മീന

Meena

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1976 സെപ്റ്റംബർ 16 ആം തിയതി ചെന്നൈയിൽ ദ്വരൈരാജിന്റെയും രാജമല്ലികയുടെയും മകളായി ജനിച്ചു. കണ്ണുരിലെ ചിറയ്ക്കൽ രാജകുടുംബത്തിലെ അംഗമായിരുന്നു അമ്മ. ചെന്നൈ വിദ്യോദയ സ്ക്കൂളിലായിരുന്നു മീനയുടെ വിദ്യാഭ്യാസം. 1982 ൽ ശിവാജി ഗണേശൻ നായകനായ നെഞ്ചങ്ങൾ എന്ന സിനിമയിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ അഭിനയജീവിതത്തിന്റെ തുടക്കം. തുടർന്ന് ശിവാജി ഗണേശൻ, രജനീകാന്ത് തുടങ്ങിയവരുടെയെല്ലാം സിനിമകളിൽ ബാല നടിയായി അഭിനയിച്ചു. അൻപുള്ള രജനീകാന്ത് എന്ന സിനിമയിൽ ബാലനടിയായുള്ള അഭിനയം നിരുപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടി. അതോടെ മീന തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറി. 45-ഓളം ചിത്രങ്ങളിൽ മീന ബാല നടിയായി അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെ തിരക്കുകാരണം എട്ടാം ക്ലാസിൽ വെച്ച് വിദ്യാഭ്യാസം നിർത്തേണ്ടിവന്ന മീന പിന്നീട് സ്വകാര്യ കോച്ചിംഗിലൂടെ പത്താംക്ലാസ് പാസ്സായി. 2006 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായത്തിലൂടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഭരതനാട്യം നർത്തകിയായ മീന മലയാളം,തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ളയാളാണ്. 1989 ൽ ഒരു പുതിയ കഥൈ എന്ന സിനിമയിലാണ് ആദ്യമായി നായികയാകുന്നത്. സീതാ രാമയ്യ ഗാരി മനവരലു എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള ആന്ധ്രാ ഗവണ്മെന്റിന്റെ നന്ദി അവാർഡ്  ലഭിച്ചു. താമസിയാതെ തമിഴ്, തെലുങ്കു സിനിമകളിലെ മുൻ നിരനായികയായി മീന വളർന്നു.1995 ൽ Putnanja എന്ന സിനിമയിലൂടെ കന്നഡ സിനിമയിലും നായികയായി.

മീന മലയാളത്തിലെത്തുന്നുത് 1984 ൽ ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന സിനിമയിൽ ബാല നടിയായാണ്. തുടർന്ന് ആ വർഷം തന്നെ മനസ്സറിയാതെ എന്ന സിനിമയിലും ബാല നടിയായി അഭിനയിച്ചു. പിന്നീട് 1991 ൽ സാന്ത്വനം എന്ന സിനിമയിൽ നായികയായിക്കൊണ്ട് മലയാളത്തിലേയ്ക്ക് തിരിച്ചുവന്നു. 1997 ൽ മോഹൻലാലിന്റെ നായികയായി വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലും, ജയറാമിന്റെ നായികയായി കുസൃതിക്കുറുപ്പ് എന്ന സിനിമയിലും അഭിനയിച്ചു. ഫ്രൻഡ്സ്, കഥ പറയുമ്പോൾ, ഉദയനാണ് താരം, ദൃശ്യം, എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള സിനിമകളിൽ മീന അഭിനയിച്ചു.

സിനിമകൾ കുടാതെ തമിഴ്, തെലുങ്ക് സീരിയലുകളിലും മീന അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിലെ വിധികർത്താവായും പങ്കെടുക്കാറുണ്ട്. 

   നല്ലൊരു ഗായിക കൂടിയായ മീന മനോജ് ഭാരതിയുടെ കൂടെ ചില ആൽബങ്ങളിൽ പാടിയിട്ടുണ്ട്. കാതൽ സഡുഗുഡു  എന്ന തമിഴ് സിനിമയിലെ ഒരു ഗാനവും പാടുകയുണ്ടായി. തമിഴ് നടനായ വിക്രമിന്റെ കൂടെ 16 വയതിനിലെ, കാതലിസം എന്നീ പോപ്പ് ആൽബങ്ങളും മീന പുറത്തിറക്കുകയുണ്ടായി. സെ എന്ന സിനിമയിൽ ഡി ഇമാന്റെ സംഗീതത്തിൽ ഒരു ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗായികയുമായി. പൊക്കിഷം എന്ന തമിഴ് സിനിമയിൽ പത്മപ്രിയക്ക് ശബ്ദം പകർന്നുകൊണ്ട് മീന ഡബ്ബിംഗിലും തന്റെ കഴിവുതെളിയിച്ചു.

മീന വിവാഹിയാകുന്നത് 2009 ലാണ്. ബാംഗ്ലൂർ ബെയ്സ്ഡ് സോഫ്റ്റ്വെയർ എഞ്ചിനീയറായ വിദ്യാസാഗറാണ് മീനയുടെ ഭർത്താവ്. ഒരു കുട്ടിയാണ് അവർക്കുള്ളത്. പേര് നൈനിക വിദ്യാസാഗർ. തെരി എന്ന തമിഴ് ചിത്രത്തിൽ വിജയ് യോടൊപ്പം തന്റെ അഞ്ചാം വയസ്സിൽ നൈനിക അഭിനയിച്ചിട്ടുണ്ട്.