Dulqar Salman

Dulqar Salman
Date of Birth: 
Monday, 28 July, 1986

മലയാളത്തിലെ മെഗാസ്റ്റാർ താരപദവി നേടിയ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും ഇളയ മകനായി 1986 ജൂലൈ 28ന് ജനനം. കേരളത്തിലും ചെന്നൈയിലുമായി സ്കൂൾ വിദ്യാഭ്യാസം നേടിയ ദുൽഖർ അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കി.

ശ്യാമപ്രസാദ് തന്റെ ഋതു എന്ന ചലച്ചിത്രത്തിനു വേണ്ടി ദുൽഖറിനെ ആദ്യമായി സമീപിച്ചിരുന്നതെങ്കിലും സിനിമയുടെ വൈവിധ്യമാർന്ന മേഖലകളെ കൂടുതൽ പരിചയപ്പെടാനായി ചില ഹ്രസ്വകാല സിനിമാ കോഴ്സുകൾക്ക് ശേഷമാണ് തന്റെ സുഹൃത്തും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രന്റെ കന്നിസംരംഭമായ "സെക്കന്റ് ഷോ" എന്ന ചിത്രത്തിൽ നായകനായി അരങ്ങേറുന്നത്. ഏറെ പുതുമുഖങ്ങളോടെ പരീക്ഷണ ചിത്രമായി എത്തിയ "സെക്കന്റ്ഷോ" ജനപ്രീതി നേടിയതിനൊടൊപ്പം തന്നെ ദുൽഖറിന്റെ കഥാപാത്രവും കയ്യടി നേടി. തുടർന്ന് ജനപ്രിയ സംവിധായകൻ അൻവർ റഷീദ് സംവിധാനം ചെയ്ത "ഉസ്താദ് ഹോട്ടൽ" എന്ന ചിത്രത്തിൽ നായകനായി വേഷമിട്ടു. ദുൽഖർ എന്ന പുതുമുഖ നടനെ പ്രേക്ഷകർ അംഗീകരിക്കുന്നു എന്ന തെളിവോടെ "ഉസ്താദ് ഹോട്ടൽ" 2012ലെ ഒരു സൂപ്പർ ഹിറ്റ് ചിത്രമായി മാറി. ഉസ്താദ് ഹോട്ടലിനു ശേഷം മാർട്ടിൻ പ്രക്കാട്ട്,പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ പുതിയ ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിലേർപ്പെട്ടു.

ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദമുള്ള ദുൽഖർ ബിസിനസിലാണ് തന്റെ ആദ്യ ചുവടുകൾ വെച്ചത്. കാറുകൾ ട്രേഡ് ചെയ്യുന്ന വെബ് പോർട്ടൽ, ചെന്നൈ അടിസ്ഥാനമാക്കിയുള്ള ഡെന്റൽ ബിസിനസ് ശൃംഖല തുടങ്ങിയവ നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ബംഗളൂരെ മദർഹുഡ് ആശുപത്രിയുടെ ഡയറക്റ്ററുമാണ്. സാലു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ദുൽഖർ ആദ്യ സിനിമയിൽ എത്തുന്നതിനു മുമ്പേ തന്നെ ചെന്നൈയിൽ ആർക്കിടെക്റ്റായ അമൽ സൂഫിയയെ വിവാഹം കഴിച്ചത് വാർത്താ പ്രാധാന്യം നേടിയിരുന്നു.