ലത രാജു

Latha Raju
Date of Birth: 
തിങ്കൾ, 25 June, 1951
ബേബി ലത
ആലപിച്ച ഗാനങ്ങൾ: 76

മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കെ. പദ്മനാഭൻ നായരുടെയും മലയാളത്തിലെ ആദ്യകാല ഗായിക ശാന്താ പി നായരുടെയും മകളായി 1951 ജൂൺ 25 ആം തിയതി ചെന്നൈയിലാണ് ലതാ രാജു ജനിച്ചത്.

രണ്ടാം വയസ്സിൽ ആകാശവാണി ബാല ലോകത്തിൽ ലൈവായി പാടിക്കൊണ്ട് സംഗീതയാത്ര ആരംഭിച്ച ലത തന്റെ പതിനൊന്നാം വയസ്സിൽ സ്നേഹദീപം എന്ന ചിത്രത്തിൽ "ഒന്നാം തരം ബലൂൺ തരാം" 
എന്ന ഗാനം എം.ബി.ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗായിയായി. തുടർന്ന് ഇദ്ദേഹത്തിന്റെ തന്നെ സംഗീതത്തിൽ കമലഹാസന്റെ ആദ്യ ചിത്രമായ കണ്ണും കരളും എന്ന ചിത്രത്തിൽ "താതെയ്യംകാറ്റിലെ..." പാടി. ഈ രണ്ടു ഗാനങ്ങളും ഹിറ്റായതോടെ കുഞ്ഞു ലതയെ തേടി അനേകം പാട്ടുകൾ പാടാനുള്ള അവസരങ്ങൾ എത്തി.

അഴകുള്ള സെലീന എന്ന ചിത്രത്തിലെ
"ഇവിടുത്തെ ചേച്ചിയ്ക്കിന്നലെ മുതലൊരു ജലദോഷം..." പ്രിയയിലെ "കണ്ണിനു കണ്ണായ കണ്ണാ...." ആദ്യത്തെ കഥയിലെ"ആലുവാപ്പുഴ യ്ക്കക്കരെയിലൊരു പൊന്നമ്പലം...." തുടങ്ങി ഹിറ്റുകളുടെ പെരുമഴ തീർത്തു ഈ കുഞ്ഞു ഗായിക.

ദേവരാജൻ മാസ്റ്ററുടെ വാത്സല്യ ഗായികയായി മാറിയ ലതക്ക് മാസ്റ്റർ അനേകം പാട്ടുകൾ നൽകി. സേതുബന്ധനം എന്ന ചിത്രത്തിലെ "പിഞ്ചുഹൃദയം ദേവാലയം.."/"മഞ്ഞക്കിളീ സ്വർണ്ണക്കിളീ...."എന്നീ ഗാനങ്ങൾ ഹിറ്റായി.
 മയിലാടുംകുന്ന് എന്ന ചിത്രത്തിന് വേണ്ടി സി. ഒ. ആന്റോയോടൊപ്പം ആലപിച്ച "പാപ്പീ, അപ്പച്ചാ" എന്ന ഹാസ്യഗാനം ആർക്കാണ് മറക്കാനാവുക.

മൂടുപടം/ചെമ്മീൻ/ഏഴു രാത്രികൾ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായും അഭിനയിച്ചിട്ടുള്ള ലത അക്കാലത്തെ മിക്ക ചിത്രങ്ങളിലും ബാലതാരങ്ങൾക്ക് ഡബ്ബ് ചെയ്യുകയുമുണ്ടായി. മുതിർന്നതിന് ശേഷം മലയാളത്തിൽ ഒരുപാട് താരങ്ങൾക്കും ഇവർ ശബ്ദംനൽകി. പത്മരാജന്റെ മിക്ക ചിത്രങ്ങൾക്കും ശബ്ദം നൽകിയത് ലതാ രാജുവായിരുന്നു. കൂടെവിടെയിൽ സുഹാസിനിക്കും കാണാമറയത്തിൽ ശോഭനക്കും ശാലിനി എന്റെ കൂട്ടുകാരിയിൽ ശോഭക്കും തൂവാനത്തുമ്പികളിൽ പാർവതിക്കുമെല്ലാം ലതാരാജു ശബ്ദം നൽകി. മറ്റു നിരവധി സിനിമകളിലും ഇവർ പലർക്കുമായി ശബ്ദം നൽകിയീട്ടുണ്ട്.
 
മാസ്റ്റർ ഓഫ് ആർട്സിൽ ബിരുദം നേടിയ ഇവർ 2011 ൽ ചെന്നൈ ആകാശവാണിയിൽ നിന്ന് മാർക്കറ്റിംഗ് ഡയറക്ടറായാണ് വിരമിച്ചത്. പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ ജെ എം രാജുവാണ് ലതയുടെ ഭർത്താവ്. 1992ൽ പുറത്തിറങ്ങിയ
ഷെവലിയർ മിഖായേൽ എന്ന ചിത്രത്തിൽ
ജെ.എം.രാജുവിന്റെ സംഗീതത്തിലും അവർ പാടി.

വിദേശങ്ങളിൽ ഏറ്റവുമധികം ഗാനമേളകൾ നടത്തിയ ദമ്പതികൾ എന്ന റെക്കോർഡുള്ള അവർ ഇപ്പോഴും സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്ക് പാടി നീങ്ങുകയാണ്. ഇവരുടെ മകൻ ആലാപ് രാജുവും ചലച്ചിത്ര ഗായകനാണ്.