സിതാര കൃഷ്ണകുമാർ

Sithara Krishnakumar
Sithara Singer-Dancer
Date of Birth: 
ചൊവ്വ, 1 July, 1986
സംഗീതം നല്കിയ ഗാനങ്ങൾ: 5
ആലപിച്ച ഗാനങ്ങൾ: 183

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ്-2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവൻ ടിവിയുടെ, ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ-2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.

തുടർന്ന്, വിനയൻ സംവിധാനം ചെയ്ത അതിശയൻ-ഇൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ, 'പമ്മി പമ്മി വന്നേ' എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി. വി കെ പ്രകാശിന്റെ "ഐന്ത് ഒന്ത്ലാ ഐന്ത്" എന്ന സിനിമയിലൂടെ,ഔസേപ്പച്ചന്റെ സംഗീതത്തിൽ കന്നഡ സിനിമയിലും, "മുപ്പൊഴുതും ഉൻ കർപ്പനൈകൾ" എന്ന സിനിമയിലൂടെ, ജി വി പ്രകാശിന്റെ സംഗീതത്തിൽ തമിഴ് സിനിമയിലുമെത്തി.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ നാൽപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട് . ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര.

ഇളയരാജ,ഔസേപ്പച്ചൻ,കെ രാഘവൻ,രാജാമണി,എം ജയചന്ദ്രൻ,ജി വി പ്രകാശ് കുമാർ,ശരത്,അൽഫോൺസ്,മെജോ ജോസഫ്,ഗോപീസുന്ദർ തുടങ്ങിയ സംഗീതസംവിധായകർക്കുവേണ്ടിയെല്ലാം പാടിയിട്ടുണ്ട് ഈ യുവഗായിക.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറായ ഡോക്ടർ കെ എം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായ സിതാര കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂൾ,ഫാറൂഖ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സി കെ രാമചന്ദ്രൻ,ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ കീഴിലായിരുന്നു സംഗീത പഠനം. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനായ ഡോക്ടർ എം സജീഷാണ് ഭർത്താവ്.

വിദ്യാഭ്യാസ കാലത്ത് സ്കൂൾ-കോളേജ് യുവജനോൽസവങ്ങളിൽ നൃത്ത-ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുള്ള സിതാര, 2006,2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയിരുന്നു. കലാമണ്ഡലം വിനോദിനിയുടെ കീഴിൽ നൃത്തപഠനം ചെയ്യുന്ന സിതാര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലിൽ നൃത്തപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലെയും സിതാരയുടെ കഴിവുകൾ ഏറെ പ്രശംസിയ്ക്കപ്പെട്ടിട്ടുണ്ട്.

പുരസ്കാരങ്ങൾ:

  • മികച്ച പിന്നണിഗായിക-ബാബുരാജ് മെമോറിയൽ മ്യൂസിക് കോമ്പറ്റീഷൻ-2001
  • ഓൾ കേരള ടെലിവിഷൻ വ്യൂവേഴ്സ് 'ദൃശ്യ അവാർഡ്'-2008
  • വയലാർ സ്മാരക അവാർഡ്-സ്പെഷ്യൽ ജൂറി അവാർഡ് (പാട്ട്:കണ്ണാരം പൊത്തിപ്പൊത്തി-എൽസമ്മ എന്ന ആൺകുട്ടി)
  • മുഹമ്മദ് റാഫി സ്മാരക അവാർഡ് 2011-മികച്ച പിന്നണി ഗായിക(പാട്ട്:പകലിൻ പവനിൽ-ട്രാഫിക്)