സിന്ധു മേനോൻ

Sindhu Menon
Sindhu Menon-Actress
Date of Birth: 
തിങ്കൾ, 17 June, 1985

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1985 ജൂൺ 17 ന് ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനിച്ചു. കുട്ടിക്കാലം മുതൽക്കുതന്നെ ഭരതനാട്യം അഭ്യസിച്ചിരുന്നു സിന്ധുമേനോൻ. സിന്ധു മേനോൻ പങ്കെടുത്ത് വിജയിയായ ഒരു നൃത്ത മത്സരം കാണാനിടയായ കന്നട ഫിലിം ഡയറക്ടർ കെ വി ജയറാം രശ്മി എന്ന സിനിമയിൽ സിന്ധുവിനെ  അഭിനയിയ്ക്കാൻ തിരഞ്ഞെടുത്തു. ബാല നടിയായിട്ടായിരുന്നു അഭിനയിച്ചത്.1994 ലായിരുന്നു രശ്മി റിലീസ് ചെയ്തത്.

തുടർന്ന് ചില ചിത്രങ്ങളിൽ കൂടി അഭിനയിച്ച സിന്ധുമേനോൻ 1999- ൽ  പ്രേമ പ്രേമ പ്രേമ എന്ന കന്നഡ ചിത്രത്തിൽ നായികയായി. ഭദ്രാചലം എന്ന ചിത്രത്തിലൂടെ തെലുങ്കിലും, സമുതിരം എന്ന ചിത്രത്തിലൂടെ തമിഴിലും സിന്ധു നായികയായി. 2001 ൽ ഉത്തമൻ എന്ന സിനിമയിലൂടെ സിന്ധു മേനോൻ മലയാളത്തിൽ തുടക്കം കുറിച്ചു. തുടർന്ന് ആകാശത്തിലെ പറവകൾ, മിസ്റ്റർ ബ്രഹ്മചാരി, വേഷം, വാസ്തവം, ഡിറ്റക്ടീവ്, ട്വന്റി ട്വന്റി... എന്നിവയുൾപ്പെടെ നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളം, കന്നഡ,തെലുങ്കു,തമിഴ് ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ സിന്ധു മേനോൻ അഭിനയിച്ചിട്ടുണ്ട്.സിനിമകൾ കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും സിന്ധു മേനോൻ അഭിനയിച്ചിട്ടുണ്ട്.

ആന്ധ്ര സ്വദേശിയായ ഡൊമിനിക് പ്രഭുവിനെയാണ് സിന്ധു മേനോൻ വിവാഹം ചെയ്തിരിയ്ക്കുന്നത്. 2010 ലായിരുന്നു വിവാഹം. ഇംഗ്ലണ്ടിൽ ഇൻഫർമേഷൻ ടെക്നോളജി പ്രൊഫഷണലായ ഭർത്താവിനൊപ്പമാണ് സിന്ധു മേനോൻ ഇപ്പോൾ താമസിയ്ക്കുന്നത്. അവർക്ക് രണ്ടുകുട്ടികളാണുള്ളത്.