കെ കെ ആന്റണി

KK Antony
Date of Death: 
തിങ്കൾ, 16 March, 1987
സംഗീതം നല്കിയ ഗാനങ്ങൾ: 14

കുഞ്ഞുവറീതിന്റെയും മറിയത്തിന്റെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് വെളയനാട് എന്ന സ്ഥലത്ത് ജനിച്ചു. ചെറുപ്പത്തിലേ കൽദായ രീതിയിലുള്ള സിറിയൻ കുർബാന ഗാനങ്ങൾ കേട്ടു വളർന്ന ആന്റണി തന്റെ ജ്യേഷ്ഠൻ കുഞ്ഞുവർക്കിയിൽനിന്ന് കർണാടകസംഗീതം അഭ്യസിക്കുകയും ചെയ്തിരുന്നു. പത്തൊൻപതാം വയസിൽ ശ്രീലങ്കയിലേയ്ക്ക് കുടിയേറിയ അദ്ധേഹം ഏ. ആർ. കൃഷ്ണൻ ഭാഗവതരുടെയും മറ്റു പ്രശസ്ത സംഗീതജ്ഞരുടെയും കീഴിൽ സംഗീതം തുടർന്നഭ്യസിച്ചു. കുറച്ചുകാലം ഒരു തമിഴ് നാടക ട്രൂപ്പിന്റെ കൂടെ കൂടിയെങ്കിലും പിന്നീട് അദ്ധേഹം സൈവ മങ്കയാർ തിലകം സംഗീത അക്കാദമിയിൽ സംഗീത അദ്ധ്യാപകനായി ജോലിയിൽ ചേർന്നു. 

1945 =മുതൽ ഇരുപതു വർഷക്കാലത്തോളം ശ്രീലങ്കൻ റേഡിയോയിൽ കർണാടക സംഗീത പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അക്കാലത്ത് ചില സിനിമകൾക്ക് പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തിയിരുന്നു.1965 മുതൽ 1969 -വരെ അദ്ധേഹം മലേഷ്യയിൽ സംഗീത അദ്ധ്യാപകനും ടെലിവിഷൻ പ്രോഗ്രാം ഓർഗനൈസറുമായി ജോലി നോക്കി. 1969 -ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്ന ആന്റണിമാസ്റ്റർ ഫാ. ആബേൽ പെരിയപ്പുറത്തോടും അന്നത്തെ യുവഗായകനായ യേശുദാസിനോടുമൊപ്പം ക്രിസ്ത്യൻ ആർട്ട്സ് ക്ലബ് എന്ന സ്ഥാപനം തുടങ്ങി. താമസിയാതെ കലാഭവൻ എന്ന പേരിലേയ്ക് മാറി.

1987 -ൽ അദ്ദേഹത്തിന്റെ മരണം വരെ ആന്റണി മാസ്റ്റർ കലാഭവനിലെ അദ്ധ്യാപകനും മ്യൂസിക്ക് ഡയറക്ടറുമായിരുന്നു. ആദ്യകാലത്ത് പ്രധാനമായും ക്രിസ്തീയഭക്തിഗാനങ്ങൾ സൃഷ്ടിയ്ക്കുന്നതായിരുന്നു കലാഭവന്റെ പ്രവർത്തനം. കലാഭവനുവേണ്ടി ആന്റണിമാസ്റ്ററും ആബേലച്ചനും യേശുദാസും ചേർന്ന് നിരവധി പ്രസിദ്ധ ക്രിസ്തീയഭക്തിഗാനങ്ങൾ സൃഷ്ടിച്ചു. പരിശുദ്ധാത്മാവേ നീയെഴുന്നള്ളി', 'മഹേശ്വരാ നിൻ സുദിനം', 'എഴുന്നള്ളുന്നു രാജാവ്', 'ഈശ്വരനെത്തേടി ഞാൻ നടന്നു', ' ഇരുളുമൂടിയൊരിടവഴികളിൽ..' തുടങ്ങിയവ അവയിൽ ചിലതാണ്. ഈ ഗാനങ്ങൾ ഇന്നും വളരെ പ്രസിദ്ധമാണ്. 1972 -ൽ ബാല്യപ്രതിജ്ഞ എന്ന സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് ആന്റണി ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. അതിനുശേഷം കുഞ്ഞിക്കൈകൾ, കർമ്മയോഗി എന്നീ സിനിമകൾക്കും സംഗീതം പകർന്നു.

1987 മാർച്ച് 16 -ന് കെ കെ ആന്റണി അന്തരിച്ചു.