ഷോബി തിലകൻ

Shobi Thilakan


If you are unable to play audio, please install Adobe Flash Player. Get it now.

"ഷോബിയെ സംസ്ഥാന അവാർഡിനർഹനാക്കിയ ശബ്ദം കേൾക്കാം"
ആലപിച്ച ഗാനങ്ങൾ: 1

(ഡബ്ബിംഗ് ആർട്ടിസ്റ്റ്-അഭിനേതാവ്).1971 മേയ് 25 ന് എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം തൃപ്പുണിത്തുറ എസ് എൻ ഡി പി ഹൈസ്കൂളിൽ. തിരുവനന്തപുരം ബഥനി കോളേജ്, കൊല്ലം എസ് എൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.

കുഞ്ഞുമോൻ താഹ സംവിധാനം ചെയ്ത ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന ടെലിഫിലിമിൽ അഭിനയിച്ച് മലയാള ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ച ഷോബി തിലകൻ ആ ടെലിഫിലിമിൽത്തന്നെ ഡബ്ബിംഗ് കൂടി ചെയ്തു. പിന്നീട് വിജി തമ്പി സംവിധാനം ചെയ്ത ‘നാറാണത്തു തമ്പുരാൻ’ എന്ന ചിത്രത്തിൽ നടൻ ബാബുരാജിനു ശബ്ദം കൊടുത്തുകൊണ്ട് സിനിമാ ഡബ്ബിംഗ് രംഗത്തേക്ക് പ്രവേശിച്ചു.

നടൻ തിലകന്റെ നാലാമത്തെ പുത്രനായ ഷോബി അച്ഛനോടൊപ്പം നാടകത്തിന്റെ സഹസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. അച്ഛന്റെ സംവിധാനമേൽ‌നോട്ടത്തിൽ അഞ്ച് വേദികളിൽ നാടകത്തിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മുന്നൂറിപ്പരം വേദികളിൽ മിമിക്രി അവതരിപ്പിച്ച ഷോബി തിലകൻ സംവിധായകനും തിരക്കഥാകൃത്തുമായ സ്വാതി ഭാസ്ക്കറിനോടൊപ്പം ‘സാഗരചരിതം’, ‘സ്വത്ത്’ എന്നീ സീരിയലുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ബോബൻ സാമുവലിനോടൊപ്പം ‘പാവക്കൂത്ത്’ എന്ന സീരിയലിനും സഹസംവിധായകനായി പ്രവർത്തിച്ചു.

1994 ലെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയ ഷോബി, ‘പഴശ്ശിരാജ’ യിൽ ശരത്കുമാർ അവതരിപ്പിച്ച ഇടച്ചേനകുങ്കൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിലൂടെ 2009 ൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. നടൻ പ്രകാശ് രാജിനു ‘എലക്ട്ര’ എന്ന സിനിമയിൽ ശബ്ദം നൽകുക വഴി 2010 ലെ ഫെഫ്ക-അമൃത അവാർഡ് നേടി.

മറ്റ് പുരസ്ക്കാരങ്ങൾ:

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് - ടെലിവിഷൻ അവാർഡ് - 2009
സൂര്യ അവാർഡ് - 2009
യൂത്ത് രത്ന അവാർഡ്
ഇൻസ്പെയർ അവാർഡ്
ഏഷ്യൻ അവാർഡ് (ദുബായ്)
ഏഷ്യാവിഷൻ അവാർഡ് 2011 (ദുബായ്)

ഭാര്യ: ശ്രീലേഖ, മക്കൾ: ദേവയാനി എസ് തിലകൻ, ദേവാനന്ദ് എസ് തിലകൻ.