ലക്ഷ്മി മേനോൻ
തെന്നിന്ത്യൻ ചലച്ചിത്ര നടി. സ്വദേശം തൃപ്പുണിത്തുറ. കൊച്ചിയിലെ ഭാരതീയ വിദ്യാഭവൻ മുൻഷി വിദ്യാശ്രമത്തിലെ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. അച്ഛൻ രാമകൃഷ്ണൻ, അമ്മ നൃത്താധ്യാപികയായ ഉഷ മേനോൻ. എട്ടാംക്ലാസിൽ പഠിയ്ക്കുമ്പോളാണ് ലക്ഷ്മിയുടെ സിനിമാപ്രവേശം. 2011 ൽ വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ ഒരു സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് അലി അക്ബർ സംവിധാനം ചെയ്ത ഐഡിയൽ കപ്പിളിൽ വിനീതിനോടൊപ്പം പ്രധാനവേഷത്തിൽ അഭിനയിച്ചു.
മലയാളസിനിമയിൽ തുടക്കം കുറച്ചതിനുശേഷം ഒരു മാഗസിനിൽ ലക്ഷ്മിയുടെ ഒരു കവർ ചിത്രം കണ്ടീട്ടാണ് തമിഴിലെ സംവിധായകനായ പ്രഭു സോളമൻ തന്റെ ചിത്രമായ കുംകി- യിൽ വിക്രം പ്രഭുവിന്റെ നായികയായി ലക്ഷ്മിയെ അഭിനയിപ്പിയ്ക്കുന്നത്. തുടർന്ന് ശശികുമാറിന്റെ നായികയായി സുന്ദര പാണ്ഡ്യൻ എന്ന സിനിമയിലും അഭിനയിച്ചു. കുംകി- ക്കു മുൻപേ റിലീസായത് സുന്ദരപാണ്ഡ്യൻ- ആയതിനാൽ ലക്ഷ്മിയുടെ തമിഴിലെ തുടക്കം സുന്ദര പാണ്ഡ്യൻ- ലൂടെയായി. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ലക്ഷ്മി മേനോൻ അഭിനയിച്ചിട്ടുണ്ട്. 2014 ലെ ജോഷി / ദിലീപ് ചിത്രമായ അവതാരം സിനിമയിൽ നായികയായി ലക്ഷ്മി മേനോൻ അഭിനയിച്ചു.
ലക്ഷ്മിമേനോൻ മികച്ച ഒരു ഭരതനാട്യം നർത്തകിയാണ്. കൂടാതെ നല്ലൊരു ഗായികയും കൂടിയാണ് ലക്ഷ്മി മേനോൻ.