കവിയൂർ രേവമ്മ
അമ്പതുകളിൽ മലയാളത്തിൽ ഉണ്ടായിരുന്ന ഗായികമാരിൽ പ്രമുഖയായിരുന്നു കവിയൂർ രേവമ്മ. 1930 ഏപ്രിൽ 14-ന് കവിയൂരിലാണ് രേവമ്മ ജനിച്ചത്. കുഞ്ഞു നാളിലേ സംഗീത പഠനം ആരംഭിച്ച രേവമ്മ, ദക്ഷിണാമൂർത്തി സ്വാമികളുടെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമന്‍സ് കോളേജിലും ചെന്നൈ സ്റ്റെല്ല മരിയ കോളജിലും ആയിരുന്നു വിദ്യാഭ്യാസം. സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ഡോക്ടര്‍ സാംബമൂര്‍ത്തിയുടെ കീഴില്‍ ഗവേഷണം നടത്തി, ഡോക്ടറേറ്റും എടുത്തു. തിരുവന്തപുരം വിമന്‍സ് കോളേജില്‍ അദ്ധ്യാപികയായും പ്രിന്‍സിപ്പലായും തൃശൂർ ഗവൺമെന്റ് കോളജിലും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ച ഇവർ, വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി ആണ് വിരമിക്കുന്നത്.
1950-ൽ പുറത്തിറങ്ങി "ശശിധരൻ'' എന്ന ചിത്രത്തിൽ 'നീയെൻ ചന്ദ്രനേ' എന്ന ഗാനം പാടി കൊണ്ടാണ് രേവമ്മയുടെ അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ട് ചേച്ചി, ജീവിതനൗക, നവലോകം, കേരള കേസരി, രക്ത ബന്ധം, അമ്മ, മരുമകൾ, അച്ഛൻ, വേലക്കാരൻ, കാലം മാറുന്നു, മുടിയനായ പുത്രൻ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ നിരവധി ഗാനങ്ങൾ പാടി. അവയിൽ 'മലയാള മലർ' 'പിച്ചകപ്പൂച്ചടും' 'ഓണത്തുമ്പി' എന്നീ ഗാനങ്ങൾ എടുത്തു പറയേണ്ടതാണ്.
പരേതനായ പന്തിയില്‍ ശ്രീധരൻ ആണ് ഭർത്താവ്.