ജസ്റ്റിൻ വർഗീസ്
സംഗീത സംവിധായകന്‍ എന്ന നിലയില്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയ ഗാനങ്ങള്‍ ഒരുക്കിയും മികവുറ്റ പശ്ചാത്തല സംഗീതം ഒരുക്കിയും ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധേയന്‍ ആണ് ജസ്റ്റിന്‍ വര്‍ഗീസ്. ശ്രീ. ബിജിബാലിന്റെ കൂടെ പ്രോഗ്രാമ്മര്‍ ആയി കരിയര്‍ ആരംഭിച്ച ജസ്റ്റിന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകന്‍ ആവുകയും തൊട്ടപ്പന്‍, തണ്ണീർമത്തൻ ദിനങ്ങൾ, ജോജി എന്നീ ശ്രദ്ധേയമായ സിനിമകളില്‍ പാട്ടുകളും പശ്ചാത്തല സംഗീതവും ഒക്കെ ഒരുക്കി തന്‍റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
1983 ഒക്ടോബര്‍ 10ന് എറണാകുളം ജില്ലയില്‍ അങ്കമാലിയ്ക്ക് അടുത്ത് കറുകുറ്റിയില്‍ വര്‍ഗീസ് - മേരി ദമ്പതികളുടെ മകനായിട്ടാണ് ജസ്റ്റിന്റെ ജനനം. കറുകുറ്റി - വടക്കേക്കര സെന്റ് ജോസഫ് എല്‍പി സ്കൂള്‍, ഇടക്കുന്ന് O.L.P.H.U.P. സ്കൂള്‍, കറുകുറ്റി സ്റ്റാര്‍ ജീസസ് ഹൈ സ്കൂള്‍ എന്നിവടങ്ങളില്‍ നിന്നും യഥാക്രമം എല്‍പി, യുപി, ഹൈസ്കൂള്‍ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ജസ്റ്റിന്‍ പ്ലസ് ടൂ പഠനത്തിനായി തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആണ് തെരഞ്ഞെടുത്തത്. ഈ കാലയളവില്‍ സെമിനാരിയില്‍ ഉണ്ടായിരിക്കുകയും കലാഭവന്‍ പീറ്റര്‍ എന്ന അധ്യാപകന്‍റെ കീഴില്‍ കീബോര്‍ഡ് പഠിക്കുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഫിലോസഫിയില്‍ ബിരുദം നേടിയിട്ടുണ്ട്.
പള്ളി ക്വയറില്‍ കീബോര്‍ഡ് വായിച്ചു തുടങ്ങിയ ജസ്റ്റിന് പ്രൊഫഷണല്‍ സംഗീതരംഗത്തെയ്ക്ക് വരാന്‍ പ്രചോദനം ആയതു വീടിനടുത്തുള്ള ശ്രീ. ഹെന്‍ട്രി കുരുവിള എന്ന ശ്രീ. എ ആര്‍ റഹ്മാന്റെ പ്രോഗ്രാമ്മര്‍ കൂടിയായ വ്യക്തി ആണ്. ചെന്നൈയില്‍ പ്രസിദ്ധമായ SAE Institute ല്‍ നിന്നാണ് ജസ്റ്റിന്‍ Sound Engineering & Music Production കോഴ്സ് പൂര്‍ത്തിയാക്കിയത്. സംഗീത സംവിധായകന്‍ അഫസല്‍ യൂസഫുമായി ഉള്ള പരിചയം ആണ് സിനിമാ മേഖലയിലേക്ക് വാതില്‍ തുറന്നത്. അഫസല്‍ യൂസഫ് ജസ്റ്റിനെ സംഗീത സംവിധായകന്‍ ശ്രീ. ബിജിബാലിനു പരിചയപെടുത്തി കൊടുക്കുകയും ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ലൗഡ് സ്പീക്കറിന്റെ പശ്ചാത്തല സംഗീതത്തില്‍ പ്രോഗ്രാമ്മര്‍ ആയി പ്രവര്‍ത്തിച്ചു ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ബിജിബാലിന്റെ തന്നെ സംഗീതത്തില്‍ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലെ 