ശരത് ദാസ്

Sarath Das
Sarath Das-Actor
ശരത്
ശരത് ഹരിദാസ്‌

അന്തരിച്ച സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റേയും സരസ്വതിയമ്മയുടേയും മകനായി ആലുവയിൽ ജനിച്ചു. തിരുവനന്തപുരത്തുള്ള പെരുന്താനി എൻ. എസ്. എസ്. കരയോഗം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ചെറുപ്പം മുതലേ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ സ്കൂൾ പഠനം തുടരാൻ സാധിച്ചില്ലെങ്കിലും പ്രൈവറ്റായി പഠനം പൂർത്തിയാക്കി കൊമേഴ്സിൽ ബിരുദം നേടി. 1994 ൽ പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഈ ചിത്രം അനേകം പുരസ്കാരങ്ങൾ നേടുകയുണ്ടായി. നടൻ മുരളിയും അർച്ചനയും പ്രധാന വേഷങ്ങൾ ചെയ്ത സമ്മോഹനം എന്ന ചിത്രമായിരുന്നു അടുത്തത്. 95 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം ‘ബെസ്റ്റ് ഓഫ് ദ ഫെസ്റ്റ്’ പുരസ്കാരം നേടുകയുണ്ടായി. ഹരിഹരന്റെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിൽ നായകതുല്യ വേഷത്തിലും അഭിനയിച്ചു. പത്രം, മധുരനൊമ്പരക്കാറ്റ്, ദേവദൂതൻ തുടങ്ങി 15 ലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

എങ്കിലും ടിവി സീരിയലുകളിലൂടെയാണ് ഇദ്ദേഹം മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതിൽ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളിൽ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

ശരത് ഒരു അഭിനേതാവ് മാത്രമല്ല മൃദംഗം, വയലിൻ, ഫ്ലൂട്ട് എന്നീ ഉപകരണങ്ങളിലും വിദഗ്ദ്ധനാണ്. വായ്പ്പാട്ടിലും നല്ല ജ്ഞാനമുള്ള വ്യക്തിയാണ് ഇദ്ദേഹം. 2006 ൽ ഏറ്റവും മികച്ച ശബ്ദലേഖകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇദ്ദേഹം അനേകം സിനിമകളിൽ നവാഗത നടന്മാർക്കുവേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. 

ബന്ധുകൂടിയായ മഞ്ജുവാണ് സഹധർമ്മിണി. വേദ, ധ്യാന എന്നിവരാണ് മക്കൾ