ധന്യ സുരേഷ് മേനോൻ

Dhanya Suresh Menon
ധന്യ സുരേഷ്
Dhanya Suresh
എഴുതിയ ഗാനങ്ങൾ: 8
സംഭാഷണം: 1

തൃശൂർ സ്വദേശിനി. 1981 ഓഗസ്റ്റ് 7ന് പി പീതാംബരന്റെയും വസന്തകുമാരിയുടേയും മകളായി ഇരിഞ്ഞാലക്കുടയിൽ ജനിച്ചു.  ജിവി ഹൈസ്കൂൾ നടവരമ്പ, സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ പഠനം. ചാർട്ടേട് അക്കൗണ്ട്സിൽ ഇന്റേൺഷിപ്പും പൂർത്തിയാക്കി. തൈക്കുടം ബ്രിഡ്ജിന്റെ പാട്ടുകളിലൂടെയാണ് പ്രൊഫഷണലായി ഗാനരചനയിൽ തുടക്കമിടുന്നത്. തൈക്കുടത്തിന്റെ പാട്ടുകളിലൂടെ ശ്രദ്ധേയയായതോടെ ഹരമെന്ന സിനിമയിൽ തീവണ്ടി എന്ന പാട്ടെഴുതിക്കൊണ്ട്  മലയാള സിനിമയിലും ഗാനമെഴുതി സിനിമാ രംഗത്തും തുടക്കമിട്ടു. സോളോ എന്ന ദുൽഖർ ചിത്രത്തിൽ സംഭാഷണമെഴുതുകയും ചെയ്തിരുന്നു ധന്യ. ഹിഗ്വിറ്റ, അർച്ചന 31, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയ സിനിമകളിലൊക്കെ തുടർന്ന് പാട്ടുകളെഴുതി മലയാള സിനിമാ രംഗത്ത് സജീവമാണ്.   

സംഗീതകുടുംബമാണ് ധന്യയുടേത്. പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത സഹോദരനാണ്. ഗോവിന്ദിനു പുറമേ വിവേകെന്ന സഹോദരൻ കൂടിയുണ്ട്. അച്ഛൻ പീതാംബരൻ ഗായകനാണ്. വോയിസ് ഓഫ് തൃശൂരെന്ന സംഗീതക്കൂട്ടായ്മയിലൂടെയും തൈക്കുടം ബ്രിഡ്ജിന്റെ പാട്ടുകളിൽക്കൂടെയുമൊക്കെ അദ്ദേഹവും ശ്രദ്ധേയനായിരുന്നു. 

ഭർത്താവ് സുരേഷ് മേനോനും ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ ഭദ്രക്കുമൊപ്പം തൃശൂരിൽ താമസിക്കുന്നു.