'കനല് മലയുടെ മുകളിലൊരിടം..' ആണ് ആദ്യമായി പ്രോഗ്രാം ചെയ്ത ചലച്ചിത്ര ഗാനം. തുടര്‍ന്നു ബിജിബാലിന്റെ കൂടെ ഒരുപാട് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ജസ്റ്റിന്‍ 'ചെമ്പാവ് പൂന്നെല്ലിന്‍ ചോറ്..' (സോള്‍ട്ട് & പെപ്പര്‍), ' എന്താണ് ഭായ്.. (ഡാ തടിയാ), ' മഴനിലാകുളിരുമായ്..' (വിക്രമാദിത്യന്‍), "പുഞ്ചിരികണ്ണുള്ള..' (വെള്ളിമൂങ്ങ), ' കായാംബൂ നിറമായി..' (സൂ സൂ സുധീ വാത്മീകം), ' ഒരു മകരനിലാ..' (റാണി പദ്മിനി) തുടങ്ങി ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് പ്രോഗ്രാമ്മിംഗ് ചെയ്തിട്ടുണ്ട്. ഗോപി സുന്ദര്‍, അല്‍ഫോണ്സ്, അനില്‍ ജോണ്‍സണ്‍, വിശ്വജിത്ത്, സെജോ ജോണ്‍, വിനു തോമസ് എന്നീ സംഗീത സംവിധായകരുടെ കൂടെയും പ്രോഗ്രാമര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് ജസ്റ്റിന്‍.
സിനിമയില്‍ നടനായി അരങ്ങേറ്റം കുറിച്ച അല്‍താഫ് സലീമിമായി ഉള്ള സൗഹൃദം ആണ് അല്താഫിന്റെ സംവിധായകന്‍ എന്ന നിലയില്‍ ഉള്ള അരങ്ങേറ്റ ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ ജസ്റ്റിന്‍റെ സ്വതന്ത്ര സംഗീതസംവിധായകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റത്തിന് വഴിവെച്ചത്. വന്‍ വിജയം ആയ സിനിമയിലെ രണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും ശ്രദ്ധനേടി. തുടര്‍ന്നു തൊട്ടപ്പന്‍ എന്ന സിനിമയിലെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ 'ജാതിക്കാ തോട്ടം..' എന്ന ഗാനം ആണ് ജസ്റ്റിന്റെ ജീവിതത്തിലെ ആദ്യ മെഗാ ഹിറ്റ്. തുടര്‍ന്നു വന്ന ജോജി എന്ന ഗാനങ്ങള്‍ ഇല്ലാത്ത ദിലീഷ് പോത്തന്‍ ചിത്രത്തിലെ പശ്ചാത്തല സംഗീതം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടി മുന്നേറുന്നു. ടിനു പാപ്പച്ചന്‍റെ അജഗജാന്തരം, ലാല്‍ ജോസിന്‍റെ മ്യാവൂ, ഗിരീഷ് എ ഡിയുടെ സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്നു.
2017ല്‍ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ ഗാനങ്ങള്‍ക്ക് റേഡിയോ മിര്‍ച്ചിയുടെ best upcoming music director award ഉം 2020ല്‍ തണ്ണീർമത്തൻ ദിനങ്ങൾക്ക് മികച്ച ജനപ്രിയ സംഗീത സംവിധായകനുള്ള രാമു കാര്യാട്ട് പുരസ്ക്കാരവും ജസ്റ്റിനെ തേടിയെത്തി.
സഹധര്‍മ്മിണി മീര, നാല് വയസ്സുകാരിയായ മകള്‍ തന്‍വി എന്നിവര്‍ക്കൊപ്പം കുടുംബസമേതം എറണാകുളത്ത് താമസം. ബിജിബാലിന്റെ ബോധി സ്റ്റുഡിയോയില്‍ ആണ് പ്രവര്‍ത്തിക്കുന്നു.