ശാന്തി കൃഷ്ണ

Shanthi krishna (actress)
ആലപിച്ച ഗാനങ്ങൾ: 2

പാലക്കാട് സ്വദേശികളായ ആർ കൃഷ്ണന്റെയും ശാരദയുടെയും മകളായി മുംബൈയിൽ ജനിച്ചു. അച്ഛന് കുവൈറ്റിൽ ജോലി ഉണ്ടായിരുന്നതിനാൽ ശാന്തി പഠിച്ചതും വളർന്നതും കുവൈറ്റിലായിരുന്നു. കുവൈറ്റിലെ സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം മുംബൈയിലെ  S.I.E.S കോളേജ് ആൻഡ് ജനറൽ എജുക്കേഷൻ അക്കാദമിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്.

1981 ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ശാന്തി കൃഷ്ണ തന്റെ അഭിനയ ജീവിതം ആരംഭിയ്ക്കുന്നത്. ആ വർഷം തന്നെ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത താരാട്ട് എന്ന സിനിമയിലും തമിഴ് ചിത്രമായ സിവപ്പു മല്ലിയിലും അഭിനയിച്ചു. തുടർന്ന് 1986 വരെ നിരവധി മലയാള സിനിമകളിൽ ശാന്തി കൃഷ്ണ നായികയായി. ഇതു ഞങ്ങളുടെ കഥചില്ല്കിലുകിലുക്കം, എന്നിവ അവയിൽ ചില സിനിമകളാണ്. പിന്നീട് 1991 ൽ ബാലചന്ദ്ര മേനോന്റെത്തന്നെ ചിത്രമായ നയം വ്യക്തമാക്കുന്നു വിലൂടെയാണ് ശാന്തി കൃഷ്ണ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്. തുടർന്ന് സുകൃതംവിഷ്ണുലോകംപക്ഷേചകോരം എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ നായികയായി അഭിനയിച്ചു. അതിനുശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം 2012 ൽ കർപ്പൂരദീപം എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് 2017 ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയരംഗത്ത് സജീവമായി. എഴുപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ശാന്തി കൃഷ്ണ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

1992 ൽ സവിധം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, 1994 ൽ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചിട്ടുണ്ട്.

രണ്ടു മക്കളാണ് ശാന്തി കൃഷ്ണയ്ക്കുള്ളത്. മിഥുൽ, മിതാലി