ദുൽഖർ സൽമാൻ

Dulqar Salman

ചലച്ചിത്രതാരം മമ്മൂട്ടിയുടെയും  സുൽഫത്തിന്റെയും ഇളയ മകനായി 1983 ജൂലൈ 28ന് ജനനം. കേരളത്തിലും ചെന്നൈയിലുമായി സ്കൂൾ വിദ്യാഭ്യാസം നേടിയ ദുൽഖർ അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കി.

ശ്യാമപ്രസാദ് ആണ് തന്റെ ഋതു എന്ന ചലച്ചിത്രത്തിനു വേണ്ടി ദുൽഖറിനെ ആദ്യമായി സമീപിച്ചത്. എന്നാൽ സിനിമയുടെ വൈവിധ്യമാർന്ന മേഖലകളെ കൂടുതൽ പരിചയപ്പെടാനായി ചില ഹ്രസ്വകാല സിനിമാ കോഴ്സുകൾ ചെയ്ത ശേഷം തന്റെ സുഹൃത്തും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ ​​​​​​ "സെക്കന്റ് ഷോ" എന്ന ചിത്രത്തിൽ നായകനായാണ് ദുൽഖർ  സിനിമയിൽ തുടക്കമിട്ടത്. ഏറെ പുതുമുഖങ്ങളെ ഉൾപ്പെടുത്തി പരീക്ഷണ ചിത്രമായി എത്തിയ "സെക്കന്റ്ഷോ" ജനപ്രീതി നേടിയതിനൊടൊപ്പം തന്നെ ദുൽഖറിന്റെ കഥാപാത്രവും കയ്യടി നേടി. തുടർന്ന് അൻവർ റഷീദ് സംവിധാനം ചെയ്ത "ഉസ്താദ് ഹോട്ടൽ" എന്ന ചിത്രത്തിൽ നായകനായി വേഷമിട്ടു. ദുൽഖർ എന്ന പുതുമുഖ നടനെ പ്രേക്ഷകർ അംഗീകരിക്കുന്നു എന്ന തെളിവോടെ "ഉസ്താദ് ഹോട്ടൽ" 2012ലെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായി മാറി. തുടർന്ന് നിരവധി ഹിറ്റ് സിനിമകളിലൂടെ വളരെപ്പെട്ടെന്ന് തന്നെ മലയാളത്തിലെ മുന്‍നിരയിലേക്ക് ഉയരുവാന്‍ ദുൽഖറിന് സാധിച്ചു. ചാർലി എന്ന സിനിമയിലെ അഭിനയം മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരത്തിനും ഇദ്ദേഹത്തിനെ അർഹനാക്കി.

2015ല്‍ എബിസിഡി എന്ന ചിത്രത്തിലെ ഒരുഗാനം ആലപിച്ചു കൊണ്ട് പിന്നന്നി ഗാനത്തിലും അദ്ദേഹം കൈവച്ചു. 2014ല്‍ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ മലയാളത്തിലും വായമൂടി പേശവും എന്ന പേരില്‍ തമിഴിലും പുറത്തിറങ്ങിയ ദ്വിഭാഷാ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറി. മണിരത്നം സംവിധാനം ചെയ്ത ഓ കാദല്‍ കണ്മണി എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാനും കഴിഞ്ഞു. തുടര്‍ന്ന് മഹാനടി  എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തന്‍റെ സാന്നിധ്യം അറിയിച്ചു.

ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദമുള്ള ദുൽഖർ ബിസിനസിലും ചുവടുകൾ വച്ചു. കാറുകൾ ട്രേഡ് ചെയ്യുന്ന വെബ് പോർട്ടൽ, ചെന്നൈ അടിസ്ഥാനമാക്കിയുള്ള ഡെന്റൽ ബിസിനസ് ശൃംഖല തുടങ്ങിയവ നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ബംഗളുരുവിലുള്ള മദർഹുഡ് ആശുപത്രിയുടെ ഡയറക്റ്ററുമാണ്.

ആർക്കിടെക്റ്റായ അമൽ സൂഫിയയാണ് ഭാര്യ. ഒരു മകൾ - മറിയം അമീറ സൽമാൻ

ഫേസ്ബുക്ക് പേജ്