസ്ത്രിയാണ് ഈ കീർത്തനത്തിന്റെ രചയിതാവ്.

ഫേസ്ബുക്ക്