പി ഭാസ്ക്കരൻ

P Bhaskaran
Date of Birth: 
തിങ്കൾ, 21 April, 1924
Date of Death: 
Saturday, 24 February, 2007
ഭാസ്ക്കരൻ​ മാഷ്
എഴുതിയ ഗാനങ്ങൾ: 1,502
സംവിധാനം: 45
കഥ: 4
സംഭാഷണം: 1
തിരക്കഥ: 2

പുല്ലൂട്ടുപാടത്ത്‌ ഭാസ്കരൻ എന്ന് മുഴുവൻ പേര്‌. 

കവി, പത്രപ്രവർത്തകൻ,ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തൻ. 

1924 ഏപ്രിൽ 21 നു കൊടുങ്ങല്ലൂരിൽ ജനിച്ചു. പിതാവ് നന്ത്യേലത്ത്‌ പത്മനാഭമേനോൻ, മാതാവ് പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ. 

വിദ്യാർഥിയായിരിക്കെ ദേശീയ പ്രസ്ഥാനത്തിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലും സജീവമായി പങ്കുകൊണ്ടു.ക്വിറ്റ് ഇൻഡ്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷക്കു വിധേയനാവുകയും കോളേജ് വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു.
പിൽക്കാലത്ത്  ദേശാഭിമാനി, ജയകേരളം,ദീപിക തുടങ്ങിയ പത്രങ്ങളുടെ പത്രാധിപസമിതിയിൽ അംഗമായിരുന്നു. ആകാശവാണിയിൽ  പ്രോഗ്രാം  പ്രൊഡ്യൂസറായും ജോലി ചെയ്തു.

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നതിനാൽ പി.ഭാസ്കരന്റെ കൃതികളെ തിരുവിതാങ്കൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർ നിരോധിച്ചു. അക്കാലത്ത് അദ്ദേഹം "രവി" എന്ന തൂലികാനാമത്തിൽ രചിച്ച "വയലാർ ഗർജ്ജിക്കുന്നു" എന്ന കൃതി മലയാള കവിതാരംഗത്തെ ഒരു പ്രധാന വഴിത്തിരിവായി. പാർട്ടി വേദികളെ ആവേശം കൊള്ളിക്കുന്ന നിരവധി ഗാനങ്ങൾ ഭാസ്കരൻ മാഷിന്റേതായിരുന്നു. 
ഓടക്കുഴലും ലാത്തിയും,വില്ലാളി,പാടുന്ന മൺ തരികൾ,മുൾക്കിരീടം,സത്രത്തിൽ ഒരു രാത്രി,ഓർക്കുക വല്ലപ്പോഴും,ഒറ്റക്കമ്പിയുള്ള തംബുരു എന്നിവയാണു പ്രധാന സാഹിത്യ  കൃതികൾ. 

