കരിങ്കുന്നം ചന്ദ്രൻ
കോട്ടയം ജില്ലയിലെ മറ്റത്തിപ്പാറ കരിങ്കുന്നം സ്വദേശിയാണ് കരിങ്കുന്നം ചന്ദ്രൻ എന്നപേരിൽ അറിയപ്പെടുന്ന ചന്ദ്രൻ നായർ. കരിങ്കുന്നം St അഗസ്റ്റിൻ ഹൈസ്കൂളിലെ
മലയാളം അധ്യാപകനായിരുന്നു അദ്ദേഹം. കവി,നാടകകൃത്ത്,ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കഥാപ്രസംഗ രചയിതാവ്, അഭിനേതാവ്, രാഷ്ട്രീയ പ്രാസംഗികൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിറഞ്ഞു നിന്നിരുന്നയാളാണ് ചന്ദ്രൻ നായർ.
കൃസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചുകൊണ്ടാണ് ചന്ദ്രൻ നായർ ഗാനരചനാ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. രാജാക്കന്മാരുടെ രാജാവേ- നിൻ്റെരാജ്യം വരേണമേ...,
ആലയം ഉയർത്തീ ദേവാലയം ഉയർത്തീ...,അത്യുന്നതങ്ങളിൽ അത്യാദരങ്ങളിൽ..., സ്വർഗ്ഗസ്ഥനാം പിതാവേ നിൻ നാമം പൂജിതമാകണമേ..., എൻ്റെ ശരീരം എൻ്റെ രക്തം..., നീല ഗലീലിയാക്കടലിൽ.... തുടങ്ങിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. KK ആൻ്റണി, കോട്ടയം ജോയ്, ജയവിജയ, കുമരകം രാജപ്പൻ തുടങ്ങിയവരാണ് അദ്ദേഹത്തിൻ്റെ കൂടുതൽ രചനകളും ചിട്ടപ്പെടുത്തിയത്. 1972 -ൽ കലാഭവൻ നിർമ്മിച്ച കുഞ്ഞിക്കൈകൾ എന്ന ബാലചിത്രത്തിനു വേണ്ടി "ഉഷസ്സിൻ്റെ രഥത്തിൽ ഉയർപ്പിൻ്റെ രഥത്തിൽ എഴുന്നള്ളും സ്നേഹപിതാവേ..... എന്ന ഗാനമെഴുതിക്കൊണ്ട് കരിങ്കുന്നം ചന്ദ്രൻ ചലച്ചിത്രഗാന രചനയിൽ തുടക്കം കുറിച്ചു. (ജോളി എബ്രഹാം പാടിയ ആദ്യ സിനിമാഗാനവും ഇതാണ്.)
അതിനുശേഷം 1978 -ൽ P ഗോപികുമാർ സംവിധാനം ചെയ്ത പിച്ചിപ്പൂ എന്ന ചിത്രത്തിൽ "കല്യാണമേളം കേൾക്കുമ്പോളെൻ്റെ കണ്ണ് നിറഞ്ഞീടും... എന്ന ഗാനമാണ് ചന്ദ്രൻ എഴുതിയത്. "ആനന്ദമൂർത്തേ ശരണമയ്യപ്പാ..., "അഞ്ചുവിളക്കെടുക്കാം അല്ലിപ്പൂമാല ചാർത്താം അമ്പാടിക്കണ്ണനെ കാണേണം.. എന്നീ ഹിന്ദു ഭക്തിഗാനങ്ങളും കരിങ്കുന്നം ചന്ദ്രന്റെ തൂലികയിൽ നിന്നും പിറന്നവയാണ്. 1983 -ൽ നെടുമുടി വേണുവിനെ നായകനാക്കി പി. ഭാസ്കരൻ സംവിധാനം ചെയ്ത എനിക്കു വിശക്കുന്നു എന്ന ചിത്രത്തിൻ്റെ തിരക്കഥ കരിങ്കുന്നം ചന്ദ്രൻ്റേതായിരുന്നു. ഈ സിനിമയിൽ അദ്ദേഹം ഒരു കഥാപാത്രത്തേയും അവതരിപ്പിച്ചു.
1993 ജൂലായിൽ കരിങ്കുന്നം ചന്ദ്രൻ അന്തരിച്ചു.


