പുഷ്പവതി

Pushpavathy
Pushpavathy-Singer
Date of Birth: 
Thursday, 30 May, 1974
പുഷ്പവതി പൊയ്പാടത്ത്
Pushpavathi Poypadathu
ആലപിച്ച ഗാനങ്ങൾ: 18

തൃശൂരിലെ വേലൂർ ആണ് ജന്മസ്ഥലമെങ്കിലും തിരുവനന്തപുരത്ത് താമസമാക്കിയ പുഷ്പവതി തന്റെ പന്ത്രണ്ട് വയസു മുതലാണ് പാട്ട് പഠിക്കാന്‍ തുടങ്ങിയത്. ആദ്യ ഗുരു ദ്രൗപതി നങ്ങ്യാരാണ്. പാലക്കാട് ചെമ്പൈ ഗവണ്മെന്റ് മ്യൂസിക്‌ കോളേജില്‍ നിന്നും ഗാന പ്രവീണ എടുത്തതിനു ശേഷം മങ്ങാട് നടേശന്റെ കീഴിൽ കര്‍ണാടക സംഗീതത്തില്‍  പ്രത്യേക പരിശീലനം നേടി. 

കോഴിക്കോട് സ്വാതിതിരുനാള്‍‍ സംഗീത സഭയില്‍ 1996ൽ ആദ്യമായി രണ്ടുമണിക്കൂര്‍ കച്ചേരി ചെയ്തിരുന്നു. 24 വർഷം തുടര്‍ച്ചയായി ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടി.ഓള്‍ ഇന്ത്യ റേഡിയോ തൃശൂര്‍ നിലയത്തില്‍ നിന്നും 1998 ല്‍  കർണാടിക് വോക്കലിൽ "B ഗ്രേഡ് നേടി. 2000ലെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയംനല്‍കുന്ന നവാഗത പ്രതിഭകൾക്കുള്ള സ്കോളർഷിപ്പ്, 2002ല്‍ കേരളസംഗീത നാടക അക്കാഡമി ഏര്‍പ്പെടുത്തിയ പുടുക്കോട് കൃഷ്ണമൂര്‍ത്തി എന്റൊവ്മെന്റ് പ്രൈസ് എന്നിവ ലഭിച്ചിരുന്നു. 

സാള്‍ട്ട് & പെപ്പര്‍ എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ "ചെമ്പാവിൻ പുന്നെല്ലിൻ ചോറോ" എന്ന ഗാനം പുഷ്പവതിയെ ഏറെ ശ്രദ്ധേയയാക്കി മാറ്റി. 2001ൽ കരുമാടിക്കുട്ടന്‍ എന്നസിനിമയിലൂടെ “കൈകൊട്ടുപെണ്ണേ” എന്ന ഗാനത്തില്‍ പാടിയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ശേഷം എസ് ബാലകൃഷ്ണന്‍, രവീന്ദ്രന്‍, രമേശ്‌ നാരായന്‍, ബേണി ഇഗ്നേഷ്യസ്, മോഹന്‍സിതാര , ജോൺസൻ, ഔസേപ്പച്ചന്‍, ബെന്നി കണ്ണന്‍, അല്‍ഫോന്‍സ്‌, എം ജി ശ്രീകുമാർ‍, അഫ്സൽ‍, വിദ്യാധരന്‍ മാസ്റ്റർ‍, ബിജിബാല്‍ എന്നിവരുടെ സംഗീത സംവിധാനത്തിലും പാട്ടുകൾ പാടാന്‍ അവസരം ലഭിച്ചു.

കൂടാതെ ചിത്ര,സുജാത,എന്നീ പ്രശസ്തരായ പിന്നണി ഗായികമാർക്കു വേണ്ടി നിരവധി ട്രാക്കുകളും പാടിയിട്ടുണ്ട് . കല്യാണരാമന്‍, ഇഷ്ടം, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, കാട്ടുചെമ്പകം തുടങ്ങിയ സിനിമകളുടെ  റീ റെക്കോർഡിംഗ് ജോലികളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.

2004ല്‍ കബീര്‍ മ്യൂസിക്‌ ഓഫ് ഹാര്‍മണി എന്ന ആല്‍ബം സംഗീത സംവിധാനം ചെയ്ത് പാടി. കബീറിന്റെ ദോഹകള്‍ ആദ്യമായി മലയാളത്തില്‍ അവതരിപിച്ച  ഒരു വര്‍ക്ക്‌ ആയിരുന്നു അത്. ഒരുപാടു ആസ്വാദകരെയും അതിനോടൊപ്പം തന്നെ നിരൂപക ശ്രദ്ധയും നേടാൻ കഴിഞ്ഞിരുന്നു. 

ഭര്‍ത്താവ് പ്രിയരഞ്ജന്‍ലാൽ‍.ഗ്രാഫിക് ഡിസൈനര്‍ ആണ്.മോള്‍ ശ്രീ ഗൌരി. 

പുഷ്പവതി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനങ്ങൾ കേൾക്കാം.