രാഷ്ട്രീയരംഗത്തെ ചില അസ്വാരസ്യങ്ങളെത്തുടർന്ന് ഭാസ്കരൻ മാഷ്‌ മദിരാശി(ചെന്നൈ)യിലേക്ക്‌ തൊഴിൽ തേടിപ്പോയി. ആകാശവാണിയിൽ ഗാനങ്ങൾ എഴുതി നൽകിയിരുന്ന മുൻപരിചയം കൊണ്ട്‌ ആകാശവാണിയിൽ ജോലി തരപ്പെട്ടു. അങ്ങനെയാണ്‌ സിനിമാരംഗത്തേക്കും ഭാസ്കരൻ മാഷിന്റെ കർമ്മപഥം വികസിക്കുന്നത്‌. 1949-ൽ പുറത്തിറങ്ങിയ എസ്‌ എസ്‌ വാസവൻ സംവിധാനം ചെയ്ത തമിഴ്‌ ചിത്രമായ "അപൂർവ്വസഹോദരർഗളി"ലെ പാർത്ഥസാരഥി ഈണമിട്ട്‌ പി.ഭാനുമതി പാടി അഭിനയിച്ച "ലഡ്ഡു ലഡ്ഡു മിട്ടായി വേണുമാ" എന്ന ഗാനത്തിൽ ഉൾപ്പെട്ട "കടക്കക്കണ്ണിൻ തലപ്പത്തിൽ
കറങ്ങും വണ്ടേ..
കളിച്ചെങ്ങും പറക്കുന്നതെന്തിനോ വണ്ടേ.." എന്നു തുടങ്ങുന്ന മലയാളം വരികൾ ആയിരുന്നു തുടക്കം.1950ൽ "ചന്ദ്രിക"യിൽ വരികളെഴുതിക്കൊണ്ട്‌ മലയാള സിനിമയിലും നാന്ദി കുറിച്ചു. അരനൂറ്റാണ്ടിലേറെ നീണ്ട ചലച്ചിത്രസാഹിത്യജീവിതം അവിടെ ആരംഭിച്ചു എന്നും പറയാം. 
മലയാള ചലച്ചിത്ര ഗാനരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. മുന്നൂറോളം സിനിമകൾക്കായി ഏകദേശം ആയിരത്തഞ്ഞൂറോളം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളത്തനിമയും സാധാരണക്കാരന്റെ നാവിനും ബുദ്ധിക്കും വഴങ്ങുന്ന ലളിതമായ വാക്കുകളും ഭാസ്കരൻ മാഷിനെ ജനപ്രിയനാക്കി. 
മലയാള സിനിമാഗാനശാഖയ്ക്ക്‌ വ്യക്തമായ ദിശാബോധം നൽകുന്നതിൽ അദ്ദേഹത്തിന്റെ പങ്ക്‌ വലുതാണ്‌. 

തന്റെ കവിതകൾ പോലെ സിനിമ എന്ന മാധ്യമത്തെയും സാമൂഹിക വ്യവസ്ഥിതിയെ വിമർശ്ശിക്കാനും തിരുത്താനുമുള്ള ആയുധമാക്കാമെന്ന് തെളിയിക്കും വിധം രാമു കാര്യാട്ടിനൊപ്പം "നീലക്കുയിൽ" എന്ന സിനിമയുടെ സംവിധാനപങ്കാളിയായി. സിനിമാചരിത്രത്തിലെ നാഴികക്കല്ല്. 
നീലക്കുയിലിനു ശേഷം ഇരുട്ടിന്റെ ആത്മാവ്,ജഗദ് ഗുരു ആദിശങ്കരൻ തുടങ്ങി നാൽപ്പത്തിയേഴു സിനിമകൾ അദ്ദേഹം സംവിധാനം ചെയ്യുകയും എട്ടോളം സിനിമകൾ നിർമ്മിക്കുകയും ആറു സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

1981-ൽ ഓടക്കുഴൽ പുരസ്കാരവും 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും 2000ലെ വള്ളത്തോൾ അവാർഡും ലഭിച്ചു.

നീലക്കുയിൽ 1954 ൽ രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി.
മലയാളസിനിമയ്ക്കു നൽകിയ സമഗ്ര  സംഭാവനകളെ മാനിച്ച്  1994 ൽ  അദ്ദേഹം "ജെ സി ഡാനിയൽ പുരസ്കാര"ത്തിന്  അർഹനായി.
കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനും അദ്ദേഹമാണ്. 

ഭാര്യ:ഇന്ദിര. 
മക്കൾ:രാജീവൻ, വിജയൻ, അജിതൻ, രാധിക.
പ്രശസ്ത പത്രപ്രവർത്തകനും അഭിനേതാവുമായ ശശികുമാർ മരുമകനാണ്.

ജീവിതാന്ത്യത്തിൽ അൽ ഷിമേഴ്സ്‌ രോഗബാധിതനായിരുന്നു. 2007 ഫെബ്രുവരി 25 നു വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതനായി.

കൗതുകം:
ഏഷ്യാനെറ്റ്‌ ചാനൽ അവതരണഗാനമെന്ന നിലയിൽ പ്രശസ്തമായ "ശ്യാമസുന്ദര കേരകേദാരഭൂമി.." എന്ന ഗാനം പി. ഭാസ്കരൻ രചിച്ചതാണ്‌.