ദേവി എസ്

Devi S

ചലച്ചിത്ര സീരിയൽതാരം,  ചെറുപ്പകാലം മുതൽ തന്നെ അഭിനയ രംഗത്തും ഡബ്ബിംഗ് രംഗത്തും സജീവം. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ദേവി, അഞ്ചാം വയസിൽ 'കഥാസംഗമം' എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. അച്ഛന്റെ ഒരു സുഹൃത്തു വഴി സീരിയലിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. അതിനു ശേഷം നിരവധി സീരിയലുകളിൽ അഭിനയിച്ചുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലായിരുന്നു. സീരിയലുകളിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിരുന്ന ദേവി ആ സീരിയലിൽ കൂടെഅഭിനയിക്കുന്ന കുട്ടിക്ക് വേണ്ടി വ്യത്യസ്തമായ ശബ്ദത്തിൽ ഡബ്ബ് ചെയ്തിരുന്നു. അതായിരുന്നു ഡബ്ബിംഗ് രംഗത്തേക്കുള്ള കാൽവയ്പ്പ്.

 പിന്നീട് ജംഗിൾ ബുക്ക് മലയാളത്തിൽ പരിഭാഷപ്പെടുത്തിയപ്പോൾ അതിലെ മൗഗ്ലി എന്ന കഥാപാത്രത്തിനു ശബ്ദം നൽകി. ഷാജി എൻ കരുണിന്റെ സ്വമ്മിലാണ് ദേവി ആദ്യമായി സിനിമയിൽ ഡബ്ബ് ചെയ്യുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു സ്വമ്മിൽ ശബ്ദം നൽകിയത്. സാഗരം, സമൂഹം,കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, അരയന്നങ്ങളുടെ വീട് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.  പത്താം ക്ലാസോടു കൂടി അഭിനയം ഉപേക്ഷിച്ച് പൂർണമായും ഡബ്ബിംഗിലേക്ക്  തിരിയുകയായിരുന്നു. കാവ്യാമാധവൻ, ഭാവന, പത്മപ്രിയ, ഗോപിക, മീന, സിന്ധു മേനോൻ തുടങ്ങി ലയാളത്തിലെ നിരവധി നായികമാർക്ക് ശബ്ദം നൽകി. അന്യഭാഷാ നടിമാരായ ജനീലിയ, മേഘ്നാരാജ്, ലക്ഷ്മി റായ് എന്നിവർക്കും  ശബ്ദം നൽകിയിട്ടുണ്ട്. ദൃശ്യത്തിലെ മീനയുടെ ശബ്ദത്തിനും വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ ശബ്ദത്തിനും മികച്ച പ്രതികരണം ലഭിച്ചു. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിലെ പ്രേതത്തിന് ശബ്ദം നൽകിയത് ദേവിയായിരുന്നു. ദേവിയാണ് ഡബ്ബിംഗിൽ ആദ്യമായി ദേശീയ പുരസ്കാരം നേടിയ വനിത. വിനോദ് മങ്കര സംവിധാനം ചെയ്ത 'നിത്യകല്യാണി' എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയതിനാണ് ദേവിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. 

സീരിയൽ  ആർട്ടിസ്റ്റുകളായ  അശ്വതി (കുങ്കുമപ്പൂവ്), അര്‍ച്ചന (മാനസ പുത്രി), മീരാ വാസുദേവ് (കുടുംബ വിളക്ക്), ധന്യ മേരി വര്‍ഗീസ് (സീതാ കല്യാണം), ഷഫ്ന (ഭാഗ്യ ജാതകം) തുടങ്ങിയവർക്കും ശബ്ദം നൽകിയിട്ടുണ്ട്.  ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിലെ അഭിനയത്തിന് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി.  മൂന്നു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. നൃത്ത രംഗത്തും സജീവമായ ദേവി, പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിൽ ഭരതനാട്യത്തിൽ ഇപ്പോൾ പി.ജി ചെയ്യുകയാണ്. തിരുവനന്തപുരത്ത് റിഗാറ്റയിൽ ഗിരിജാ ചന്ദ്രന്റെ അടുത്തും അവർ മോഹിനിയാട്ടം അഭ്യസിക്കുന്നു. 2014 ലെ നോൺ ഫീച്ചർ ഫിലിമായ "നിത്യ കല്യാണി" യില്‍ ഡബ്ബിംഗ് ചെയ്തതിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

മലയാളം കൂടാതെ രണ്ട് സംസ്കൃതം സിനിമകളിലും ദേവി ഡബ്ബ് ചെയ്തിട്ടുണ്ട്. അതിൽ ഒന്ന് വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ സംസ്കൃത ചലച്ചിത്രമായ പ്രിയമാനസം
ആണ്.

ഭർത്താവ്: കിൻഫ്ര ഉദ്യോഗസ്ഥനായ ആൽവിൻ, മകൾ : ആത്മജ

അവലംബം: കലാകൗമുദിയിൽ വന്ന വാർത്ത