നാസർ

Nassar
Date of Birth: 
Wednesday, 5 March, 1958
Nazar
Nassar
നാസ്സർ

തെന്നിന്ത്യൻ ചലച്ചിത്ര നടൻ. 1958 മാർച്ചിൽ തമിഴ് നാട്ടിലെ ചെങ്കൽപ്പേട്ടിൽ മെഹബൂബ് ബാഷയുടെയും മുംതാസിന്റെയും മകനായി ജനിച്ചു. മുഹമ്മദ് ഹനീഫ് എന്നായിരുന്നു യഥാർത്ഥ നാമം. ചെങ്കല്പേട്ട് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലായിരുന്നു  നാസറിന്റെ വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ മഡ്രാസ് കൃസ്ത്യൻ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. കോളേജ് പഠനകാലത്ത് നാസർ ഡ്രാമാറ്റിക് ക്ലബിൽ അംഗമായിരുന്നു. പഠനത്തിനുശേഷം കുറച്ചുകാലം അദ്ദേഹം എയർ ഫോൾസിൽ ജോലിചെയ്തു. The South Indian Film Chamber of Commerce's Film Institute and the Tamil Nadu Institute for Film and Television Technology. എന്നീ രണ്ട് ആക്ടിംഗ് സ്കൂളുകളിൽ നിന്നും അദ്ദേഹത്തിന് ട്രെയിനിംഗ് കിട്ടിയിട്ടുണ്ട്. ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു,തമിഴ്,തെലുങ്കു,മലയാളം,കന്നഡ എന്നീ ഭാഷകളിൽ സംസാരിയ്ക്കാൻ നാസറിന് കഴിയും.

1985-ൽ കെ ബാലചന്ദറിന്റെ കല്യാണ അഗതികൾ എന്ന സിനിമയിലുടെയാണ് നാസർ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് വില്ലനായും മറ്റും രണ്ട് മൂന്ന് സിനിമകളിൽ അഭിനയച്ചതിനുശേഷം 1987-ൽ മണിരത്നത്തിന്റെ നായകൻ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയച്ചത് നാസറിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായി. അതിനുശേഷം മണിരത്നം സിനിമകളിൽ ഒരു സ്ഥിര സാന്നിദ്ധ്യമായി അദ്ദേഹം. 1990-ൽ മുഖം എന്ന സിനിമയിലൂടെയാണ് നാസർ മലയാളത്തിലെത്തുന്നത്. തുടർന്ന് അൻപതോളം മലയാള സിനിമകളിൽ അദ്ദേഹം വ്യത്യസ്ഥ വേഷങ്ങൾ ചെയ്തു. 1995-ൽ അവതാരം എന്ന തമിഴ് സിനിമയിലൂടെ നാസർ സംവിധായകനായി. അതിനുശേഷം 1997-ൽ ദേവതൈ എന്നൊരു സിനിമകൂടി അദ്ദേഹം സംവിധാനം ചെയ്തു.തെലുങ്ക് സിനിമകളിലും ഹിന്ദി സിനിമകളിലുമെല്ലാം നാസർ മികച്ചവേഷങ്ങൾ ചെയ്തിട്ടുണ്ട്. ബ്രഹ്മാണ്ഡ തെലുങ്കു ചിത്രമായ ബാഹുബലി, ബാഹുബലി 2 എന്നീ സിനിമകളിൽ നാസർ അവതരിപ്പിച്ച ബിജ്ജളദേവ / പിംഗളദേവ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയതാണ്.

 നാസർ വിവാഹം ചെയ്തത് സിനിമാനിർമ്മാതാവായിരുന്ന കമീലയെയായിരുന്നു. മൂന്നു മക്കളാണ് അവർക്കുള്ളത്. അബ്ദുൾ ഹസ്സൻ ഫൈസൽ, ലുത്തഫുദ്ദീൻ, അബി മഹദി ഹസ്സൻ.