എം ബി ശ്രീനിവാസൻ

M B Sreenivasan
Date of Birth: 
Saturday, 19 September, 1925
Date of Death: 
Wednesday, 9 March, 1988
എം ബി എസ്
MBS
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 300
ആലപിച്ച ഗാനങ്ങൾ: 5

1925ൽ ആന്ധ്രാപ്രദേശിലേ ചിത്തൂർ എന്ന സ്ഥലത്താണ് മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസന്റെ ജനനം. ചെറൂപ്രായത്തിൽ തന്നെ സംഗീതത്തിൽ  ആകൃഷ്ടനായിരുന്ന എംബി എസ് , ഹിന്ദുസ്ഥാനി, കർണ്ണാട്ടിക് , വെസ്റ്റേൺ മ്യൂസിക്ക് എന്നിവയിൽ പ്രാവീണ്യം നേടിയതിനു ശേഷം 1959 ലാൺ സംഗീതം പ്രൊഫഷനായെടുത്തത്.

നിമിഘോഷിന്റെ കൂടെ തമിഴ് സിനിമയിൽ തന്റെ കരിയർ ആരംഭിച്ച എംബി എസ് ,  പിന്നീട് അടൂർ ഗോപാലകൃഷ്ണൻ , എംടി, കെ ജി ജോർജ്ജ് , ഹരിഹരൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരുടെ സിനിമകൾക്ക് സംഗീതം നൽകി മലയാളത്തിലേക്ക് വന്നു. ഉൾക്കടൽ, ചില്ല്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ , പുതിയ ആകാശം പുതിയ ഭുമി, കന്യാകുമാരി, ഓപ്പോൾ വളർത്തുമൃഗങ്ങൾ, ഒരു കൊച്ചുസ്വപ്നം, പഞ്ചവടിപ്പാലം ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നീ സിനിമകൾ അതിൽ ചിലതു മാത്രം. ഒരുവട്ടം കൂടി, നിറങ്ങൾ തൻ നൃത്തം, ചൈത്രം ചായം ചാലിച്ചു..തുടങ്ങി മലയാളത്തിനു മറക്കാനാവാത്ത കുറെയേറെ ഗാനങ്ങൾ സമ്മാനിച്ചു.

1961 ൽ കാൽ‌പ്പാടുകൾ എന്ന ചിത്രത്തിലൂടെ യേശുദാസിനെ ചലച്ചിത്ര ഗാനരംഗത്ത് പരിചയപ്പെടുത്തിയ എം ബി എസ് , എല്ലാറ്റിനും പുറമേ മദ്രാസ് യൂത്ത് ക്വയറും സംഗീതസ്നേഹികൾക്ക് നൽകി. വെസ്റ്റേൺ രീതിയിൽ സംഘഗാനങ്ങൾ (ക്വയർ) സംവിധാനം ചെയ്യുന്നതിൽ നിപുണനായിരുന്ന അദ്ദേഹം ഹാർമണൈസിങ് വിദ്യകൾ, റൌണ്ട് എന്നിവയൊക്കെ ക്വൊയർ സംഘങ്ങളിൽ അവതരിപ്പിച്ചു. . എം. ബി. എസിന്റെ ഗാനങ്ങളിൽ പലതിലും നിറഞ്ഞു നിൽക്കുന്ന നേർത്ത സങ്കടമാണ് അനുവാചകന്റെ  ഹൃദയത്തിൽ കൊള്ളുന്നത്.  പ്രേമഗാനങ്ങളിലും ഇത് അലിഞ്ഞു കിടക്കും. “മിഴികളിൽ നിറകതിരായി......മധുരമൊരനുഭൂതിയായി ‘ എന്ന് അവതരിപ്പിക്കുന്നത് ഒരു മധുരവേദന ഇറ്റിച്ചാണ്. ഇനിയും തൃസന്ധ്യകൾ..... എന്നതിലൊക്കെ ഈ നേർപ്പിച്ചെടുത്ത സങ്കടംഅനുഭവിക്കാം.“അലിഞ്ഞലിഞ്ഞുപോം അരീയ ജന്മ്മാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ...” കമ്പോസ് ചെയ്യാൻ എം. ബി എസ് തന്നെ വേണം.

1986 ഇൽ സംഗീതനാടക അക്കാഡമി അവാർഡ്,  1973, 1978, 1979, 1981 തുടങ്ങിയ വർഷങ്ങളിൽ ഏറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് , 1987 -ലെ സ്പെഷ്യൽ ജൂറി അവാർഡ് എന്നിവക്ക് അർഹനായ അദ്ദേഹം  സംഗീതനാടക അക്കാഡമി മെമ്പർ , നാഷണൽ ബോർഡ് ഓഫ് ഫിലിം സെൻസേഴ്സ് മെമ്പർ തുടങ്ങിയ പലസ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. 1988 മാർച്ച് 9 ൻ  ലക്ഷദ്വീപിൽ വെച്ച് ഹൃദയസ്തംഭനത്തെത്തുടർന്ന് നിര്യാതനായി.